Flash News

യമന്‍ ഭീകരമായ പട്ടിണി മരണത്തിന് സാക്ഷിയാവും : യുഎന്‍



ജനീവ: പതിറ്റാണ്ടുകള്‍ക്കിടെ ലോകം കണ്ടതില്‍ വച്ച് ഏറ്റവും ഭീകരമായ പട്ടിണിയാണ് യമന്‍ ജനത അനുഭവിക്കുന്നതെന്നും സഹായം ഉടന്‍ പുനസ്ഥാപിച്ചില്ലെങ്കില്‍ ദശലക്ഷക്കണക്കിനു പേരുടെ ജീവന്‍ അപകടത്തിലാവുമെന്നും യുഎന്‍ മുന്നറിയിപ്പ്്. യമനു മേല്‍ ഏര്‍പ്പെടുത്തിയ കര, വ്യോമ, കടല്‍ ഉപരോധം പിന്‍വലിക്കാന്‍ സൗദി നേതൃത്വത്തിലുള്ള അറബ് സഖ്യം തയ്യാറാവണമെന്നും യുഎന്‍ അഭയാര്‍ഥി വിഭാഗം അണ്ടര്‍ സെക്രട്ടി മാര്‍ക്ക് ലൗകോക്ക് ആവശ്യപ്പെട്ടു. യുഎന്‍ രക്ഷാസമിതിയില്‍ യമനിലെ സ്ഥിതിഗതികള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. ഉപരോധം പിന്‍വലിക്കാന്‍ സൗദി തയ്യാറായില്ലെങ്കില്‍ ലോകത്തെ ഏറ്റവും വലിയ പട്ടിണി മരണത്തിന് നാം സാക്ഷിയാവേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. യമനില്‍ ഏഴു ദശലക്ഷത്തോളം പേര്‍ കടുത്ത പട്ടിണി അനുഭവിക്കുന്നുണ്ടെന്നാണ് യുഎന്‍ കണക്ക്. മേഖലയില്‍ കോളറ അടക്കമുള്ള മാരക പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിച്ചതായും റെഡ്‌ക്രോസ് വൃത്തങ്ങള്‍ അറിയിച്ചു. അറബ്‌സഖ്യം അതിര്‍ത്തികള്‍ ഉപരോധിച്ചതോടെ മേഖലയിലേക്ക് ഭക്ഷണം, മരുന്ന് അടക്കമുള്ള അവശ്യ വസ്തുക്കള്‍ എത്തിക്കാന്‍ കഴിയുന്നില്ലെന്നും സന്നദ്ധപ്രവര്‍ത്തകര്‍ അറിയിച്ചു. 2015 മാര്‍ച്ചില്‍ സൗദി സഖ്യം യമനില്‍ ഹൂഥികള്‍ക്കെതിരേ വ്യോമാക്രമണം തുടങ്ങിയ ശേഷം 8670 പേര്‍ കൊല്ലപ്പെട്ടെന്നും ഇതില്‍ 60 ശതമാനത്തിലധികവും സിവിലിയന്‍മാരാണെന്നുമാണ് യുഎന്നിന്റെ റിപോര്‍ട്ടുകള്‍.
Next Story

RELATED STORIES

Share it