Flash News

യമനില്‍ യുഎസ്, യുഎഇ പിന്തുണയോടെ രഹസ്യ തടവറകള്‍ ;എപി, എച്ച്ആര്‍ഡബ്ല്യു റിപോര്‍ട്ടുകള്‍ പുറത്ത്



ഏദന്‍: ആഭ്യന്തരസംഘര്‍ഷം തുടരുന്ന യമനില്‍ യുഎസ്, യുഎഇ പിന്തുണയോടെ രഹസ്യ തടവറകള്‍ പ്രവര്‍ത്തിക്കുന്നതായി മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചും (എച്ച്ആര്‍ഡബ്ല്യൂ) വാര്‍ത്താ ഏജന്‍സി  അസോഷ്യേറ്റഡ് പ്രസ്സും പുറത്തുവിട്ട അന്വേഷണ റിപോര്‍ട്ടുകള്‍. യുഎഇ സാമ്പത്തിക പിന്തുണയും പരിശീലനവും നല്‍കുന്ന യമന്‍ സേനാംഗങ്ങള്‍ അല്‍ഖാഇദ, ഐഎസ്് ബന്ധമുള്ള സംഘടനകള്‍ക്കെതിരായ സൈനിക നടപടികളുടെ പേരില്‍ വ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങള്‍ തുടരുന്നതായും തെക്കന്‍ യമനില്‍ 11 രഹസ്യ തടവറകള്‍ യുഎഇയുടെ നിയന്ത്രണത്തിലുള്ളതായും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പുറത്തുവിട്ട റിപോര്‍ട്ടില്‍ പറയുന്നു. സുരക്ഷാസേനകള്‍ പിടികൂടുന്നവരെ ദീര്‍ഘകാലം രഹസ്യ തടവറകളില്‍ പാര്‍പ്പിക്കുന്നതായും ഇത്തരം കേന്ദ്രങ്ങളിലെ മുന്‍ തടവുകാരുമായി നടത്തിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപോര്‍ട്ടില്‍ പറയുന്നു. തടവുകാര്‍ക്കു പുറമേ അവരുടെ ബന്ധുക്കള്‍, അഭിഭാഷകര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരില്‍നിന്നും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് വിവരം ശേഖരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം കുട്ടികളടക്കം 49 പേര്‍ നിര്‍ബന്ധിത തിരോധാനത്തിനു വിധേയരായതായും ഒരിക്കലും മടങ്ങിയെത്താത്ത തടവുപോലെയാണ് ഇതെന്നും എച്ച്ആര്‍ഡബ്ല്യൂ വ്യക്തമാക്കി. അതേസമയം, അസോഷ്യേറ്റഡ് പ്രസ് നടത്തിയ അന്വേഷണത്തില്‍ തെക്കന്‍ യമനില്‍ 18 രഹസ്യ തടവറകള്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി. സൈനികകേന്ദ്രങ്ങള്‍, തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍ എന്നിവയോട് ബന്ധപ്പെട്ടോ സ്വകാര്യ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിലോ ആണ് രഹസ്യ തടവറകള്‍ പ്രവര്‍ത്തിക്കുന്നതെന്നും എപി അറിയിച്ചു. ശക്തമായ മര്‍ദനവും ലൈംഗിക പീഡനങ്ങളുമടക്കം ഇത്തരം തടവറകളില്‍ കഴിയുന്നവര്‍ നേരിടുന്നു. കുടുംബാംഗങ്ങളെ ഉപദ്രവിക്കുമെന്ന് തടവുകാരെ ജയിലധികൃതര്‍ ഭീഷണിപ്പെടുത്തുന്നതായും എച്ച്ആര്‍ഡബ്ല്യൂ, എപി റിപോര്‍ട്ടുകളില്‍ പറയുന്നു. ചെങ്കടല്‍ വഴി എരിത്രിയയിലെ കേന്ദ്രത്തിലേക്ക് ചില തടവുകാരെ യുഎഇ മാറ്റിയതായും എച്ച്ആര്‍ഡബ്ല്യൂ അറിയിച്ചു. അതേസമയം, എപിയുടെ ആരോപണം നിഷേധിക്കുന്നതായി യുഎഇ സര്‍ക്കാര്‍ പ്രതികരിച്ചു.
Next Story

RELATED STORIES

Share it