യമനിലെ വൃദ്ധസദനത്തില്‍ വെടിവയ്പ്; നാല് ഇന്ത്യന്‍ നഴ്‌സുമാര്‍ ഉള്‍പ്പെടെ 16 മരണം

സന്‍ആ: തെക്കന്‍ യമനിലെ ഏതന്‍ നഗരത്തില്‍ മിഷനറീസ് ഓഫ് ചാരിറ്റി നടത്തുന്ന വൃദ്ധസദനത്തിനു നേരെ നാലംഗസംഘം നടത്തിയ വെടിവയ്പില്‍ നാല് ഇന്ത്യന്‍ നഴ്‌സുമാര്‍ ഉള്‍പ്പെടെ 16 പേര്‍ കൊല്ലപ്പെട്ടു. കന്യാസ്ത്രീകളായ നഴ്‌സുമാരാണു മരിച്ചത്. ഇന്ത്യക്കാര്‍ക്ക് പുറമേ ആറ് എത്യോപ്യക്കാരും രണ്ടു യമനികളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും.
ശെയ്ഖ് ഉസ്മാന്‍ ജില്ലയിലാണു സംഭവം. മദര്‍ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റിയുടെ കാരുണ്യകേന്ദ്രത്തിലാണ് കൂട്ടക്കൊല അരങ്ങേറിയത്. തോക്കുധാരികള്‍ കാവല്‍ക്കാരനെ കൊലപ്പെടുത്തിയ ശേഷം കെട്ടിടത്തിനുള്ളില്‍ അതിക്രമിച്ചുകയറി. തുടര്‍ന്ന് കന്യാസ്ത്രീകള്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. മരിച്ച ഇന്ത്യക്കാരുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല. മരിച്ചവരില്‍ മലയാളികള്‍ ഉള്‍പ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക വിവരം. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
സംഭവസമയം താന്‍ റെഫ്രിജറേറ്ററിനകത്ത് ഒളിച്ചിരിക്കുകയായിരുന്നുവെന്ന് രക്ഷപ്പെട്ട ഒരു കന്യാസ്ത്രീ പറഞ്ഞു. ഇവര്‍ ഭയന്നു വിറച്ചിരുന്നതായി ശേഷം രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയ പ്രദേശവാസികളിലൊരാളായ ഖാലിദ് ഹൈദര്‍ പറഞ്ഞു. തന്റെ സഹോദരന്‍ റദ്വാന്റേതടക്കം 16 മൃതദേഹങ്ങളാണ് അവിടെ കണ്ടതെന്നും ഇയാള്‍ വെളിപ്പെടുത്തി. 80 അന്തേവാസികളാണ് സ്ഥാപനത്തില്‍ ഉണ്ടായിരുന്നത്. 1998ല്‍ യെമനിലെ ഹുദയ്ദ നഗരത്തിലും മിഷനറീസ് ഓഫ് ചാരിറ്റി കേന്ദ്രത്തിനു നേരേ ഇത്തരത്തില്‍ ആക്രമണം നടന്നിരുന്നു.
മൂന്നുപേരായിരുന്നു അന്നത്തെ വെടിവയ്പില്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട കന്യാസ്ത്രീകളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ അധികൃതര്‍ അറിയിച്ചു. സംഭവത്തിന്റെ വിശദവിവരങ്ങള്‍ തേടിയതായി വിദേശകാര്യവക്താവ് വികാസ് സ്വരൂപ് വ്യക്തമാക്കി.
Next Story

RELATED STORIES

Share it