World

യമനില്‍ ഹൂഥികള്‍ക്കെതിരായ ആക്രമണം യുഎഇ നിര്‍ത്തിവച്ചു

ദുബയ്: യമനിലെ പ്രശ്‌നങ്ങള്‍ക്കു രാഷ്ട്രീയപരിഹാരം കണ്ടെത്താനുള്ള യുഎന്നിന്റെ ശ്രമങ്ങള്‍ക്കു പിന്തുണ അറിയിച്ച് യുഎഇ. ഹുദൈദയില്‍ ഹൂഥി വിമതര്‍ക്കെതിരായ സൈനിക നടപടികള്‍ നിര്‍ത്തിവയ്ക്കുന്നതായി യുഎഇ അറിയിച്ചു.
യമനിലെ യുഎന്‍ പ്രത്യേക സ്ഥാനപതി മാര്‍ട്ടിന്‍ ഗ്രിഫിറ്റ്‌സ് ആണു യമനിലെ ലക്ഷക്കണക്കിനു ജനങ്ങള്‍ക്കു വേണ്ടി മധ്യസ്ഥശ്രമം നടത്തുന്നത്. ഇരുവിഭാഗങ്ങളുമായുള്ള ചര്‍ച്ച ഉടന്‍ തന്നെ പുനരാരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ജൂണ്‍ 12 മുതലാണ് സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷികള്‍ ഹുദൈദയില്‍ ഹൂഥി വിമതര്‍ക്കെതിരേ യുദ്ധം പ്രഖ്യാപിച്ചത്. യുദ്ധത്തെ തുടര്‍ന്നു യമനില്‍ കൊടിയ ദാരിദ്ര്യവും പട്ടിണിയുമാണ്. 84 ലക്ഷത്തോളം സാധാരണ ജനങ്ങള്‍ യുദ്ധത്തിന്റെ ഭീകരത അനുഭവിക്കുന്നുണ്ടെന്നാണു റിപോര്‍ട്ട്.
യുഎന്‍ പ്രത്യേക സ്ഥാനപതി മാര്‍ട്ടിന്‍ ഗ്രിഫിറ്റ്‌സിന്റെ ശ്രമങ്ങളെ സ്വാഗതം ചെയ്യുന്നതായി യുഎഇ വിദേശകാര്യ മന്ത്രി അന്‍വര്‍ ഗര്‍ഗേഷ് അറിയിച്ചു. ഹുദൈദ നഗരത്തില്‍ നിന്നും തുറമുഖത്ത് നിന്നും ഹൂഥി വിമതരുടെ നിരുപാധികമായ പിന്മാറ്റം ഉണ്ടാവുമെന്നു പ്രത്യാശിക്കുന്നു. യമനില്‍ രാഷ്ട്രീയ പരിഹാരത്തിനുള്ള യുഎന്‍ ശ്രമങ്ങളെ അനുകൂലിച്ച് സൈനിക നടപടികള്‍ നിര്‍ത്തിവയ്ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഹുദൈദ നഗരത്തിന്റെ നിയന്ത്രണം യുഎന്നിനു മുന്നിലെ പ്രധാന വെല്ലുവിളിയാണെന്നു രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. വെടിനിര്‍ത്തല്‍ ഏര്‍പ്പെടുത്തുകയാണെങ്കില്‍ ഹുദൈദ തുറമഖത്തിന്റെ നിയന്ത്രണം യുഎന്നിനു കൈമാറാമെന്നു നേരത്തെ ഹൂഥി വിമതര്‍ അറിയിച്ചിരുന്നു. എന്നാല്‍, സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷികള്‍ ഹുദൈദ നഗരത്തില്‍ ഹൂഥിവിമതര്‍ പിന്‍മാറണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. അതേസമയം ഹുദൈദ നഗരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് ഹൂഥികളും അറിയിച്ചിട്ടുണ്ട്. യുഎന്‍ മാനേജ്‌മെന്റിന്റെ കീഴില്‍ നഗരത്തില്‍ സൈനിക നിയന്ത്രണം ആര് ഏറ്റെടുക്കുമെന്നു ഗ്രിഫ്റ്റ്‌സ് വ്യക്തമാക്കിയിട്ടില്ല.
Next Story

RELATED STORIES

Share it