thiruvananthapuram local

യാചകര്‍ക്ക് കല്ലടിമുഖത്ത് പുനരധിവാസ കേന്ദ്രം

തിരുവനന്തപുരം: നഗരസഭയുടെ കീഴില്‍ കൊത്തളത്ത് പ്രവര്‍ത്തിക്കുന്ന യാചക പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസികളെ കല്ലടിമുഖത്തേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ ഏകദേശം പൂര്‍ത്തിയായി. കല്ലടിമുഖത്തെ നിര്‍ദ്ദിഷ്ട യാചക പുനരധിവാസ കേന്ദ്രം മേയര്‍ വി കെ പ്രശാന്ത് സന്ദര്‍ശിച്ചു.
കൊത്തളത്ത് വേണ്ടത്ര സ്ഥലസൗകര്യവും അടിസ്ഥാന സൗകര്യവും ഇല്ലാതിരുന്നതിനാലാണ് പുനരധിവാസ കേന്ദ്രം കല്ലടിമുഖത്തേക്ക് മാറ്റുന്നത്. അന്തേവാസികള്‍ക്ക് അവരുടെ മാനസികാരോഗ്യം നിലനിര്‍ത്തുന്ന തരത്തില്‍ മെച്ചപ്പെട്ട ഭൗതികസാഹചര്യമാണ് കല്ലടിമുഖത്ത് തയ്യാറാക്കിയിരിക്കുന്നത്. ആവശ്യമായ ഫര്‍ണീച്ചറുകള്‍, കിടക്കകള്‍ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. വൈദ്യുതി, കുടിവെള്ള കണക്ഷന്‍ എന്നിവ നഗരസഭയുടെ സമയബന്ധിതമായ ഇടപെടല്‍ കാരണം പ്രാവര്‍ത്തികമാക്കിയിട്ടുണ്ട്. കുറ്റമറ്റ രീതിയിലും അന്തേവാസികള്‍ക്ക് ബുദ്ധിമുട്ട് ഇല്ലാത്ത രീതിയിലും നടത്തിക്കൊണ്ടു പോവുന്നതിനുള്ള വിപുലമായ കര്‍മ്മ പരിപാടികള്‍ നഗരസഭ ക്ഷേമകാര്യ വിഭാഗം ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് മേയര്‍ അറിയിച്ചു.
പദ്ധതി പ്രദേശത്ത് ജൈവപച്ചക്കറിക്കൃഷി പ്രാവര്‍ത്തികമാക്കുന്നതിന് വികസനകാര്യ കമ്മിറ്റിയും തീരുമാനിച്ചിട്ടുണ്ട്. താല്‍പ്പര്യമുള്ള അന്തേവാസികള്‍ക്ക് ഇതിലും ഭാഗവാക്കാകാം. നിലവില്‍ നടന്നുവരുന്ന വയോമിത്രം, പാലിയേറ്റീവ് കെയര്‍ എന്നീ പദ്ധതികളും കൂടി സംയോജിപ്പിച്ചായിരിക്കും കേന്ദ്രം പ്രവര്‍ത്തിക്കുക.
മേയറോടൊപ്പം വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വഞ്ചിയൂര്‍ പി ബാബു, കുന്നുകുഴി വാര്‍ഡ് കൗണ്‍സിലര്‍ ഐ പി ബിനു, പ്രോജക്ട് ഓഫിസര്‍ ചന്ദ്രികാദേവി, പ്രോജക്ട് എന്‍ജിനീയര്‍ ശിവകുമാര്‍, കോസ്റ്റ്‌ഫോര്‍ഡിന്റെ ചീഫ് ആര്‍ക്കിടെക് സാജന്‍ മേയറെ അനുഗമിച്ചു.
Next Story

RELATED STORIES

Share it