wayanad local

യാത്രക്കാരുടെ സ്വപ്‌നം പൂവണിഞ്ഞു; സ്വീകരണവുമായി ആയിരങ്ങള്‍

മാനന്തവാടി: ഏറെ യാത്രാക്ലേശം അനുഭവിച്ചിരുന്ന തിരുനെല്ലി പഞ്ചായത്തിലെ പനവല്ലി-സര്‍വാണി-പോത്തുമൂല നിവാസികളുടെ ദുരിതത്തിന് ശാശ്വത പരിഹാരമായി കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ആരംഭിച്ചു. മാനന്തവാടിയില്‍ നിന്നു കാട്ടിക്കുളം, പനവല്ലി, സര്‍വാണി, പോത്തുമൂല വഴി തിരുനെല്ലിയിലേക്കാണ് പുതിയ സര്‍വീസ്.
തിരുനെല്ലിയിലേക്കുള്ള ബദല്‍പാത കുടിയായ ഇതുവഴി ഇതുവരെ ബസ് സര്‍വീസുകള്‍ ഉണ്ടായിരുന്നില്ല. ഒരുവര്‍ഷം മുമ്പാണ് റോഡ് ടാറിങ് നടത്തി ഗതാഗതയോഗ്യമാക്കിയത്. എന്നാല്‍, ബസ് സര്‍വീസിനായുള്ള നാട്ടുകാരുടെ കാത്തിരിപ്പ് നീളുകയായിരുന്നു. ടാക്‌സി ജിപ്പുകളെയും ഓട്ടോറിക്ഷകളെയുമാണ് ഇതുവരെ ആശ്രയിച്ചിരുന്നത്. ഇത് 65 ശതമാനത്തോളം ആദിവാസി വിഭാഗങ്ങളിലുള്ളവര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് ഏറെ ദുരിതംവിതച്ചു. കനത്ത സാമ്പത്തിക ബാധ്യത നാട്ടുകാര്‍ക്ക് പ്രയാസമായി.
പ്രദേശവാസികള്‍ക്ക് മൂന്നര കിലോമീറ്ററോളം വനാതിര്‍ത്തിയിലൂടെ നടന്നുവേണം തിരുനെല്ലിയിലെത്താന്‍. തിരുനെല്ലി ആശ്രമം ഹൈസ്‌കൂള്‍, തിരുനെല്ലി, പനവല്ലി എല്‍പി സ്‌കൂളുകള്‍ എന്നിവിടങ്ങളിലേക്കുള്ള വിദ്യാര്‍ഥികള്‍, നൂറുകണക്കിന് കുടുംബങ്ങള്‍ എന്നിവര്‍ക്കെല്ലാം ആശ്രയമായ റോഡാണിത്.
എന്നാല്‍, പലവിധ സാങ്കേതിക കാരണങ്ങളാല്‍ ബസ് സര്‍വീസ് അനുവദിക്കുന്നത് അനിശ്ചിതമായി നീണ്ടു. ഒ ആര്‍ കേളു എംഎല്‍എയുടെ നിരന്തര ഇടപെടലുകളെ തുടര്‍ന്നാണ് ഇപ്പോള്‍ പുതിയ സര്‍വീസ് ആരംഭിച്ചത്.
മാനന്തവാടിയില്‍ നിന്നു തിരുനെല്ലിയിലേക്കും തിരിച്ചും ആറു ട്രിപ്പുകളാണ് ക്രമീകരിച്ചിരിക്കുന്നത്. സര്‍വീസിന്റെ ഫഌഗ് ഓഫ് കര്‍മം മാനന്തവാടി ഡിപ്പോയില്‍ ഒ ആര്‍ കേളു എംഎല്‍എ നിര്‍വഹിച്ചു. ബോര്‍ഡ് അംഗം ശിവരാമന്‍ അധ്യക്ഷത വഹിച്ചു. മാനന്തവാടി നഗരസഭാ ചെയര്‍മാന്‍ വി ആര്‍ പ്രവീജ് ടിക്കറ്റ് റാക്ക് കൈമാറി.
തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് മായാദേവി, തവിഞ്ഞാല്‍ പഞ്ചായത്ത് പ്രസിഡന്റ് അനീഷ സുരേന്ദ്രന്‍, നഗരസഭാ കൗണ്‍സിലര്‍ ശോഭ രാജന്‍, തിരുനെല്ലി പഞ്ചായത്തംഗങ്ങളായ ശ്രീജ ഉണ്ണി, ഹരീന്ദ്രന്‍, എടിഒ കെ യൂസുഫ് സംബന്ധിച്ചു. പുതിയ സര്‍വീസിന് പനവല്ലി, സര്‍വാണി എന്നിവിടങ്ങളിലെല്ലാം ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്.
Next Story

RELATED STORIES

Share it