Middlepiece

യമുനാജിയുടെ നെഞ്ചത്ത് ആനന്ദോപാസന

യമുനാജിയുടെ നെഞ്ചത്ത് ആനന്ദോപാസന
X
slug-indraprasthamജീവനകലയുടെ ആചാര്യനാണ് നമ്മുടെ ഡബിള്‍ ശ്രീ ആശാന്‍. റിട്ടയര്‍മെന്റ് പ്രായത്തിലെത്തിനില്‍ക്കുമ്പോള്‍ ജീവിതം എങ്ങനെ ജീവിക്കണമെന്നൊരു ആശങ്കയും അസ്‌കിതയും സാധാരണ മനുഷ്യര്‍ക്ക് പണ്ടേ പതിവുള്ളതാണ്. കാരണം, ഇന്നലെവരെ ജീവിച്ച രീതി അപ്പാടേ അപ്രത്യക്ഷമായിപ്പോവുന്ന സന്ദര്‍ഭമാണത്. പിന്നീട് ജീവിതം എങ്ങനെ പുതിയതരത്തില്‍ ക്രമപ്പെടുത്തിയെടുക്കണമെന്നത് ആര്‍ക്കും ചോദ്യചിഹ്നം തന്നെ.
ഡബിള്‍ ശ്രീ ആശാന്റെ മികവും ആ മേഖലയില്‍ തന്നെ. ആട്ടവും പാട്ടുമൊക്കെയായി എങ്ങനെ ജീവിതത്തെ ആനന്ദകരമാക്കാം എന്നാണ് അദ്ദേഹം അനുയായികളെ പഠിപ്പിക്കുന്നത്. അതിനായി ആനന്ദോല്‍സവങ്ങള്‍ പതിവായി സംഘടിപ്പിക്കാറുമുണ്ട്. അങ്ങനെ ജീവിതം പരമാനനന്ദമായി ആഘോഷിക്കുന്നവര്‍ ഡബിള്‍ ശ്രീ ആചാര്യന്റെ മഹിമ വിശേഷങ്ങള്‍ വര്‍ണിച്ചുപാടുന്നത് സ്വാഭാവികം മാത്രം.
എന്നാലും മനുഷ്യന്റെ ആനന്ദോല്‍സവത്തിനിടയിലും മറ്റു ജീവജാലങ്ങളുടെയും പ്രകൃതിപ്രതിഭാസങ്ങളുടെയും ക്ഷേമകാര്യങ്ങളും അവര്‍ അന്വേഷിക്കേണ്ടതല്ലേ? യമുനാജി ഗംഗാമാതാവിന്റെ സഖിയാണോ സഹനദിയാണോ? എന്തായാലും ശരി, ഉത്തരേന്ത്യയിലെ മനുഷ്യരെ സംബന്ധിച്ചിടത്തോളം ഗംഗയെപ്പോലെത്തന്നെ പ്രധാനപ്പെട്ട നദിയാണ് യമുനയും. ഒരുപാട് ജനങ്ങള്‍ക്ക് വെള്ളവും ജീവനോപാധിയും നല്‍കി സംരക്ഷിച്ചുവരുന്ന നദി. ഗംഗയുടെ മുഖ്യ പോഷകനദി.
പണ്ടുകാലത്തേ ജനങ്ങളും രാജവംശങ്ങളും ഗംഗയെപ്പോലെത്തന്നെ പ്രത്യേകം ശ്രദ്ധനല്‍കി പരിചരിച്ചുവരുന്ന നദിയാണ് യമുനയും. യമുനയുടെ തീരത്താണ് ചരിത്രപ്രസിദ്ധമായ ജനപദങ്ങള്‍ പലതും. ഡല്‍ഹിയും ആഗ്രയും യമുനയുടെ തീരത്താണ്. ഭഗവാന്‍ കൃഷ്ണന്റെ ലീലാവിലാസങ്ങളുടെ ഭൂമികയില്‍ പലതും യമുനാതീരത്താണ്. യമുനയുടെ തീരത്ത് ഇന്ത്യയുടെ സംസ്‌കാരവും ചരിത്രവും ഉറങ്ങിക്കിടക്കുകയാണ്. യമുനാതീരത്തെ ഓരോ മണല്‍ത്തരിയും ഓരോ പുല്‍ക്കൊടിയും ഈ മഹാസഹസ്രാബ്ദങ്ങളുടെ ചരിത്രമാണ് നമ്മെ ഓര്‍മിപ്പിക്കുന്നത്.
അതിന്റെ മണല്‍ത്തിട്ടകള്‍ വേനല്‍ക്കാലത്ത് വരണ്ടിരിക്കും. പക്ഷേ, പക്ഷികളും ഇഴജീവികളും മറ്റനേകം പ്രാണിവര്‍ഗങ്ങളും പശുക്കളും ഒക്കെ അവിടെ അലഞ്ഞുതിരിഞ്ഞ് ഉപജീവനമാര്‍ഗം കണ്ടെത്തും. മരിച്ചുപോയ മനുഷ്യര്‍ക്കു ചിതയൊരുക്കുന്നതും പൂര്‍വികന്മാര്‍ക്ക് തര്‍പ്പണം നടത്തുന്നതും ഒക്കെ ഈ തീരത്തുതന്നെ.
അതിനാല്‍ യമുനാജി നദി മാത്രമല്ല, അതിന്റെ തീരങ്ങളും മണല്‍ത്തിട്ടകളും ഒരു സംസ്‌കാരത്തിന്റെ പ്രഭവകേന്ദ്രവും അതിനെ സംരക്ഷിച്ചു നിര്‍ത്തുന്ന ഒരു മഹത്തായ അക്ഷയപാത്രവുമാണ്. അവിടെ കയറിയാണ് ഡബിള്‍ ശ്രീ ആചാര്യന്റെ ആഗോള ആനന്ദോല്‍സവം ഇത്തവണ അരങ്ങേറിയത്. ലക്ഷങ്ങളാണ് നദീതീരത്തേക്ക് ആനന്ദനടനവുമായി ആഞ്ഞടുത്തത്.
ഇതു നദിയുടെ ഹൃദയം തകര്‍ക്കുന്ന പണിയാണെന്നു കണ്ടെത്തിയത് ദേശീയ ഹരിത ട്രൈബ്യൂണല്‍ തന്നെയാണ്. ഇത്രയും വലിയ ഒരു ജനസഞ്ചയം അവിടെക്കിടന്ന് താണ്ഡവമാടിയാല്‍ ആ പ്രദേശത്തെ പാരിസ്ഥിതിക സന്തുലനം തകര്‍ന്നു തരിപ്പണമാവും. സമീപപ്രദേശത്ത് കഴിഞ്ഞുകൂടുന്ന മനുഷ്യര്‍ക്കും മറ്റു ജീവികള്‍ക്കും അതുണ്ടാക്കിവയ്ക്കുന്ന ആപത്ത് ചില്ലറയല്ല. നദിയുടെ തന്നെ ആരോഗ്യത്തിന് അങ്ങേയറ്റം ഹാനികരമായ പ്രവൃത്തിയായിരിക്കും ഇത്തരമൊരു മഹോല്‍സവം എന്നാണ് ട്രൈബ്യൂണല്‍ കണ്ടെത്തിയത്.
പക്ഷേ, ഡബിള്‍ ശ്രീ ആചാര്യന് നാട്ടിലെ ട്രൈബ്യൂണലും നിയമവ്യവസ്ഥയും ഒന്നും ബാധകമല്ല എന്ന മട്ടിലാണ് പിന്നീട് കാര്യങ്ങള്‍ നീങ്ങിയത്. നിയമലംഘനം നടത്തിയതിന് വെറും അഞ്ചുകോടി പിഴ മാത്രമാണ് ട്രൈബ്യൂണല്‍ വിധിച്ചത്.
എന്നാല്‍, അതു കൊടുക്കില്ല എന്ന നിലപാടാണ് ആചാര്യന്‍ സ്വീകരിച്ചത്. വേണ്ടിവന്നാല്‍ ജയിലില്‍ കിടക്കാം, പണം കൊടുക്കില്ല എന്ന് ആനന്ദാചാര്യന്‍. ജയില്‍വാസത്തിലെ ആനന്ദം എന്താണെന്ന് അന്നേരം വിശദീകരിച്ചുകണ്ടില്ല.
പിന്നീട് കോടതി വെറും 25 ലക്ഷം അടച്ചാലും മതി എന്ന് സ്വന്തം വിധി മാറ്റിക്കൊടുക്കേണ്ടിവന്നു ആചാര്യനെ ഒന്ന് മയപ്പെടുത്തിയെടുക്കാന്‍. പഴയകാലത്തെ ദുര്‍വാസാവിന്റെ പുനരവതാരമായാണ് ഡബിള്‍ ശ്രീ ആചാര്യന്‍ അവതരിച്ചത്. ഏതായാലും രാജ്യം എന്തോ പുണ്യം ചെയ്തിട്ടുണ്ട്. കാരണം, ബഹുമാന്യവര്‍കള്‍ ജയില്‍വാസത്തിന് തുനിഞ്ഞിറങ്ങിയില്ല.
ഈ നാട്ടില്‍ നിയമവും വ്യവസ്ഥയും സാധാരണക്കാര്‍ക്ക് കടുകട്ടിയാണ്. പ്രബലന്മാര്‍ക്ക് അതൊന്നും ബാധകമല്ല എന്ന വാസ്തവം അഖിലാണ്ഡമണ്ഡലത്തിലെയും ജനങ്ങളെ ബോധ്യപ്പെടുത്തുന്ന കാര്യങ്ങളാണ് യമുനാതീരത്ത് നടന്നത്. യമുനാജിക്ക് ദണ്ഡം, ആനന്ദോപാസകര്‍ക്ക് പരമാനന്ദം, നാട്ടിലെ ജനത്തിന് നിയമം ആരുടെ മുമ്പില്‍ താണുവണങ്ങും എന്നതിന് ഒരു ഉദാഹരണപാഠം- അങ്ങനെ പലതാണ് ഡബിള്‍ ശ്രീ ആചാര്യനില്‍നിന്ന് ഇത്തവണ ലഭ്യമായത്.
Next Story

RELATED STORIES

Share it