യമന്‍ പ്രധാനമന്ത്രിക്ക് സ്ഥാനചലനം

സന്‍ആ: യമന്‍ പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദി പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റുമായ ഖാലിദ് ബഹാഹിനെ ചുമതലയില്‍ നിന്നു മാറ്റി.
പകരം ജനറല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുന്‍ സെക്രട്ടറി ജനറല്‍ അഹ്മദ് ബിന്‍ ഡാഫറെ പുതിയ പ്രധാനമന്ത്രിയായി നിയമിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. പുതിയ വൈസ് പ്രസിഡന്റായി ജനറല്‍ അലി മുഹസിന്‍ അല്‍ അഹ്മറിനെയും അവരോധിച്ചതായാണു വിവരം. ബഹാഹിനെ പ്രസിഡന്റിന്റെ ഉപദേശകനായാണ് ഇപ്പോള്‍ നിയമിച്ചിരിക്കുന്നത്. ആഭ്യന്തരയുദ്ധം രൂക്ഷമായ യമനില്‍ യുഎന്‍ മധ്യസ്ഥതയില്‍ കൊണ്ടുവന്ന വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍വരാന്‍ ഒരാഴ്ച ബാക്കിനില്‍ക്കെയാണു പുതിയ നടപടി. കൂടുതല്‍ വിശദീകരണങ്ങളൊന്നും ലഭ്യമല്ല. എന്നാല്‍ ഹാദിയും ബഹാഹും തമ്മില്‍ നേരത്തെയുണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങളാണു നടപടിക്കു കാരണമെന്നാണു സൂചന.
യമന്‍ വിദേശകാര്യമന്ത്രിയായും പിന്നീട് പ്രധാനമന്ത്രിയായും ഹാദി നിയമിക്കുന്നതിനു മുമ്പ് ബഹാഹ് യുഎന്നിലെ യമന്‍ വക്താവായിരുന്നു. യമന്‍ വിഷയത്തില്‍ ഏപ്രില്‍ 18ന് കുവൈത്തില്‍ സമാധാനചര്‍ച്ചകള്‍ നടക്കും.
Next Story

RELATED STORIES

Share it