യന്ത്രത്തകരാര്‍: കരിപ്പൂരിലേക്കുള്ള അബൂദബി വിമാനം മുടങ്ങി

കരിപ്പൂര്‍: യന്ത്രത്തകരാറിനെ തുടര്‍ന്ന് അബൂദബിയില്‍ നിന്ന് കരിപ്പൂരിലേക്കുള്ള വിമാനം മുടങ്ങി. തിങ്കളാഴ്ച രാത്രി 12.35ന് അബൂദബിയില്‍ നിന്നു പുറപ്പെട്ട് പുലര്‍ച്ചെ 5.45ന് കരിപ്പൂരിലെത്തേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഐഎക്‌സ്-348 വിമാനമാണു മുടങ്ങിയത്. കരിപ്പൂരിലേക്കു പുറപ്പെടാനായി തിങ്കളാഴ്ച രാത്രി 9 മണിയോടെ തന്നെ യാത്രക്കാര്‍ അബൂദബി വിമാനത്താവളത്തിലെത്തിയിരുന്നു.
പരിശോധനകള്‍ പൂര്‍ത്തിയാക്കി നിശ്ചിതസമയം കഴിഞ്ഞിട്ടും യാത്രക്കാരെ വിമാനത്തില്‍ കയറ്റിയില്ല. രാത്രി ഒരുമണിയോടെ കൗണ്ടറിലെത്തിയപ്പോള്‍ മുംബൈയില്‍ നിന്ന് അറിയിപ്പു വരാതെ തങ്ങള്‍ക്കൊന്നും അറിയില്ലെന്നു പറഞ്ഞ് അധികൃതര്‍ കൈമലര്‍ത്തുകയായിരുന്നു. ഇതോടെ യാത്രക്കാര്‍ ക്ഷുഭിതരായി. സ്ത്രീകളും കുട്ടികളുമടക്കം 153 യാത്രക്കാരാണു വിമാനത്തിലുണ്ടായിരുന്നത്. രാത്രി രണ്ടോടെ കൗണ്ടറിനു മുന്നില്‍ വീണ്ടും ബഹളം തുടര്‍ന്നതോടെയാണ് വിമാനം യന്ത്രത്തകരാറാണെന്നും ചൊവ്വാഴ്ച പുറപ്പെടുമെന്നും അറിയിച്ചത്. രാവിലെ 10 മണിയോടെ എയര്‍ ഇന്ത്യയുടെ മാനേജര്‍ എത്തിയെങ്കിലും വിമാനം രാത്രി ഒമ്പതു മണിയോടെ മാത്രമെ പുറപ്പെടുകയുള്ളൂവെന്ന് അറിയിക്കുകയായിരുന്നു.
യാത്രക്കാരുടെ പ്രയാസം കണ്ട് വിമാനത്താവളത്തിലുള്ള മറ്റുള്ളവരാണ് ഭക്ഷണത്തിനും മറ്റും സൗകര്യമൊരുക്കിയത്. അബൂദബി-കരിപ്പൂര്‍ വിമാനം മുടങ്ങിയെങ്കിലും വിമാനത്തിന്റെ കരിപ്പൂര്‍-ഷാര്‍ജ സര്‍വീസിന് പ്രത്യേക വിമാനമെത്തി സര്‍വീസ് നടത്തി.
അബൂദബിയില്‍ കുടുങ്ങിയ വിമാനം രാവിലെ ഷാര്‍ജയിലേക്കു പോവേണ്ടതായിരുന്നു. വിമാനത്തില്‍ ഷാര്‍ജയിലേക്കു പോവാനായി യാത്രക്കാരും കരിപ്പൂരിലെത്തിയിരുന്നു. വിമാനം മുടങ്ങിയതോടെ തിരുവനന്തപുരത്തു നിന്ന് പ്രത്യേക വിമാനമെത്തിച്ച് യാത്രക്കാരെ എയര്‍ ഇന്ത്യ കൊണ്ടുപോയി.
Next Story

RELATED STORIES

Share it