Middlepiece

യാത്രക്കാരേ, ജീവിതയാത്രക്കാരേ...

കുന്നത്തൂര്‍ രാധാകൃഷ്ണന്‍

മഴ തിമര്‍ത്തുപെയ്യുമ്പോള്‍ ചില വാര്‍ധക്യകാല രോഗങ്ങള്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഉളുക്ക്, പുറംവേദന, കോച്ചല്‍, മരവിക്കല്‍, വാതം, ചുടുവാതം, മറുവാദം, പ്രതിവാദം തുടങ്ങിയവയെ ഈ ഗണത്തില്‍പ്പെടുത്താവുന്നതാണ്. ശരീരം പൊടുന്നനെ ഇളമിക്കുമ്പോള്‍ പ്രത്യക്ഷപ്പെടുന്ന അവസ്ഥാവിശേഷങ്ങളായി ഈ രോഗങ്ങളെ വൈദ്യശാസ്ത്രം നിര്‍ണയിക്കുന്നു. ഉഴിച്ചിലും പിഴിച്ചിലുമൊക്കെ ഈ അവസ്ഥാവിശേഷങ്ങളെ മറികടക്കാനുള്ള മറുമരുന്നുകളാണ്.
തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ നേതാക്കള്‍ക്ക് ഇത്തരം അവസ്ഥാവിശേഷങ്ങള്‍ ഉണ്ടാവുന്നത് എന്തുകൊണ്ട് എന്ന് ഒരു കഥയില്ലാത്തവന്‍ ഈയിടെ ചോദിക്കുകയുണ്ടായല്ലോ. വോട്ട് എന്ന രണ്ടക്ഷരത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയിരുന്നുവെങ്കില്‍ ചങ്ങായ് ഇങ്ങനെ ചോദിക്കുമായിരുന്നോ?
ശാരീരികവും മാനസികവുമായ തളര്‍ച്ച മറികടന്ന് തിരഞ്ഞെടുപ്പിനെ നേരിടണമെങ്കില്‍ യോജിച്ച ഒറ്റമൂലിയാവുന്നു യാത്ര. ചില നിബന്ധനകള്‍ യാത്രയ്ക്ക് ആവശ്യമാണ്. യാത്രയ്ക്ക് എന്തുപേരുമാവാം. രക്ഷായാത്ര, ധര്‍മയാത്ര, ധര്‍മശാസ്താ യാത്ര, ധാര്‍മികയാത്ര, വിപ്ലവയാത്ര, മാറ്റയാത്ര, പരിവര്‍ത്തനയാത്ര, നവോത്ഥാനയാത്ര എന്നൊക്കെയാവുമ്പോള്‍ ഒരു ഉശിരും പുളിയുമൊക്കെ ഉണ്ടാവും. യാത്ര കാസര്‍കോട്ട് നിന്ന് ആരംഭിക്കണം എന്നത് അലിഖിത നിയമമാണ്. തിരുവനന്തപുരത്ത് അവസാനിക്കുകയും വേണം. യാത്ര വിജയിപ്പിക്കുക എന്നത് ജനങ്ങളുടെ കര്‍ത്തവ്യമാണെങ്കിലും സര്‍ക്കാരിന്റെ മദ്യവില്‍പനശാലകള്‍ക്കു മുമ്പിലെ ക്യൂ അനന്തമായി നീളുന്ന സാഹചര്യത്തില്‍ പ്രസ്തുത ദൗത്യം ചില ഘടാഘടിയന്മാര്‍ ഏറ്റെടുക്കും. ഇവന്റ് മാനേജ്‌മെന്റ് എന്നാണ് ഈ അത്യപൂര്‍വ വിഭാഗത്തിന്റെ പേര്. എല്ലാ നിയോജകമണ്ഡലങ്ങളിലും യാത്രയ്ക്ക് നല്‍കുന്ന സ്വീകരണത്തില്‍ ആളെ കൂട്ടുക എന്നത് ഇവന്റ് മാനേജ്‌മെന്റിന്റെ കടമയാണ്. തിരുവനന്തപുരത്തെ മഹാസമാപന റാലി പ്രതീക്ഷിച്ചതിലും വിജയിക്കുന്നുവെങ്കില്‍ ഇവന്റ് മാനേജ്‌മെന്റ് പരിഷകള്‍ക്ക് നേതാവ് നേരിട്ട് പട്ടും വളയും സമ്മാനിക്കും.
യാത്രയ്ക്കിടയില്‍ അപ്രതീക്ഷിതമെന്ന് തോന്നിക്കാവുന്ന ചില നാടകങ്ങള്‍ ഒപ്പിക്കുക എന്ന ക്ലേശംപിടിച്ച ജോലിയുണ്ട്. കുഷ്ഠരോഗികളെ കെട്ടിപ്പിടിക്കുക, അനാഥാലയത്തില്‍ ചോറൂണ് വിളമ്പുക, തെണ്ടിപിള്ളേരുടെ മൂക്കൊലിപ്പ് തുടയ്ക്കുക തുടങ്ങിയ മഹത്തരമായ കാര്യങ്ങള്‍ നിര്‍വഹിക്കാം. ശീതീകരിച്ച യാത്രാവാഹനത്തില്‍ ഡെറ്റോള്‍ സൗകര്യമൊരുക്കിയതിനാല്‍ അതൊന്നും വലിയ പ്രശ്‌നമാവില്ല. എല്ലാവര്‍ക്കും നല്ല വാഗ്ദാനങ്ങള്‍ നല്‍കുക എന്നതാണ് യാത്രയുടെ മറ്റൊരു അലിഖിത നിയമം.
അധികാരത്തില്‍ വന്നാല്‍ കുഷ്ഠരോഗം കേരളത്തില്‍നിന്ന് തുടച്ചുനീക്കുമെന്ന് ഉദ്‌ഘോഷിക്കാം. എന്തിന് കുഷ്ഠരോഗവകുപ്പ് തന്നെ സൃഷ്ടിക്കാം എന്നു വാക്കുകൊടുക്കാം. പിള്ളേരുടെ മൂക്കൊലിപ്പ് ഞങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ഇല്ലാതാക്കാം എന്നും വാഗ്ദാനം ചെയ്യാം. ജനം ഞമ്മക്ക് തന്നെ വോട്ട് ചെയ്‌തോളും. ജയിച്ചുകഴിഞ്ഞാല്‍ ജനത്തെ മറികടന്ന് 100 കിലോമീറ്റര്‍ വേഗത്തില്‍ ശീതീകരിച്ച വാഹനത്തില്‍ കുതിച്ചുപായാം.
ഇപ്പോള്‍ ശെയ്ത്താന്റെ നാട്ടില്‍ യാത്രക്കാലമാണ്. ഈ മഹാദൗത്യത്തിനു തുടക്കംകുറിച്ചത് മാന്യശ്രീ വെള്ളാപ്പള്ളി നടേശന്‍ മുതലാളിയാണ്. സമത്വമുന്നേറ്റയാത്രയായിരുന്നു ആ മഹാന്‍ നടത്തിയത്. നായാടി മുതല്‍ നമ്പൂതിരി വരെയുള്ള ഹിന്ദുക്കള്‍ ഇപ്പോള്‍ സമത്വത്തിലായത് വെള്ളാപ്പള്ളിയുടെ യാത്ര ഒന്നുകൊണ്ടുമാത്രമാണ്.
വി എം സുധീരന്റെ ജനരക്ഷായാത്രയും ഗംഭീരമായിരുന്നു. ജനം മുന്നേറി, മുന്നേറി വശംകെട്ടുവെന്നാണ് പറയപ്പെടുന്നത്. ഏതായാലും കോണ്‍ഗ്രസ്സിലെ ഗ്രൂപ്പിസം ആ യാത്രകൊണ്ട് ഇല്ലാതായി. ഇനി എ, ഐ, കു, മു തുടങ്ങിയ ഗ്രൂപ്പൊന്നും പാര്‍ട്ടിയിലുണ്ടാവില്ല. ബാര്‍, സോളാര്‍ തുടങ്ങിയ ശകുനംമുടക്കിയ പദങ്ങള്‍ ഇക്കാലത്ത് ഉഗ്രമായി മുഴങ്ങിയതൊന്നും സുധീരന്‍ കാര്യമാക്കുന്നില്ല. സുധീരനാരാമോന്‍!
പിണറായി വിജയന്റെ നവകേരള മാര്‍ച്ച് തുടങ്ങിക്കഴിഞ്ഞല്ലോ! നവവിപ്ലവയാത്ര എന്നായിരുന്നു വേണ്ടിയിരുന്നതെന്ന് നവ ഇടതുപക്ഷക്കാരായ ഫ്രാങ്ക്ഫര്‍ട്ട് സ്‌കൂളുകാര്‍ പറയുന്നുണ്ട്. മാര്‍ച്ച് തിരുവനന്തപുരത്തെത്തുമ്പോള്‍ കേരളപ്പിറവിക്കുശേഷം സംസ്ഥാനം സാക്ഷ്യംവഹിച്ച മഹാസംഭവമായി അതു ചരിത്രത്തില്‍ രേഖപ്പെടുത്തും എന്ന കാര്യത്തില്‍ സംശയമില്ല. ജുബ്ബക്കാരന്‍ പാരവയ്ക്കാവുന്ന അവസ്ഥയില്‍ അല്ലാത്തതിനാല്‍ മാര്‍ച്ചിനെക്കുറിച്ച് ആശങ്കയൊന്നും വേണ്ട. ഒരുപക്ഷേ, ജനകീയ ജനാധിപത്യ വിപ്ലവം തന്നെ സംഭവിക്കും. എന്നാല്‍, ലാവ്‌ലിന്‍ തുടങ്ങിയ അപശബ്ദങ്ങളും വീണ്ടും കേള്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു. അതിനെയൊക്കെ രാഷ്ട്രീയമായി നേരിടാന്‍ കേരള കമ്മ്യൂണിസത്തിന് കരുത്തുണ്ട്.
കുമ്മനം രാജശേഖരന്റെ കേരളവിമോ€ചനയാത്ര തുടങ്ങിക്കഴിഞ്ഞല്ലോ. അതു തീരുന്നതേടെ ഹൈന്ദവവിപ്ലവം പാരമ്യത്തിലെത്തും. പിന്നെ രാമരാജ്യത്തിന് അധികദൂരം പോവേണ്ടിവരില്ലല്ലോ! $
Next Story

RELATED STORIES

Share it