ernakulam local

യഹൂദരുടെ സെമിത്തേരി സംരക്ഷിക്കുമെന്ന് മന്ത്രി

കൊച്ചി: കൊച്ചിയിലെ യഹൂദരുടെ ചരിത്രസ്മാരകമായ എറണാകുളത്തെ സെമിത്തേരി സംരക്ഷിക്കുമെന്ന് മന്ത്രി കെ സി ജോസഫ് പറഞ്ഞു. കാടും പടലും നിറഞ്ഞ് മാലിന്യം വലിച്ചറിയുന്ന കേന്ദ്രമായി നില്‍ക്കുന്ന സെമിത്തേരി സന്ദര്‍ശിക്കാനെത്തിയതായിരുന്നു മന്ത്രി. നവീകരണപ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ രൂപരേഖ തയ്യാറാക്കാന്‍ അദ്ദേഹം പുരാരേഖ വകുപ്പധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. എംഎല്‍എമാരായ ഹൈബി ഈഡന്‍ , ഡോമനിക് പ്രസന്റേഷന്‍ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
രണ്ടേക്കറോളമുണ്ടായിരുന്ന സെമിത്തേരി ഇന്ന് ഒന്നേമുക്കാല്‍ ഏക്കറായി ചുരുങ്ങിയിട്ടുണ്ട്. ഇത് ഇനി അല്‍പ്പം പോലും അന്യാധീനപ്പെടാതെ നിലനിര്‍ത്താന്‍ ആവശ്യമായ നടപടികളാണ് സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ എടുക്കുന്നത്. സെമിത്തേരിയിലെ കാടും പടലും വെട്ടിമാറ്റി വാച്ച്മാന്‍ കാബിനും സ്ഥാപിച്ച് ഇതൊരു ചരിത്രസ്മാരകമായി മാറ്റാനാണ് ആദ്യനടപടി. ഇതിനാവശ്യമായ തുക സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കും.
യഹൂദരുടെ കൊച്ചി ബന്ധത്തിന്റെ ഇന്നും അവശേഷിക്കാത്ത സ്മാരകമാണിത്. ക്രിസ്തുവിനു മുമ്പേ യഹൂദര്‍ കേരളത്തിലെത്തിയിരുന്നു. കൊടുങ്ങല്ലൂര്‍ കേന്ദ്രമായി ശക്തമായ ഒരു യഹൂദ സമൂഹം തന്നെയിവിടെ ഉണ്ടായിരുന്നു. ഇസ്രായേലിലേക്ക് അവര്‍ കുടിയേറിയിട്ട് 64 വര്‍ഷങ്ങള്‍ പിന്നിടുകയാണിപ്പോള്‍. ഇനി കൊച്ചിയില്‍ അവശേഷിക്കുന്നത് വിരലിലെണ്ണാവുന്നവര്‍ മാത്രം. മന്ത്രി വരുന്നതറിഞ്ഞ് പിന്‍തലമുറയില്‍ അവശേഷിക്കുന്നവര്‍ ചിലരെത്തിയിരുന്നു. എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും തങ്ങളുടെ സഹായവും അവര്‍ വാഗ്ദാനം ചെയ്തു.
Next Story

RELATED STORIES

Share it