thrissur local

യഹൂദ സ്മാരകങ്ങള്‍ പുരാവസ്തു വകുപ്പ് ഏറ്റെടുക്കുന്നതിനെതിരേ വ്യാപാരികള്‍

മാള: പൈതൃക സ്മാരക സംരക്ഷണമെന്ന പേരില്‍ മാള പഞ്ചായത്തിന്റെ അനുമതിയോടെ മാള ടൗണിലെ കച്ചവടക്കാരെ കുടിയൊഴിപ്പിക്കാനുള്ള സ ര്‍ക്കാര്‍ തീരുമാനത്തിനെതിരെ വ്യാപാരി സമൂഹം. യഹൂദ സ്മാരകങ്ങള്‍ പുരാവസ്തു വകുപ്പ് ഏറ്റെടുത്തതിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി മാള യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ നാളെ കടയടപ്പ് സമരവും പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 വരെ കടകള്‍ അടച്ചിടുകയും 10.30 ന് പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുകയും ചെയ്യും. സംസ്ഥാന, ജില്ലാ നേതാക്കള്‍ സംബന്ധിക്കും.
സിനഗോഗിന്റെ പ്രവേശന കവാടം തുറക്കുവാന്‍ പുരാവസ്തു വകുപ്പ് ലക്ഷ്യമിടുന്നതായി ബന്ധപ്പെട്ടവരില്‍ നിന്നും വിവരം ലഭിച്ചിട്ടുണ്ട്. ഇങ്ങിനെ വന്നാല്‍ സിനഗോഗിന് മുന്‍വശത്തെ ഒന്നര മീറ്റര്‍ വീതിയില്‍ അഞ്ച് സെന്റ് സ്ഥലത്തെ കെട്ടിടങ്ങള്‍ നീക്കേണ്ടി വരും. നഷ്ടപരിഹാരം വാങ്ങി ഒഴിഞ്ഞുപോകുവാന്‍ കച്ചവടക്കാര്‍ തയാറല്ല. പുരാവസ്തു വകുപ്പിനെ സ്മാരകങ്ങള്‍ ഏല്‍പ്പിക്കാന്‍ പഞ്ചായത്ത് തീരുമാനിച്ചതിനെതിരെ ശക്തമായി രംഗത്തിറങ്ങും. മാളയിലെ ചരിത്ര സ്മാരകങ്ങളായ യഹൂദ സിനഗോഗും സെമിത്തേരിയും പുരാവസ്തു വകുപ്പിന് കൈമാറാതെ ടൂറിസം വകുപ്പിനെ ഏല്‍പ്പിക്കുകയോ മുസ്‌രിസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയോ വേണമെന്നാണ് വ്യാപാരികള്‍ ആവശ്യപ്പെടുന്നത്.
ഇതിന് ഉദാഹരണമായി അവര്‍ പുത്തന്‍ചിറ പഞ്ചായത്തിനെ ചൂണ്ടികാട്ടുന്നു. പുരാവസ്തു വകുപ്പിന് പഞ്ചായത്തിലെ ചരിത്ര സ്മാരകങ്ങള്‍ കൈമാറാന്‍ തയാറല്ല എന്നാണ് പുത്തന്‍ചിറ പഞ്ചായത്ത് നിലപാട് സ്വീകരിച്ചത്. മാളയിലെ യഹൂദ സ്മാരകങ്ങള്‍ സംസ്ഥാന പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകങ്ങളായി പ്രഖ്യാപിക്കണമെന്ന് മാള പഞ്ചായത്താണ് ആവശ്യപ്പെട്ടത്.
കൊടകര-കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതക്ക് വേണ്ടി റോഡ് വീതി കൂട്ടിയിരുന്നു. ഇതിനുവേണ്ടി സ്ഥാപനങ്ങളുടെ സിംഹഭാഗം നഷ്ടപ്പെട്ട വ്യാപാരികളാണ് ഇവിടെയുള്ളത്. കെട്ടിടം മുഴുവന്‍ നഷ്ടപെടുന്ന വ്യാപാര സമൂഹത്തിന്റെ ആശങ്ക അകറ്റാന്‍ അധികൃതര്‍ തയാറായിട്ടില്ല.
യഹൂദ ശ്മശാനത്തിന്റെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാത്ത ഭാഗത്തായാണ് സര്‍ക്കാര്‍ നേരത്തെ സ്‌റ്റേഡിയം നിര്‍മ്മാണം ലക്ഷ്യമിട്ടത്. എട്ട് കോടി രൂപ വകയിരുത്തി കായികമേഖലയുടെ ഉന്നമനം ലക്ഷ്യമിട്ട് നിര്‍മ്മാണം തുടങ്ങിയിരുന്നു. പുരാവസ്തു വകുപ്പ് ഏറ്റെടുക്കുന്നതോടെ പദ്ധതി ഉപേക്ഷിക്കേണ്ടി വരുമെന്ന ആശങ്കയും നിലവിലുണ്ട്. ഇതിനെതിരെ യു ഡി എഫ് ശക്തമായി പ്രതിഷേധിച്ചിട്ടുണ്ട്. മാള പഞ്ചായത്ത് നിലപാടിനെതിരെ ഭാരതീയ ജനതാ പാര്‍ട്ടിയും രംഗത്തെത്തിയിട്ടുണ്ട്. ഇവര്‍ ടൗണില്‍ ഫഌക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചു കഴിഞ്ഞു.
യു ഡി എഫ്, ബി ജെ പി, വ്യാപാരി സംഘടനകള്‍ സംയുക്തമായി പ്രക്ഷോഭത്തിനിറങ്ങുന്നതോടെ മാള പഞ്ചായത്ത് നിലപാട് നിര്‍ണ്ണായകമാവും. സര്‍ക്കാര്‍ തീരുമാനം തിരുത്താന്‍ കടമ്പകളേറേ കടക്കേണ്ടി വരും. പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥരുമായി സമവായത്തിലെത്തുന്നതോടെ കുരുക്കഴിക്കുവാനാവുമെന്ന് വിദഗ്ധര്‍ പറയുന്നു. ഇതിനു ബന്ധപ്പെട്ടവര്‍ തയാറാകേണ്ടി വരുംവിധം സമരം ശക്തമാക്കാന്‍ തങ്ങള്‍ ഏതറ്റം വരേയും പൊകുമെന്നാണ് വ്യാപാരിസമൂഹം പറയുന്നത്. മുസ്‌രിസ് പൈതൃക പദ്ധതിയില്‍പെടുത്തി സിനഗോഗിന്റേയും ശ്മശാനത്തിന്റേയും സംരക്ഷണം ഉറപ്പാക്കുന്നതില്‍ തങ്ങള്‍ പിന്തുണ നല്‍കുമെന്നും പുരാവസ്തു വകുപ്പിനെ ഏല്‍പ്പിക്കുന്നതിനെ പല്ലും നഖവുമുപയോഗിച്ചെതിര്‍ക്കുമെന്നുമാണ് വ്യാപാരി വ്യവസായി ഏകോപന സമിതി മാള യൂനിറ്റിന്റെ നിലപാട്. പുരാവസ്തു വകുപ്പിന് കൈമാറും മുന്‍പ് ഇതുമായി ബന്ധപ്പെട്ട നോട്ടീസ് ആളുകള്‍ കാണുന്നിടത്ത് പതിക്കണമെന്ന നിയമമുണ്ടെങ്കിലും അതൊന്നും ചെയ്യാതെ ഗ്രാമപഞ്ചായത്തംഗങ്ങളെയും സി പി എക്കൊരെപ്പോലും അറിയിക്കാതെ വളരെ രഹസ്യമായാണ് പഞ്ചായത്ത് പ്രസിഡന്റും കൂട്ടരും കാര്യങ്ങള്‍ നടത്തിയതെന്ന് വ്യക്തമാകുന്നതായും വ്യാപാരികള്‍ കുറ്റപ്പെടുത്തുന്നു.
2017 ജൂലൈ മാസത്തില്‍ 466 പേര്‍ ഒപ്പിട്ട നിവേദനം പുരാവസ്തു വകുപ്പ് മന്ത്രിക്കും തദ്ദേശ സ്വയംഭരണ വകുപ്പ് ഡയറക്ടര്‍ക്കും നല്‍കിയിരുന്നു. പലവട്ടം പരാതികള്‍ നല്‍കിയിട്ടും യാതൊരു പരാതിയും കിട്ടിയിട്ടില്ലെന്ന് പറയുന്നത് പ്രതിഷേധാര്‍ഹമാണ്. വാര്‍ത്താ സമ്മേളനത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡന്റ് പി ടി പാപ്പച്ചന്‍, സെക്രട്ടറി ആരിഫ് കോറോത്ത്, യൂത്ത് വിംഗ് പ്രസിഡന്റ് രാജു ജോസ് പങ്കെടുത്തു.
Next Story

RELATED STORIES

Share it