Flash News

മൗസില്‍ : അല്‍നൂരി മസ്ജിദ് പ്രദേശം തിരിച്ചുപിടിച്ചതായി ഇറാഖ് സേന



മൗസില്‍: മൗസിലിലെ അല്‍നൂരി മസ്ജിദ് പ്രദേശം തിരിച്ചുപിടിച്ചതായി ഇറാഖ്‌സേന. ഐഎസ് പിടിച്ചടക്കിയ മൗസില്‍ നഗരം തിരിച്ചുപിടിക്കുന്നതിനായി എട്ടുമാസത്തിലധികമായി തുടരുന്ന പോരാട്ടത്തില്‍ വിജയത്തോട് കൂടുതല്‍ അടുത്തതായും ഇറാഖ് പ്രതികരിച്ചു. 2014 ജൂണില്‍ ഐഎസ് നേതാവ് അബൂബക്കര്‍ അല്‍ ബഗ്ദാദി സ്വയം ഖലീഫയായി അവരോധിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തിയ മസ്ജിദ് തിരിച്ചുപിടിക്കാനായത് മൗസില്‍ പോരാട്ടത്തിലെ വലിയ വിജയമാണെന്നും അവര്‍ വ്യക്തമാക്കി. 850 വര്‍ഷം പഴക്കമുള്ള നൂരി മസ്ജിദ് കഴിഞ്ഞ വ്യാഴാഴ്ചയുണ്ടായ ഐഎസ് ബോംബാക്രമണത്തില്‍ തകര്‍ന്നതായി ഇറാഖ് സേന ആരോപിച്ചിരുന്നു. പള്ളിക്കു സമീപമുള്ള അല്‍ ഹദ്ബ മിനാരവും ആക്രമണത്തില്‍ തകര്‍ന്നിരുന്നു. എന്നാല്‍, യുഎസ് സഖ്യസേന നടത്തിയ ആക്രമണത്തിലാണ് പള്ളി തകര്‍ന്നതെന്നായിരുന്നു ഐഎസിന്റെ പ്രതികരണം. യുഎസ് ഇത്്് നിഷേധിച്ചിരുന്നു.  പടിഞ്ഞാറന്‍ മൗസിലിലെ പഴയ നഗരഭാഗങ്ങളിലെ ഏതാനും പ്രദേശങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ ഐഎസ് സാന്നിധ്യമുള്ളത്. വരുംദിവസങ്ങളില്‍ ഐഎസുമായുള്ള ഏറ്റുമുട്ടല്‍ ശക്തമാവുമെന്ന് കരുതപ്പെടുന്നതായി സൈന്യം അറിയിച്ചു.  മൗസില്‍ തിരിച്ചുപിടിക്കുന്നതിനായുള്ള യുദ്ധത്തില്‍ അന്തിമ നടപടികളിലേക്കു നീങ്ങാന്‍ ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി സൈന്യത്തിനു നിര്‍ദേശം നല്‍കി. മൗസില്‍, റഖ നഗരങ്ങള്‍ തലസ്ഥാനങ്ങളാക്കി ഇറാഖിലും സിറിയയിലുമുള്ള പ്രദേശങ്ങള്‍ പിടിച്ചടക്കിയാണ് 2014ല്‍ ഐഎസ്് ഖിലാഫത്് സ്ഥാപിക്കുന്നതായി അവകാശപ്പെട്ടത്. ഇതില്‍ ഇറാഖിലെ പാതിയില്‍ ഐഎസിനുള്ള നിയന്ത്രണമാണ് സൈന്യം മൗസില്‍ തിരിച്ചുപിടിക്കുന്നതോടെ അവസാനിക്കുന്നത്. കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് മൗസില്‍ ഐഎസില്‍നിന്ന് തിരിച്ചുപിടിക്കുന്നതിനായി ഇറാഖ് സൈനികനീക്കം ആരംഭിച്ചത്. യുഎസും കുര്‍ദുകളും അവര്‍ക്ക് സഹായം നല്‍കി. നഗരത്തിന്റെ കിഴക്കന്‍ മേഖലയില്‍ ഇറാഖ് പൂര്‍ണ നിയന്ത്രണം നേടിയിരുന്നു. മൗസില്‍ ഏറ്റുമുട്ടലില്‍ നഗരത്തിലെ സിവിലിയന്‍മാരുടെ ജീവിതത്തെ സാരമായി ബാധിച്ചു. ആയിരക്കണക്കിനുപേര്‍ നഗരത്തില്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതായാണ് കണക്കാക്കുന്നത്. ഒമ്പത് ലക്ഷത്തോളം സിവിലിയന്‍മാര്‍ കഴിഞ്ഞ എട്ടുമാസത്തിനിടെ നഗരത്തില്‍നിന്ന്് പലായനം ചെയ്തു. നഗരത്തില്‍ കഴിയുന്നവര്‍ പട്ടിണിയും രോഗങ്ങളും മൂലം വലിയ ക്ലേശത്തിലാണെന്ന്്് മനുഷ്യാവകാശ സംഘടനകള്‍ അറിയിച്ചിരുന്നു.
Next Story

RELATED STORIES

Share it