യാത്രക്കാരെ പെരുവഴിയിലാക്കി ട്രെയിനുകളുടെ വൈകിയോട്ടം

സുധീര്‍  കെ  ചന്ദനത്തോപ്പ്

കൊല്ലം: ട്രാക്ക് നവീകരണത്തിന്റെ പേരില്‍ യാത്രക്കാരെ പെരുവഴിയിലാക്കി ട്രെയിനുകളുടെ വൈകിയോട്ടം തുടരുന്നു. കേരളത്തിലേക്കുള്ള ദീര്‍ഘദൂര ട്രെയിനുകള്‍ പലതും ഇന്നലെ അഞ്ച് മണിക്കൂര്‍ വരെ വൈകിയാണ് ലക്ഷ്യസ്ഥാനങ്ങളിലെത്തിയത്.
ഉച്ചയ്ക്ക് 1.15ന് കൊല്ലത്ത് എത്തേണ്ടിയിരുന്ന ഡല്‍ഹി-തിരുവനന്തപുരം കേരള എക്‌സ്പ്രസ് 5 മണിക്കൂറോളം വൈകിയും ഗോരഖ്പൂര്‍-തിരുവനന്തപുരം രപ്തിസാഗര്‍ എക്‌സ്പ്രസ് 4 മണിക്കൂറോളം വൈകിയുമാണ് കൊല്ലം റെയില്‍വേ സ്റ്റേഷനിലെത്തിയത്. തിരുവനന്തപുരത്തേക്കുള്ള നേത്രാവതി എക്‌സ്പ്രസ് അഞ്ച് മണിക്കൂറോളമാണ് വൈകിയത്. ജാംനഗര്‍-തിരുനെല്‍വേലി എക്‌സ്പ്രസ് ഇന്നലെ കൊല്ലത്തു എത്തിയപ്പോള്‍ മൂന്നര മണിക്കൂറിലധികം വൈകിയിരുന്നു. ലോകമാന്യ തിലക്-കൊച്ചുവേളി എക്‌സ്പ്രസ് മൂന്ന് മണിക്കൂറും വൈകി. സ്ഥിരമായി വൈകി ഓടാറുള്ള പരശുറാം എക്‌സ്പ്രസും ഏറനാടും ഇന്നലെയും ഒരു മണിക്കൂറോളം വൈകി.
ബംഗളൂരുവിലേക്കുള്ള ഐലന്റ് എക്‌സ്പ്രസ് 45 മിനിറ്റും തിരുവനന്തപുരത്തുനിന്ന് വൈകീട്ടുള്ള ജനശതാബ്ദിയും ചെന്നൈ മെയിലും 2 മണിക്കൂറും നാഗര്‍ കോവില്‍ -കോട്ടയം പാസഞ്ചര്‍ ഒന്നര മണിക്കൂറും വൈകിയാണ് കൊല്ലത്തെത്തിയത്. കൊല്ലം- കായംകുളം റീച്ചില്‍ നടന്നുവരുന്ന ട്രാക്ക് നവീകരണ ജോലികള്‍ ഷെഡ്യൂള്‍ പ്രകാരം നടക്കാതിരുന്നതാണ് ഇന്നലെ കൊല്ലത്തിനും എറണാകുളത്തിനും ഇടയില്‍ പല ട്രെയിനുകളും വൈകാന്‍ കാരണം. റെയിലുകളുമായെത്തിയ ട്രെയിന്‍ ട്രാക്കില്‍നിന്നു സമയത്തു മാറ്റാന്‍ സാധിക്കാതെ വന്നതോടെ ജനശതാബ്ദി മയ്യനാട്ടും ചെന്നൈ മെയില്‍, കോട്ടയം പാസഞ്ചര്‍ ട്രെയിനുകള്‍ പരവൂരിലും ഹൈദരാബാദില്‍ നിന്നു തിരുവനന്തപുരത്തേക്കുള്ള ശബരി എക്‌സ്പ്രസ് പെരിനാട്ടും പിടിച്ചിട്ടു.
ട്രെയിനുകളുടെ വൈകിയോട്ടംമൂലം ക്രിസ്മസ് അവധി കഴിഞ്ഞ് നാട്ടിലേക്ക് തിരിച്ച പലരും ഇന്നലെ പെരുവഴിയിലായി. ട്രെയിന്‍ ഗതാഗതത്തെ ആശ്രയിച്ചു ജോലിക്കെത്തുന്നവരും വിദ്യാര്‍ഥികളും അടക്കമുള്ളവര്‍ക്ക് ട്രെയിനുകളുടെ വൈകി ഓട്ടം തുടര്‍ക്കഥയായതോടെ ദുരിതമേറിയിരിക്കുകയാണ്. കേരളത്തിലെ ട്രെയിനുകളുടെ വൈകിയോട്ടം കഴിഞ്ഞ ദിവസങ്ങളില്‍ പാര്‍ലമെന്റില്‍ വരെ ചര്‍ച്ചയായിരുന്നു.
ട്രെയിനുകള്‍ വൈകി ഓടുന്നതിനെ സംബന്ധിച്ച് പരിശോധിച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൊടിക്കുന്നില്‍ സുരേഷ് എംപി കഴിഞ്ഞ ദിവസം റെയില്‍വേ മന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു.
ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ വൈകി ഓടുന്ന ട്രെയിനുകളുടെ സമയം എത്രയും വേഗം പുനസ്ഥാപിക്കാന്‍ മന്ത്രി ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ക്ക് നിര്‍ദേശം നല്‍കി. ട്രെയിനുകള്‍ വൈകി ഓടുന്നതിന് പരിഹാരം കാണാന്‍ ദക്ഷിണ റെയില്‍വേയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുമെന്ന് സതേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ മന്ത്രിയെ അറിയിച്ചു.
Next Story

RELATED STORIES

Share it