World

യമന്‍: സാലിഹ് കൊല്ലപ്പെട്ടു

സന്‍ആ:  മുന്‍ പ്രസിഡന്റ് അലി അബ്ദുല്ലാ സാലിഹ് (75) കൊല്ലപ്പെട്ടതായി ഹൂഥി വിമതര്‍. യമന്‍ തലസ്ഥാനം സന്‍ആയിലായിരുന്നു അന്ത്യമെന്ന് ഹൂഥികളുട നിയന്ത്രണത്തിലുള്ള ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക റേഡിയോ ശൃംഖലയിലൂടെ പുറത്തുവിട്ട വാര്‍ത്തയില്‍ പറയുന്നു. ഹൂഥികളുമായുള്ള ഏറ്റുമുട്ടലില്‍ സാലിഹ് കൊല്ലപ്പെട്ടതായി സൗദിയുടെ അല്‍ അറബിയ ടെലിവിഷന്‍ റിപോര്‍ട്ട് ചെയ്തു. സാലിഹ് അനുകൂലികളെ ഉദ്ധരിച്ചാണ് അല്‍ അറബിയയുടെ റിപോര്‍ട്ട്. ആദ്യഘട്ടത്തില്‍ മരണവാര്‍ത്ത നിഷേധിച്ച സാലിഹ് അനുകൂലികള്‍ പിന്നീട് മാറ്റിപ്പറയുകയായിരുന്നു. സന്‍ആ നഗരത്തില്‍ ഹൂഥികളുമായുള്ള പോരാട്ടത്തിനു സാലിഹ് നേതൃത്വം നല്‍കുന്നത് തുടരുകയാണെന്നും മരണവാര്‍ത്ത വ്യാജമാണെന്നുമായിരുന്നു ആദ്യ പ്രതികരണം. സാലിഹിന്റേതെന്നു കരുതുന്ന മൃതദേഹത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇന്നലെ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഏതാനും ആയുധ ധാരികള്‍ മൃതദേഹം തുണിയില്‍ പൊതിഞ്ഞ് പിക്കപ്പ് വാനിലേക്ക് മാറ്റുന്നതായും ദൃശ്യങ്ങളിലുണ്ട്. മരണം സംബന്ധിച്ച മറ്റുസ്ഥിരീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല. മൂന്നു പതിറ്റാണ്ടോളം യമന്‍ പ്രസിഡന്റായി സാലിഹ് സേവനമനുഷ്ഠിച്ചിട്ടുണ്ട്്. യമന്‍ പ്രധാനമന്ത്രി, വൈസ് പ്രസിഡന്റ്, വടക്കന്‍ യമന്‍ പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. സാലിഹിന്റെ സുരക്ഷാ ഉദ്യോഗസ്ഥന്‍ ഹുസയ്ന്‍ അല്‍ഹമാദിയും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ അറിയിച്ചു.  സന്‍ആ നഗരത്തിലെ ഭൂരിഭാഗം പ്രദേശങ്ങളിലും ഹൂഥികള്‍ നിയന്ത്രണം നേടിയതായി വാര്‍ത്തകള്‍ പുറത്തുവന്നു. സന്‍ആയില്‍ നിന്നുള്ള സാമൂഹികപ്രവര്‍ത്തകരെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. ചില പ്രദേശങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ഹൂഥി നിയന്ത്രണത്തിന് പുറത്തുള്ളത്. സാലിഹ് അനുകൂലികളും ഹൂഥികളും അടുത്തിടെ തെറ്റിപ്പിരിഞ്ഞതോടെയാണ് ഇരുവിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷത്തിലെത്തിയത്. തുടര്‍ന്ന് സാലിഹ് പക്ഷത്തിന് സൗദി പിന്തുണ പ്രഖ്യാപിക്കുകയും ഹൂഥി കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി വ്യോമാക്രമണം ആരംഭിക്കുകയും ചെയ്തിരുന്നു.
Next Story

RELATED STORIES

Share it