thiruvananthapuram local

യാത്രക്കാരന്‍ ബസ്സിന്നേരെ കല്ലെറിഞ്ഞു

ബാലരാമപുരം: ടിക്കറ്റെടുത്ത സ്‌റ്റോപ്പില്‍ നിര്‍ത്തിക്കൊടുക്കാത്തതിനെത്തുടര്‍ന്ന് സ്വയം ബെല്ലടിച്ച് നിര്‍ത്താന്‍ ശ്രമിച്ചതിന് യാത്രക്കാരനെ കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍ മര്‍ദ്ദിച്ചതായി പരാതി. ഒന്നര കിലോമീറ്ററോളം ദൂരെ ഇറക്കിവിട്ട യാത്രക്കാരന്‍ തന്റെ രോഷം തീര്‍ത്തത് ബസ്സിന് നേരെ കല്ലെറിഞ്ഞ്. ഇതില്‍ ബസ്സിന്റെ പിന്നിലെ ചില്ല് തകര്‍ന്നു. ഇന്നലെ രാവിലെ 6.30 ഓടെ ബാലരാമപുരം റസല്‍പുരം ചാനല്‍പാലത്തിന് സമീപം വച്ച് കാട്ടാക്കടയില്‍ നിന്ന് വരികയായിരുന്ന വിഴിഞ്ഞം ഡിപ്പോയിലെ ബസ്സിലാണ് സംഭവം. കാട്ടാക്കട ചെമ്പൂര്‍ പുതുവല്‍ പുത്തന്‍ വീട്ടില്‍ ബാബു(55)വിനാണ് കെഎസ്ആര്‍ടിസി വിഴിഞ്ഞം ഡിപ്പോയിലെ കണ്ടക്ടര്‍ മര്‍ദ്ദിച്ചതെന്ന് പരാതി. കണ്ടക്ടറുടെ ക്രൂര മര്‍ദ്ദനമേറ്റ യാത്രക്കാരന്‍ ബസ്സില്‍ മലമൂത്രവിസര്‍ജനം നടത്തിയതായും പറയുന്നു. നെയ്ത്ത് തൊഴിലാളിയായ ബാബു ഇന്നലെ രാവിലെ എരുത്താവൂരില്‍ ഇറങ്ങുന്നതിനാണ് കാട്ടാക്കടയില്‍ നിന്ന് ടിക്കറ്റെടുത്ത് ബസ്സില്‍ കയറിയത്. സ്‌റ്റോപ്പ് എത്തിയപ്പോള്‍ ഇറങ്ങണമെന്ന് ആവശ്യപ്പെട്ടെങ്കിലും കണ്ടക്ടര്‍ ബസ് നിര്‍ത്താന്‍ തയ്യാറായില്ലെന്ന് പറയുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റം നടന്നു. ഇതിനിടെ ബാബു ബസ് ബെല്ലടിച്ച് നിര്‍ത്താന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് കണ്ടക്ടര്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. മര്‍ദ്ദനമേറ്റ ബാബു ബസ്സില്‍ നിന്നിറങ്ങി കല്ലെറിയുകയായിരുന്നു. ഇതിനിടെ ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് ഇയാളെ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചു. സംഭവത്തില്‍ യാത്രക്കാരനെ മര്‍ദ്ദിച്ചതിന് കണ്ടക്ടര്‍ക്കെതിരേയും ബസ്സിന്റെ ചില്ല് തകര്‍ത്തതിന് യാത്രക്കാരനെതിരേയും കേസെടുത്തതായി ബാലരാമപുരം പോലിസ് ഇന്‍സ്‌പെക്ടര്‍ എസ്എം പ്രദീപ് കുമാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it