Pathanamthitta local

യന്ത്രത്തകരാര്‍; വിവിധ സ്ഥലങ്ങളില്‍ വോട്ടെടുപ്പ് തടസ്സപ്പെട്ടു; നാലിടത്ത് ജീവനക്കാരെ മാറ്റി

പത്തനംതിട്ട: ജില്ലയിലെ വിവിധ ബൂത്തുകളില്‍ വോട്ടങ് യന്ത്രത്തിനുണ്ടായ സാങ്കേതിക തകരാറുകള്‍ വോട്ടെടുപ്പ് തടസ്സപ്പെടുത്തി. പലയിടത്തും സാങ്കേതിക വിദഗ്ധര്‍ എത്തി പരിഹിച്ചു. എന്നാല്‍ ഒന്നിലേറെ തവണ പ്രവര്‍ത്തനം തടസ്സപ്പെട്ട ബൂത്തുകളില്‍ യന്ത്രം മാറ്റിവയ്‌ക്കേണ്ടിവന്നു. ഏതാനും മണ്ഡലങ്ങളില്‍ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ മാറ്റി പകരം ആളെ നിയമിക്കേണ്ടതായും വന്നു.
റാന്നി മണ്ഡലത്തിലെ പ്ലാങ്കമണ്‍ എസ്എന്‍ഡിപി സ്‌കൂളിലെ 110ാം ബൂത്തില്‍ രണ്ടുവട്ടം യന്ത്രം കേടായി. വരണാധികാരി തന്നെ എത്തി കാര്യങ്ങള്‍ പരിശോധിച്ച് യന്ത്രം മാറ്റി. ആദ്യതവണ സാങ്കേതിക വിദഗ്ധര്‍ എത്തി പ്രശ്‌നം പരിഹരിച്ച് വോട്ടിങ് പുനരാരംഭിച്ച ശേഷമാണ് വീണ്ടും തകരാറിലായത്. പിന്നീട് 9.50 ഓടെ പുതിയ യന്ത്രം സ്ഥാപിക്കുകയായിരുന്നു. ആദ്യം വോട്ടെടുപ്പ് നടന്ന യന്ത്രത്തില്‍ 200 വോട്ടുകള്‍ പോള്‍ ചെയ്തു. റാന്നിയിലെ 110ാം നമ്പര്‍ ബൂത്തായ വെള്ളിയറ എസ്എന്‍ഡിപി യുപിഎസില്‍ ബാലറ്റ് യൂനിറ്റിലെ ബട്ടന്‍ തകരാറായതിനെ തുടര്‍ന്ന് രാവിലെ 9.50ന് വോട്ടിങ് യന്ത്രം മാറ്റി സ്ഥാപിച്ചു. കുളനട പഞ്ചായത്ത് എച്ച്എസ്എസിലെ 124ാം ബൂത്തില്‍ യന്ത്രം പണി മുടക്കി. ഇതുമൂലം വോട്ടിങ്ങ് തുടങ്ങാന്‍ ഒരു മണിക്കൂറിലേറെ വൈകി. മുട്ടം സ്‌കൂളില്‍ ബീപ് ശബ്ദം മോശം എന്ന് വോട്ടര്‍മാര്‍ പരാതി പറഞ്ഞതിനെ തുടര്‍ന്ന് പരിശോധന നടത്തി. ആറന്മുളയില്‍ മൂന്ന് ബൂത്തില്‍ യന്ത്രം കേടായതിനെ തുടര്‍ന്ന് പുനസ്ഥാപിച്ചു.
പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണം വോട്ടിങ് യന്ത്രത്തില്‍ തെറ്റായി കാണിക്കുന്നതായുള്ള പരാതിയെ തുടര്‍ന്ന് ആറന്മുള മണ്ഡലത്തിലെ ഇലന്തൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ 100ാം നമ്പര്‍ ബൂത്തിലെ വോട്ടെടുപ്പ് അല്‍പ്പ നേരം നിര്‍ത്തിവച്ചു. കോഴഞ്ചേരിയില്‍ തോട്ടപ്പുഴശേരി പഞ്ചായത്തില്‍ എംടിഎല്‍പിഎസില്‍ യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് വോട്ടെടുപ്പ് തുടങ്ങാന്‍ വൈകി.
ഇടയാറന്‍മുള എംടിഎല്‍പിഎസില്‍ രാവിലെ അര മണിക്കൂര്‍ യന്ത്രം പണിമുടക്കി. വൈകീട്ട് മൂന്നിനും ഇവിടെ ഇതേ പ്രശ്‌നം ഉണ്ടായി. ഒരു മണിക്കൂറിന് ശേഷം പുതിയ യന്ത്രം എത്തിച്ചു. തിരുവല്ല പെരിങ്ങര 128ാം നമ്പര്‍ ബൂത്തില്‍ തകരാര്‍ മൂലം അരമണിക്കൂര്‍ വോട്ടിങ് തടസ്സപ്പെട്ടു.
കടപ്ര ഗവ. യുപി സ്‌കൂളില്‍ ബാറ്ററി തകരാര്‍ മൂലം യന്ത്രം പണി മുടക്കി. പുതിയ ബാറ്ററി കൊണ്ടുവന്ന് പ്രശ്‌നം പരിഹരിച്ചു. 129 നമ്പര്‍ ബൂത്തായ ചാത്തങ്കരി എസ്എന്‍ഡിപിഎച്ച്എസില്‍ ലിങ്ക് തകരാറിനെ തുടര്‍ന്ന് വൈകീട്ട് 4.30ന് വോട്ടിങ് യന്ത്രം മാറ്റി സ്ഥാപിച്ചു. കോന്നി മണ്ഡലത്തിലെ 100ാം നമ്പര്‍ ബൂത്തായ പേരൂര്‍ക്കുളം ഗവ.് എല്‍പി സ്‌കൂളില്‍ തകരാറിലായതിനെ തുടര്‍ന്ന് രാവിലെ 9.04ന് വോട്ടിങ് യന്ത്രം മാറ്റി. അടൂര്‍ മണ്ഡലത്തിലെ 127ാം നമ്പര്‍ ബൂത്തായ തെങ്ങമം ഗവ. എല്‍പി സ്‌കൂളിലെ വോട്ടിങ് യന്ത്രം ബാറ്ററി ചാര്‍ജ് കുറഞ്ഞതിനെ തുടര്‍ന്ന് മാറ്റി സ്ഥാപിച്ചു.
ഏനാത്ത് 186ാം ബൂത്തില്‍ പോളിങ് ഓഫിസര്‍ക്ക് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ മാറ്റി പുതിയ ആളെ ചുമതലപ്പെടുത്തി. പന്നിവിഴ ഈസ്റ്റ് എല്‍പിയില്‍ വോട്ടിങ് ഇഴഞ്ഞു നീങ്ങിയതിനാല്‍ രണ്ടാം പോളിങ് ഓഫിസറെ നിരീക്ഷകന്‍ മാറ്റി. ഏറത്ത് പഞ്ചായത്തില്‍ ചൂരക്കോട് ഗവ. സ്‌കൂളിലെ ഒന്നാം പോളിങ് ഓഫിസര്‍ക്ക് കാഴ്ചയ്ക്ക് മങ്ങല്‍ ഉണ്ടായതിനെ തുടര്‍ന്ന് പോളിങ് തടസ്സപ്പെട്ടു. ഒന്നരമണിക്കൂറിന് ശേഷം പുതിയ ആളെ നിയമിച്ച് പോളിങ് പുനരാരംഭിച്ചു. കാവുംഭാഗം ഡിബി സ്‌കൂളില്‍ പോളിങ് ഓഫിസര്‍ക്ക് തളര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് പോളിങ് തടസ്സപ്പെട്ടു.
Next Story

RELATED STORIES

Share it