യഥാര്‍ഥ ദേശദ്രോഹികള്‍ ആര്‍എസ്എസ്: ഹുച്ചങ്കി പ്രസാദ്

കോഴിക്കോട്: യഥാര്‍ഥ ദേശദ്രോഹികള്‍ ആര്‍എസ്എസുകാരാണെന്ന് പ്രശസ്ത കന്നട എഴുത്തുകാരന്‍ ഹുച്ചങ്കി പ്രസാദ്. അവര്‍ ഇന്ത്യയുടെ ത്രിവര്‍ണത്തെ ബഹുമാനിക്കുന്നില്ല. സത്യം പറയുന്നവരെയും പുരോഗമന ചിന്താഗതിക്കാരെയും ആക്രമിക്കുന്ന അവര്‍ സമൂഹത്തെ ഭിന്നിപ്പിച്ചു കൊണ്ടിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ഫോര്‍ ഡെമോക്രസി ജനാധിപത്യത്തിനെതിരായ സംഘപരിവാര കടന്നുകയറ്റങ്ങള്‍ക്കെതിരേ സംഘടിപ്പിച്ച ഇന്ത്യ റെസിസ്റ്റ്‌സ് സാംസ്‌കാരിക പ്രതിരോധ കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമുക്ക് സ്വാതന്ത്ര്യത്തിനു വേണ്ടി ഒരിക്കല്‍ കൂടി സമരം ചെയ്യേണ്ടി വരും. നാം എന്ത് തിന്നണമെന്നും ചിന്തിക്കണമെന്നും എന്ത് സംസാരിക്കണമെന്നും ഒരു വിഭാഗം തീരുമാനിച്ചുകൊണ്ടിരിക്കയാണ്. നമ്മള്‍ മതേതര വാദികളും ഇന്ത്യയുടെ ബഹുസ്വരതയില്‍ വിശ്വസിക്കുന്നവരുമാണ്. അവര്‍ നമ്മെ ദേശസ്‌നേഹം പഠിപ്പിക്കേണ്ടതില്ല. ബിജെപി അധികാരത്തിലെത്തിയ ശേഷം ഈ സര്‍ക്കാരിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ദേശവിരുദ്ധമാണ്. ആര്‍എസ്എസ് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തിട്ടില്ല. ഇവിടുത്തെ ദലിതരും മുസ്‌ലിംകളും ക്രിസ്ത്യാനികളുമാണ് യഥാര്‍ഥ രാജ്യ സ്‌നേഹികളെന്നും അദ്ദേഹം പറഞ്ഞു.
പ്രമുഖ എഴുത്തുകാരന്‍ കെ ഇ എന്‍ കുഞ്ഞഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്തു. അസഹിഷ്ണുതയാണ് ബിജെപി സര്‍ക്കാരിന്റെ മാതൃഭാഷയെന്ന് അദ്ദേഹം പറഞ്ഞു. അവരുടെ സൈദ്ധാന്തിക ഗ്രന്ഥങ്ങളില്‍ ഇടമുറിയാതെ നില്‍ക്കുന്നത് അസഹിഷ്ണുതയാണ്. അതുകൊണ്ട് സംഘപരിവാരക്കാരുടെ അസഹിഷ്ണുതയില്ലാത്ത പ്രസ്താവനയെയാണ് നാം ഭയക്കേണ്ടത്. കാരണം അതവരുടെ സൈദ്ധാന്തിക നിലപാടില്‍ നിന്നുള്ള വ്യതിചലനമാണ്. സാമ്രാജ്യത്വ വിരുദ്ധത സൂക്ഷിക്കുമ്പോഴേ ദേശീയതയ്ക്ക് പ്രസക്തിയുള്ളൂ. അതുകൊണ്ട് സാമ്രാജ്യത്വ രാജഭരണ വിരുദ്ധ നടപടികളെടുക്കാത്ത സംഘപരിവാരത്തിന് ഒരിക്കലും ദേശീയതയുടെ വക്താക്കളാകാനാവില്ല. അദ്ദേഹം പറഞ്ഞു.
എ വാസു അധ്യക്ഷത വഹിച്ചു. സ്വാതന്ത്ര്യ സമര സേനാനി നാരായണപിള്ള, പ്രമുഖ ദലിത് ചിന്തകന്‍ സണ്ണി എം കപിക്കാട്, പുരോഗമന പ്രവര്‍ത്തകന്‍ ഹാരോഹള്ളി രവീന്ദ്ര, ഗവേഷക വിദ്യാര്‍ഥി ദിലീപ് നരസിംഹയ്യ, ജോണ്‍സണ്‍ നെല്ലിക്കുന്ന്, മാധ്യമ പ്രവര്‍ത്തക വി പി റജീന, കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി എ റഊഫ്, ഡോ. കെ എസ് സുധീപ് (എന്‍ഐടി), ഐ ക്യു ബാസില (കോഴിക്കോട് ലോ കോളജ്), സി പി മുഹമ്മദലി സംസാരിച്ചു.—
Next Story

RELATED STORIES

Share it