malappuram local

യന്ത്രവല്‍കൃത ബോട്ടുകളും യാനങ്ങളും കടലിലിറങ്ങുന്നത് നിര്‍ത്തിവച്ചു

പൊന്നാനി: തീരം വറുതിയുടെ പിടിയില്‍. സമീപകാലത്തൊന്നും അനുഭവപ്പെടാത്ത കടുത്ത മല്‍സ്യബന്ധന ക്ഷാമമാണ് തീരക്കടലില്‍ നേരിടുന്നത്. മല്‍സ്യത്തിന്റെ ലഭ്യത കുത്തനെ കുറഞ്ഞതുമൂലം മല്‍സ്യബന്ധനത്തിന് പോയിരുന്ന ഇടത്തരം യന്ത്രവല്‍കൃത ബോട്ടുകളും യാനങ്ങളും കടലിലിറങ്ങുന്നത് താല്‍ക്കാലികമായി അവസാനിപ്പിച്ചിരിക്കുകയാണ്.
വലുതും ചെറുതുമായ കടലില്‍ പോയ ബോട്ടുകളാവട്ടെ മിക്ക ദിവസങ്ങളിലും വെറും കൈയ്യോടെ തിരിച്ച് വരികയാണ്. കഴിഞ്ഞ മൂന്ന് മാസങ്ങളായി മല്‍സ്യത്തിന്റെ ലഭ്യത കുത്തനെ കുറഞ്ഞത് മൂലം പൊന്നാനി, ബേപ്പൂര്‍, ചേറ്റുവ തുറമുഖങ്ങളില്‍ നിന്നുള്ള പകുതിയിലധികം ബോട്ടുകളും കടലിലിറങ്ങിയിട്ടില്ല. മല്‍സ്യ ബന്ധനം കഴിഞ്ഞ് തിരിച്ചെത്തുന്ന ബോട്ടുകള്‍ക്ക് ഇഡനച്ചെലവിന്റെ പകുതി പോലും തിരിച്ചു കിട്ടാത്ത സ്ഥിതിയാണ്. വലിയ ബോട്ടുകള്‍ക്ക് ഒരു ദിവസം കടലില്‍ പോയി വരാന്‍ 25,000 രൂപ മുതല്‍ 30,000 രൂപ വരെയാണ് ചെലവ്. 500 മുതല്‍ 600 ലിറ്റര്‍ വരെ ഡീസല്‍ അടിക്കണം. കുറഞ്ഞത് ഏഴ് തൊഴിലാളികളും വേണം. എന്നാല്‍, ഇവര്‍ക്ക് കിട്ടുന്നതാവട്ടെ പതിനായിരത്തില്‍ താഴെ മീനുകളും. ചെറു ബോട്ടുകള്‍ക്ക് ഒരു ദിവസം നാലായിരം മുതല്‍ അയ്യായിരം രൂപ വരെയാണ് ചെലവ് വരുന്നത്. കുറഞ്ഞത് 5 തൊഴിലാളികളും വേണം. 300 ലിറ്റര്‍ ഡീസല്‍ ആണ് വേണ്ടത്. ഇവര്‍ക്ക് കിട്ടുന്നതാവടെ കുറഞ്ഞ തുകയ്ക്കുള്ള മല്‍സ്യവും.
ചെറു ബോട്ടുകള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നത് ചെറു ചെമ്മീനുകള്‍ ആണ്. ഒരു കൊട്ട (17 കിലോ) ചെമ്മീന് ലഭിക്കുന്നത് 1100 രൂപയാണ്. മല്‍സ്യബന്ധനത്തിന് പോവുന്നവര്‍ക്ക് കമ്മീഷന്‍ നിരക്കിലാണ് കൂലി.
നിലവിലെ സാഹചര്യത്തില്‍ മലയാളികളെ കടലില്‍ പോവാന്‍ കിട്ടുന്നില്ല. ബംഗാളികളാണ് ഇപ്പോള്‍ കടലില്‍ പോവുന്നത്. ആവശ്യത്തിന് തൊഴിലാളികളെ കിട്ടാത്ത ക്ഷാമവും ബോട്ടുടമകള്‍ നേരിടുന്നുണ്ട്.
ആഴക്കടലില്‍ വിദേശ ട്രോളറുകള്‍ നടത്തുന്ന അനിയന്ത്രിതമായ മല്‍സ്യ ബന്ധനം തീരക്കടലിലെ മല്‍സ്യ സമ്പത്തിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് ബോട്ടുടമകളും മല്‍സ്യത്തൊഴിലാളികളും പറയുന്നു. കാറ്റ് കാലം ആരംഭിക്കുന്നതോടെ തീരക്കടലില്‍ മല്‍സ്യലഭ്യതയില്‍ കുറവ് ഉണ്ടാവുമെങ്കിലും ഇത്രയും ഭീകരമായ അവസ്ഥ ഇതാദ്യമത്രെ.
ഈ സീസണില്‍ കൂടുതലായി ലഭിക്കുന്ന പൂവാലന്‍, നാരന്‍, കരിക്കാലി ഇനത്തില്‍ പെട്ട ചെമ്മീനുകള്‍ പൂര്‍ണമായും അപ്രത്യക്ഷ്യമായ നിലയിലാണ്. വലിയ ഇനം മല്‍സ്യങ്ങളായ അയക്കൂറ, ആവോലി, നെടുക, കോലി എന്നിവ ഇടത്തരം ബോട്ടുകാരുടെ വലയില്‍ കുടുങ്ങിയിട്ട് കാലങ്ങളായി.
അന്യ സംസ്ഥാനത്ത് നിന്നാണ് ഇപ്പോള്‍ വലിയ മീനുകള്‍ നമ്മുടെ വിപണിയില്‍ എത്തുന്നത്. സംസ്ഥാനത്തിന്റെ തീരദേശത്ത് നിന്ന് ഇത്തരം മല്‍സ്യങ്ങള്‍ വംശനാശം നേരിട്ട സ്ഥിതിയാണെന്നും തൊഴിലാളികള്‍ പറയുന്നു.
Next Story

RELATED STORIES

Share it