യമനിലെ ഇറാന്‍ എംബസി സൗദി ആക്രമിച്ചെന്ന് ; ഖത്തര്‍ ഇറാന്‍ അംബാസഡറെ തിരിച്ചുവിളിച്ചു

ദോഹ: സൗദി അറേബ്യക്കു പിന്തുണ പ്രഖ്യാപിച്ച് ഖത്തര്‍ ഇറാനിലെ അംബാസഡറെ തിരിച്ചുവിളിച്ചു. സൗദിയില്‍ ശിയാപണ്ഡിതനെ വധശിക്ഷയ്ക്കു വിധേയമാക്കിയതില്‍ പ്രതിഷേധിച്ച് ഇറാനില്‍ സൗദി എംബസി അഗ്നിക്കിരയാക്കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഇറാനുമായുള്ള നയതന്ത്ര ബന്ധം സൗദി വിച്ഛേദിച്ചത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കത്തില്‍ ജോര്‍ദാന്‍, ജിബൂത്തി, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളും സൗദി അറേബ്യക്കു പിന്തുണ അറിയിച്ചിട്ടുണ്ട്. 47 പേരെ വധശിക്ഷയ്ക്കു വിധേയരാക്കിയത് സൗദി അറേബ്യയുടെ ആഭ്യന്തര പ്രശ്‌നമാണെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ അഭിപ്രായപ്പെട്ടു. രാജ്യത്തെ വിഘടനവാദ പ്രവര്‍ത്തനങ്ങളെ അടിച്ചമര്‍ത്താനാണ് നിംറ് അല്‍ നിംറിനെ സൗദി വധശിക്ഷയ്ക്കു വിധേയനാക്കിയത്.
സിറിയയില്‍ നിരവധി സിവിലിയന്‍മാരെ കൂട്ടക്കൊല ചെയ്യുന്നതിനെതിരേ നിശ്ശബ്ദത പാലിക്കുകയും അവരെ സഹായിക്കുകയും ചെയ്യുന്നവരാണ് ഒരാളുടെ വധശിക്ഷയ്‌ക്കെതിരേ പ്രതിഷേധം ഉയര്‍ത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, തെഹ്‌റാനിലെ സൗദി എംബസി ആക്രമിച്ചവര്‍ക്കെതിരേ ഉടന്‍ നടപടിയെടുക്കാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി പ്രോസിക്യൂട്ടറോട് ആവശ്യപ്പെട്ടു. അതേസമയം യമനിലെ തങ്ങളുടെ എംബസിക്കു നേരേ സൗദിസഖ്യസേന വ്യോമാക്രമണം നടത്തിയതായി ഇറാന്‍ ആരോപിച്ചു. ആക്രമണത്തില്‍ എംബസിക്കു കേടുപാടുകള്‍ സംഭവിച്ചതായും ഉദ്യോഗസ്ഥര്‍ക്കു പരിക്കേറ്റതായും ഇറാന്‍ വക്താവ് ഹുസൈന്‍ ജാബിര്‍ അന്‍സാരിയെ ഉദ്ധരിച്ച് ഇറാന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. എന്നാല്‍, എംബസി പരിസരത്താണ് ആക്രമണം നടന്നതെന്നും എംബസിയുടെ പ്രധാന കെട്ടിടത്തിനു കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നും ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ബിബിസി റിപോര്‍ട്ട് ചെയ്തു. സൗദി അറേബ്യയില്‍നിന്നുള്ള എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും ഇറാന്‍ സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി.
Next Story

RELATED STORIES

Share it