Flash News

യമന്‍ അതിര്‍ത്തികള്‍ അറബ് സഖ്യം താല്‍ക്കാലികമായി അടച്ചു



ദുബയ്: യമനുമായുള്ള കര, വ്യോമ, ജല അതിര്‍ത്തികള്‍ താല്‍ക്കാലികമായി അടച്ചിടാന്‍ അറബ് സഖ്യം തീരുമാനിച്ചു. ഇറാന്‍ ഹൂഥികള്‍ക്ക് ആയുധം കൈമാറുന്നതു തടയാനാണു നടപടിയെന്നു ദുബയ് വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. ശനിയാഴ്ച റിയാദ് വിമാനത്താവളത്തിനു നേരെ ഹൂഥി വിമതര്‍ മിസൈല്‍ ആക്രമണം നടത്തിയതിനു പിന്നാലെയാണു സഖ്യസേനയുടെ നടപടി.  സന്നദ്ധ സഹായ സംഘങ്ങളുടെ വരവുപോക്കുകളെ ഇതു ബാധിക്കില്ലെന്നു സഖ്യം വ്യക്തമാക്കി. എന്നാല്‍ സഖ്യത്തിന്റെ നീക്കത്തെ യുഎന്നും അന്താരാഷ്ട്ര സന്നദ്ധ സംഘടനകളും വിമര്‍ശിച്ചു. ഹൂഥികള്‍ക്കു ബാലിസ്റ്റിക് മിസൈലുകള്‍ ലഭ്യമാക്കുന്ന ഇറാന്‍ ഇടപെടല്‍ സൗദിക്കെതിരേയുള്ള യുദ്ധ പ്രവര്‍ത്തനമായിട്ടാണു കാണുന്നതെന്നു സഖ്യത്തിന്റെ പ്രസ്താവന അഭിപ്രായപ്പെട്ടു. അതേസമയം, ഹൂഥി നേതാക്കളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്കു സൗദി കോടിക്കണക്കിനു ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചു. ഹൂഥി നേതാക്കളും സായുധ ഗ്രൂപ്പിലെ പോരാളികളുമായ 40 പേരുടെ പട്ടിക സൗദി പുറത്തുവിട്ടിട്ടുണ്ട്. സൗദിക്കെതിരേയുള്ള ആക്രമണങ്ങളുടെ സൂത്രധാരന്‍മാരാണു പട്ടികയിലുള്ളതെന്നാണു സൗദിയുടെ അവകാശവാദം. അവരെക്കുറിച്ച് വിവരം നല്‍കുന്നവരുടെ വ്യക്തിവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും ഭരണകൂടം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഹൂഥി തലവന്‍ അബ്ദുല്‍ മാലിക് ബദ്‌റുദ്ദീന്‍ അല്‍ഹൂഥി, രാഷ്ട്രീയസമിതി അധ്യക്ഷന്‍ സാലിഹ് അലി അസ്സമ്മാദ് എന്നിവര്‍ പട്ടികയിലുണ്ട്. എന്നാല്‍ ഹൂഥികളുമായി സഖ്യത്തിലേര്‍പ്പെട്ടിരുന്ന മുന്‍ യമന്‍ പ്രസിഡന്റ് അലി അബ്ദുല്ല സാലിഹ് പട്ടികയിലില്ല.
Next Story

RELATED STORIES

Share it