World

യമനില്‍ ആഭ്യന്തര യുദ്ധം ശക്തം: 600ലേറെ പേര്‍ കൊല്ലപ്പെട്ടു

സന്‍ആ: യമനില്‍ സര്‍ക്കാര്‍സേനയും ശിയാ വിമതരും തമ്മിലുള്ള പോരാട്ടം ശക്തമായി. ദിവസങ്ങളായി നടക്കുന്ന യുദ്ധത്തില്‍ ഇരു ഭാഗത്തു നിന്നുമായി 600ലേറെ പേര്‍ കൊല്ലപ്പെട്ടുവെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. യമന്റെ പടിഞ്ഞാറന്‍ തീര പ്രദേശങ്ങളില്‍ ഇറാന്‍ അനുകൂല വിമതരായ ഹൂഥികളെ തകര്‍ക്കുന്നതിനു വേണ്ടി സൈന്യം നടത്തിയ നീക്കമാണു കനത്ത പോരാട്ടത്തില്‍ കലാശിച്ചത്.
യമനിലേക്കു ഭക്ഷണവും മരുന്നും എത്തുന്ന പ്രധാന കവാടമായ ഹുദൈദയിലെ തുറമുഖം സര്‍ക്കാന്‍ സേന അടച്ചുപൂട്ടിയിരുന്നു. ഇതോടെയാണു പോരാട്ടം ശക്തമായത്. പോരാട്ടം കനത്തതോടെ അമേരിക്ക ഇരു വിഭാഗങ്ങളോടും മനഷ്യത്വപരമായ സമീപനം സ്വീകരിക്കാന്‍ ആവശ്യപ്പെട്ടു.
സഹായങ്ങളും, ജീവന്‍രക്ഷാ ഉപകരണങ്ങളും രാജ്യത്തേക്ക് എത്തിക്കുന്നതിനു മാര്‍ഗം തുറന്നിടണമെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച സൈന്യം ഹുദൈദയില്‍ നടത്തിയ സൈനികാക്രമണത്തെ ഐക്യരാഷ്ട്ര സഭ അപലപിച്ചിരുന്നു. ആറു ലക്ഷത്തോളം പേര്‍ ജീവിക്കുന്ന പ്രദേശത്തു നടത്തിയ ആക്രമണം പതിനായിരങ്ങളെ ബാധിച്ചിരുന്നു. അതേസമയം, സൗദി സഖ്യസേന ഇന്നലെ ഹജ്ജാജയിലെ ആശുപത്രിക്കു നേരെ ആക്രമണം നടത്തിയെന്നു ഡോക്ടര്‍മാരുടെ അന്താരാഷ്ട്ര സഹായ സംഘടനയായ എംഎസ്എഫ് ആരോപിച്ചു. ഇതേ തുടര്‍ന്നു പ്രദേശത്തെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചതായും സംഘടനയുടെ വക്താവ് പറഞ്ഞു.
2015 മാര്‍ച്ച് മുതലാണു യമനില്‍ ഹൂഥികളുമായി ആഭ്യന്തരയുദ്ധം തുടങ്ങിയത്. ലോകത്ത് ഏറ്റവുമധികം മനുഷ്യാവകാശ ലംഘനം നടക്കുന്ന ഇടമായാണ് ഐക്യരാഷ്ട്രസഭ യമനെ കാണുന്നത്.
Next Story

RELATED STORIES

Share it