Alappuzha local

യന്ത്രവല്‍കൃത മല്ലികക്കാ ഖനനം വ്യാപകം; പരമ്പരാഗത തൊഴിലാളികള്‍ പട്ടിണിയില്‍

പൂച്ചാക്കല്‍: വേമ്പനാട്ട് കായലില്‍ യന്ത്രവല്‍കൃത മല്ലികക്കാഖനനം വര്‍ധിച്ചതോടെ പരമ്പരാഗത കക്കാ തൊഴിലാളികള്‍ പട്ടിണിയില്‍. തണ്ണീര്‍മുക്കം, വൈക്കം ടിവി പുരം തുടങ്ങിയ സ്ഥലങ്ങളിലാണ് ഖനനം നടക്കുന്നത്. വര്‍ഷങ്ങളായി വടുതല അരേശ്ശേരിക്ക് സമീപം പ്രവര്‍ത്തിക്കുന്ന കക്കാ സംഭരണ കേന്ദ്രത്തില്‍ നേരത്തെ ലഭിച്ചിരുന്നതിന്റ പകുതി കക്കാ പോലും ലഭിക്കുന്നില്ലന്ന് തൊഴിലാളികള്‍ പറയുന്നു.
കക്കായുടെ ലഭ്യത കുറഞ്ഞതോടെ സംഭരണ കേന്ദ്രത്തില്‍ പണിയെടുക്കുന്ന തൊഴിലാളികളെ പറഞ്ഞയക്കാന്‍ നിര്‍ബന്ധിതരാകുകയാണന്ന് കക്കാസംഘങ്ങള്‍ നടത്തുന്നവര്‍ പറയുന്നു.
നേരത്തെ ഒരു മണിക്കൂര്‍കൊണ്ട് ഒരു വള്ളം നിറയെ കക്കാ ലഭിച്ചിരുന്നെങ്കില്‍ ഇന്ന് ഒരു ദിവസം പണിയെടുത്താലും ഇത് കിട്ടുന്നില്ലെന്ന് തൊഴിലാളികള്‍ പറയുന്നു.
കായലില്‍ നിന്ന് വാരി വള്ളത്തില്‍ കരക്ക് എത്തിക്കുന്ന കക്കാ പുഴുങ്ങി തോട്, മാംസം എന്നിവ വേര്‍തിരിച്ചാണ് വിപണിയില്‍ എത്തിക്കുന്നത്. ഇങ്ങനെ പുഴുങ്ങിയെടുക്കുന്ന ഒരു കുട്ട കക്കാ മാംസത്തിന് 60 മുതല്‍ 70 വരെ വില ലഭിക്കും. ഇത് ആവശ്യക്കാര്‍ കക്കാ സംഭരണ കേന്ദ്രത്തില്‍ നേരിട്ടെത്തി ശേഖരിക്കും. കക്കാ തോട് തമിഴ്‌നാട്ടിലേക്കായിരുന്നു കയറ്റി അയച്ചിരുന്നത്. സിമന്റ് നിര്‍മാണ കമ്പനികളാണ് കക്കാതോട് സംഭരണ കേന്ദ്രത്തില്‍ നിന്ന് വലിയ ലോറികളില്‍ കയറ്റികൊണ്ട് പോയിരുന്നത്.
എന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ചുണ്ണാമ്പ് കല്ല് വ്യാപകമായി ലഭിച്ചതോടെ കക്കാതോടിന് ആവശ്യക്കാര്‍ കുറഞ്ഞു. 15 മില്ലീമീറ്റര്‍ വലിപ്പമുള്ള കക്കാ മാത്രമേ വാരാന്‍ നിയമമുള്ളു. എന്നാല്‍ സ്വകാര്യ വ്യക്തിക്കള്‍ യന്ത്രം ഉപയോഗിച്ച് മല്ലികക്കാഖനനം നടത്തുന്നതിനാല്‍ കായലില്‍ കക്കാ ലഭ്യതയും കുറഞ്ഞു. കൂടാതെ കായലില്‍ മാലിന്യത്തിന്റ അളവ് വര്‍ധിച്ചതും കക്കായുടെ ലഭ്യതക്കുറവിന് കാരണമായി.
കക്കായുടെ ലഭ്യതക്കുറവ് മൂലം ചേര്‍ത്തല താലൂക്കിലെ ആയിരകണക്കിന് കക്കാ തൊഴിലാളികളാണ് വഴിയാധാരമായത്. ഹോട്ടലുകളില്‍ കക്കാ ഇറച്ചിക്ക് വലിയ ഡിമാന്റാണെങ്കിലും യന്ത്രവല്‍കൃത ഖനനം മൂലം കക്കായുടെ ലഭ്യത കുറഞ്ഞതിനാല്‍ തൊഴിലാളികള്‍ക്ക് ഇത് പ്രയോജനം ചെയ്യുന്നില്ല.
Next Story

RELATED STORIES

Share it