World

യമന്‍ ക്ഷാമത്തിന്റെ വക്കിലെന്ന് യുഎന്‍

സന്‍ആ: യമനില്‍ അവശ്യവസ്തുക്കളുടെ വിതരണം വഷളായിക്കൊണ്ടിരിക്കുകയാണെന്നും രാജ്യം കടുത്ത ക്ഷാമത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും യുഎന്‍ ഭക്ഷ്യസുരക്ഷാ ഏജന്‍സിയുടെ മുന്നറിയിപ്പ്. 22 യമന്‍ പ്രവിശ്യകളില്‍ പകുതിയോളം ഭക്ഷ്യസുരക്ഷയില്‍ എമര്‍ജന്‍സി വിഭാഗത്തിലാണ് ഏജന്‍സി ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കടുത്ത ക്ഷാമത്തിന്റെ തൊട്ടുമുമ്പുള്ള വിഭാഗമാണിത്. സുരക്ഷാകാരണങ്ങളും രാജ്യത്തെ വിഭാഗീയ സംഘര്‍ഷവും ആക്രമണങ്ങളും കാരണം ലോകത്ത് ജോലി ചെയ്യാന്‍ ഏറ്റവും പ്രയാസകരമായ ഇടമാണ് യമനെന്നാണ് ഏജന്‍സി ഡയറക്ടര്‍ മാത്യു ഹോളിങ്‌വര്‍ത് സന്‍ആയില്‍ പറഞ്ഞത്. തങ്ങള്‍ അവിശ്രമം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ മാസവും കൂടുതല്‍ ആളുകളിലേക്ക് എത്താനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവരുകയാണ്. എന്നാല്‍, രാജ്യത്തിന്റെ പകുതി ഭാഗം ക്ഷാമത്തിന്റെ പിടിയിലേക്കാണ് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നത്. അടുത്ത ഏതാനും മാസങ്ങളില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയും സഹായവും യമന് ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. 2.3 കോടി വരുന്ന ജനസംഖ്യയില്‍ 1.44 കോടി ജനങ്ങളും ഭക്ഷ്യ അപര്യാപ്തത നേരിടുന്നതായി ഏജന്‍സി വ്യക്തമാക്കി. ഇതില്‍ 76 ലക്ഷം ജനങ്ങള്‍ കടുത്ത ഭക്ഷണ ദൗര്‍ലഭ്യം നേരിടുന്നുണ്ട്.
മാര്‍ച്ച് മുതല്‍ സൗദി നേതൃത്വത്തിലുള്ള അറബ് സഖ്യസേന രാജ്യത്തെ ഹൂഥി വിമതര്‍ക്കെതിരേ വ്യോമാക്രമണം നടത്തിവരുകയാണ്.
Next Story

RELATED STORIES

Share it