Flash News

യഥാസമയം ചികില്‍സയില്ല ; ഇടമലക്കുടിയില്‍ ശിശുമരണം ആവര്‍ത്തിക്കുന്നു



സി എ സജീവന്‍

തൊടുപുഴ: കേരളത്തിലെ ഏക ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ ശിശുമരണം തുടര്‍ക്കഥയാവുന്നു. മന്ത്രിമാരടക്കമുള്ള ഒട്ടേറെ പ്രമുഖരും രാഷ്ട്രീയ നേതാക്കളും വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരെല്ലാം ഇവിടെ സന്ദര്‍ശനം നടത്തി മടങ്ങുന്നതല്ലാതെ അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ യാതൊന്നും ഇവിടെ ചെയ്യുന്നില്ല. വനം-ആരോഗ്യ-പട്ടികവര്‍ഗ-റവന്യൂ വകുപ്പുകള്‍ കൈകോര്‍ത്താല്‍ മാത്രമെ വികസന പദ്ധതികള്‍ ഇടമലക്കുടിയിലെത്തൂ. അക്കാര്യത്തില്‍ വിവിധ വകുപ്പുകള്‍ അനാസ്ഥ തുടരുന്നതാണ് പ്രശ്‌നം രൂക്ഷമാക്കുന്നത്. കഴിഞ്ഞദിവസം മൂന്നുമരണമാണ് ഇടമലക്കുടിയിലുണ്ടായത്. കഴിഞ്ഞ ഫെബ്രുവരിയിലും ആഗസ്തിലും നവംബറിലും ഇവിടെ ചികില്‍സ കിട്ടാതെ കുഞ്ഞുങ്ങള്‍ മരിച്ചിരുന്നു. ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് എത്തിപ്പെടാന്‍ കഴിയാതെ വരുന്നതും കൂടി നിവാസികള്‍ക്കു പുറത്തേക്ക് എത്താന്‍ പറ്റാതെ വരുന്നതും ഒപ്പം സാമ്പത്തിക ബുദ്ധിമുട്ടും ചികില്‍സയ്ക്കു തടസ്സമാവുന്നു. കഴിഞ്ഞ പതിനൊന്നു മാസത്തിനിടയില്‍ ഇടമലക്കുടിയിലെ മൂന്നു കുട്ടികളും അടിമാലിക്കടുത്തുള്ള ആദിവാസി കുടിയില്‍ ഒരു കുട്ടിയും ചികില്‍സ ലഭിക്കാതെ മരണമടഞ്ഞു. ഒന്നരമാസമുള്ള കുഞ്ഞും പ്രസവത്തെ തുടര്‍ന്ന് യുവതിയും കുഞ്ഞുമാണ് ഇടമലക്കുടിക്ക് കഴിഞ്ഞ ദിവസം നഷ്ടമായത്.കുടികളില്‍ നിന്നും കിലോമീറ്ററുകള്‍ അകലെ മാത്രമാണ് ആശുപത്രിയുള്ളത്.  28 കുടികളില്‍ ചിലത് കേരളത്തോടും മറ്റുള്ളവ തമിഴ്‌നാടിനോട് ചേര്‍ന്നുമാണ് കിടക്കു—ന്നത്. കേരളത്തോടു ചേര്‍ന്നു കിടക്കുന്ന കുടികളില്‍ നിന്നും കാനനപാത കടന്ന് 23 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ മാത്രമാണ് മൂന്നാറിലെത്താനാവുക. വിദഗ്ധ ചികില്‍സ ആവശ്യമാവുന്ന പക്ഷം 150 കിലോമീറ്റര്‍ അകലെ കോട്ടയത്ത് എത്തേണ്ടി വരും. സമാനമായ അവസ്ഥയാണ് തമിഴ്‌നാടിനോടു ചേര്‍ന്നു കിടക്കുന്ന കുടികള്‍ക്കുമുള്ളത്. അടിയന്തര സാഹചര്യങ്ങളില്‍ തേനിയിലോ കോയമ്പത്തൂരിലോ എത്തണം. ഇതിനുള്ള പണമോ ശേഷിയോ കുടിക്കാര്‍ക്കില്ല. ഗര്‍ഭകാലത്ത് ലഭിക്കേണ്ട പരിചരണവും കുടികളിലുള്ളവര്‍ക്ക് ലഭ്യമാവുന്നില്ല. പ്രസവത്തിന് യഥാസമയം ആശുപത്രിയിലെത്താന്‍ പോലും ഇവിടെ പലര്‍ക്കും കഴിയാറില്ല. അടിയന്തര സാഹചര്യങ്ങളില്‍പോലും നാട്ടുമരുന്നുകള്‍ മാത്രം ആശ്രയിച്ച് കഴിയുന്ന രീതിയാണ് ഇവര്‍ തുടരുന്നത്.പ്രസവത്തിനായി ആശുപത്രിയിലെത്താതെ തദ്ദേശീയ സംവിധാനമായ വാലായ്മപ്പുരയെ ആശ്രയിച്ചപ്പോഴായിരുന്നു കഴിഞ്ഞ വര്‍ഷം  മൂന്നു നവജാത ശിശുക്കള്‍ മരിച്ചത്. ഗര്‍ഭിണികളായ മൂന്നു യുവതികളെ സാഹസികമായി ചുമന്ന് ആശുപത്രികളില്‍ എത്തിച്ചതിനാല്‍ ജീവന്‍ രക്ഷിക്കാനായി. വാലായ്മപ്പുര പ്രസവങ്ങള്‍ക്കെതിരേ വനം, ആരോഗ്യവകുപ്പുകള്‍ ബോധവല്‍ക്കരണം സംഘടിപ്പിച്ചെങ്കിലും ഫലം കണ്ടില്ല. ചികില്‍സ ലഭ്യമാക്കാന്‍ കഴിയുംവിധം ഗര്‍ഭിണികള്‍ ഇടമലക്കുടിക്കു പുറത്തു ബന്ധുവീടുകളില്‍ എവിടെയെങ്കിലും താമസിക്കണമെന്ന നിര്‍ദേശവും പാലിക്കപ്പെടുന്നില്ല. ഇടമലക്കുടിയില്‍ 1.20 കോടി രൂപ ചെലവില്‍ ആശുപത്രി സ്ഥാപിക്കുമെന്ന് ആരോഗ്യമന്ത്രി പ്രഖ്യാപിച്ചിട്ട് ആറുമാസമായെങ്കിലും തുടര്‍നടപടികള്‍ ഉണ്ടാവുന്നുമില്ല.
Next Story

RELATED STORIES

Share it