thrissur local

യാത്രക്കാരെ വഴി തെറ്റിക്കുന്ന സൈന്‍ ബോര്‍ഡുകളുമായി പൊതുമരാമത്ത് വകുപ്പ്

മാള: വാഹന യാത്രികരേയും മറ്റും വഴിതെറ്റിക്കുന്ന സൈന്‍ ബോര്‍ഡുകളുമായി പൊതുമരാമത്ത് വകുപ്പ്. കൊടുങ്ങല്ലൂര്‍ പൊയ്യ പൂപ്പത്തി എരവത്തൂര്‍ അത്താണി നെടുമ്പാശേരി എയര്‍പോര്‍ട്ട് റോഡില്‍ കൊച്ചുകടവ് ജങ്ഷനോട് ചേര്‍ന്നുള്ള രണ്ട് സൈന്‍ ബോര്‍ഡുകളാണ് അപകടത്തില്‍ ചാടിക്കുന്ന തരത്തില്‍ വരെ വഴിതെറ്റിക്കുന്നത്. എയര്‍പോര്‍ട്ട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളെ നേരെ ചാലക്കുടിപ്പുഴയിലേക്കെത്തിക്കുന്ന തരത്തിലാണ് ആരോമാര്‍ക്കിട്ടിരുന്നത്. കൊച്ചുകടവ് ജങ്ഷന് മുന്‍പുള്ള ബോര്‍ഡില്‍ ആലുവക്കും അങ്കമാലിക്കുമുള്ള ആരോമാര്‍ക്ക് പുഴയിലേക്കുള്ള റോഡിലേക്കാണ്. ഇതുമൂലം റൂട്ടിനെകുറിച്ച് അറിയാത്തവരും സ്ഥിരം യാത്രക്കാരല്ലാത്തവരും നേരെ പുഴയിലേക്കാണ് പോയിരുന്നത്. രാത്രി കാലങ്ങളിലാണിത് കൂടുതലായുള്ളത്. പുഴയിലേക്കുള്ള കല്‍കെട്ടും വാഹനങ്ങള്‍ തടഞ്ഞുള്ള സംവിധാനവും കണ്ട് വാഹനം നിര്‍ത്തി സമീപത്തെ വീടുകളില്‍ ഉറങ്ങുന്നവരെ കോളിംഗ് ബെല്ലടിച്ചുണര്‍ത്തി പാതിരാത്രിയില്‍ പോലും സംശയദുരീകരണം നടത്തിയാണ് തിരികേ കൊച്ചുകടവ് ജങ്്ഷനില്‍ എത്തി ശരിയായ വഴിയിലൂടെ പോകുന്നത്. ഇക്കാരണം കൊണ്ട് തന്റെ ഉറക്കം പലയാവര്‍ത്തി നഷ്ടപ്പെട്ടതായാണ് കൊച്ചുകടവുകാരന്‍ ഷാജി പറയുന്നത്. കുണ്ടൂര്‍ക്കും പറവൂര്‍ക്കുമുള്ള ആരോമാര്‍ക്ക് ശരിയായ രീതിയിലാണ്. മാളയിലേക്കും കൊടുങ്ങല്ലൂര്‍ക്കും മറ്റും പോകുന്നവര്‍ക്കായുള്ള ആരോമാര്‍ക്കുള്ളത് കുണ്ടൂര്‍ ഭാഗത്തേക്കാണ്. കുണ്ടൂര്‍ക്കും പറവൂര്‍ക്കുമുള്ള ആരോമാര്‍ക്കും പുഴയിലേക്കാണ്. മാള, കൊടുങ്ങല്ലൂര്‍ തുടങ്ങിയ ഭാഗങ്ങളിലേക്കുള്ളതും വഴി അറിയാത്തതുമായ യാത്രക്കാര്‍ കുണ്ടൂര്‍ ഭാഗത്തേക്കും പുഴയിലേക്കുമാണ് പോകുന്നത്. വഴിതെറ്റി കുണ്ടൂര്‍ ഭാഗത്തേക്ക് പോകുന്ന യാത്രക്കാര്‍ അനേക കിലോമീറ്റര്‍ സഞ്ചരിച്ച് ഏറെ വൈകിയാണ് ലക്ഷ്യസ്ഥാനങ്ങളിലെത്തുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് നാല് ഭാഗങ്ങളിലേക്കുള്ള റോഡുകള്‍ സംഗമിക്കുന്ന കൊച്ചുകടവ് ജങ്ഷനില്‍ സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചത്. ഇതിന് ശേഷം നൂറുകണക്കിന് വാഹനയാത്രികരാണ് വഴിതെറ്റി ദുരിതത്തിലായത്. തീരദേശത്ത് നിന്നും എയര്‍പോര്‍ട്ടിലേക്കും തിരികേയുമുള്ള എളുപ്പവും ബിഎം ബിസി ടാറിംഗോടെയുമുള്ള റോഡായതിനാല്‍ നൂറുകണക്കിന് വഹനങ്ങളാണ് നിത്യേന ഇതിലൂടെ കടന്നുപോകുന്നത്. അവയില്‍ പല വാഹനങ്ങള്‍ക്കും വഴി തെറ്റുകയും ദുരിതത്തിലാകുകയുമാണ്. ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കിയ നാട്ടുകാര്‍ പച്ച കളറിലുള്ള ഇന്‍സുലേഷന്‍ ടേപ്പ് വാങ്ങി ആരോമാര്‍ക്കുകള്‍ മറച്ചിരിക്കയാണ്. ആരോമാര്‍ക്കുകള്‍ മറച്ചതോടെ വടക്ക് നിന്ന് വരുന്നവര്‍ക്ക് ആലുവയും അങ്കമാലിയും കൊച്ചുകടവിലാണ്. തെക്ക് നിന്നും വരുന്നവര്‍ക്ക് മാളയും കൊടുങ്ങല്ലൂരും കുണ്ടൂരും പറവൂരും കൊച്ചുകടവ് ജംഗ്ഷനിലാണ്. തെറ്റായ വിവരങ്ങളോടെയുള്ള ബോര്‍ഡുകള്‍ ശരിയായ വിവരങ്ങളോടെ മാറ്റി സ്ഥാപിക്കണമെന്നാണ് ശക്തമായി ഉയരുന്ന ആവശ്യം.
Next Story

RELATED STORIES

Share it