യാക്കോബായ സഭ ഭദ്രാസനാധിപന്‍ തോമസ് മാര്‍ തീമോത്തിയോസിനെ ചുമതലകളില്‍ നിന്ന് ഒഴിവാക്കി

കോട്ടയം: യാക്കോബായ സഭ കോട്ടയം ഭദ്രാസനാധിപന്‍ തോമസ് മാര്‍ തീമോത്തിയോസിനെ ആറുമാസത്തേക്ക് ചുമതലകളില്‍നിന്ന് ഒഴിവാക്കി. പുത്തന്‍കുരിശില്‍ ചേര്‍ന്ന യാക്കോബായ സഭ അടിയന്തര സിനഡിലാണ് ഭദ്രാസന ചുമതലകളില്‍നിന്ന് ഒഴിവാക്കാനുള്ള തീരുമാനം. ശ്രേഷ്ഠ കതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ ചുമതല നേരിട്ട് വഹിക്കും.
ദൈനംദിന കാര്യങ്ങളില്‍ ബാവയെ സഹായിക്കാന്‍ അദ്ദേഹത്തിന്റെ സെക്രട്ടറി മാത്യൂസ് മാര്‍ അപ്രേം, എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ് എന്നിവരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
ആറുമാസത്തിനുശേഷം ചേരുന്ന സഭ ജനറല്‍ ബോഡി ഇക്കാര്യത്തിലുള്ള തുടര്‍നടപടികള്‍ സ്വീകരിക്കും. അതേസമയം, തീമോത്തിയോസിനെ ഭദ്രാസനത്തിനു പുറത്തുള്ള ചുമതലകളില്‍ നിലനിര്‍ത്തിയിട്ടുമുണ്ട്.
സഭയുടെ സ്വത്തുകള്‍ സ്വന്തം പേരിലുള്ള മെത്രാപോലീത്തമാര്‍ ഇതു സഭയുടെ പേരിലേക്കു മാറ്റണമെന്ന് പാത്രിയാര്‍ക്കീസ് ബാവ നിര്‍ദേശിച്ചിരുന്നു. ഇത് തോമസ് മാര്‍ തീമോത്തിയോസ് അനുസരിച്ചില്ലെന്ന് സിനഡ് കണ്ടെത്തി.
നേരത്തേ സ്ഥലം മാറ്റിയ ഒരു വൈദികനെ തല്‍സ്ഥാനത്ത് നിലനിര്‍ത്താന്‍ സഭാനേതൃത്വം നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഇതു ഘംഘിച്ച് മെത്രാപോലീത്ത സ്ഥലംമാറ്റം നടപ്പാക്കി.
ഭദ്രാസനത്തിലെ രണ്ട് പള്ളികളുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ടും തീമോത്തിയോസിനെതിരേ പരാതികളുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ മുത്തശ്ശിയുടെ സംസ്‌കാരവുമായി ബന്ധപ്പെട്ടും ശ്രേഷ്ഠബാവയ്ക്ക് പരാതി ലഭിച്ചിരുന്നു. ഹിന്ദുമതവിശ്വാസിയായിരുന്നതിനാല്‍ കുമരകം പള്ളിയില്‍ ഇവരുടെ മൃതദേഹം സംസ്‌കരിക്കാന്‍ ഇടവക കമ്മിറ്റി അനുവദിച്ചിരുന്നില്ല. പിന്നീട് സംസ്‌കാരം പൊന്‍കുന്നത്ത് പള്ളി സെമിത്തേരിയില്‍ നടത്തി. തോമസ് മാര്‍ തീമോത്തിയോസിന്റെ മുഖ്യകാര്‍മികത്വത്തിലായിരുന്നു ശുശ്രൂഷകള്‍. ഇതാണു പരാതിക്കിടയാക്കിയത്.
Next Story

RELATED STORIES

Share it