മൗലാനയും മക്കളും

കെ എന്‍ നവാസ് അലി

മഹാത്മാ ഗാന്ധി മതഭ്രാന്തന്റെ വെടിയേറ്റു കൊല്ലപ്പെട്ട ദിവസം. ദില്ലിയിലെ ബിര്‍ളാ ഹൗസിലൊരുക്കിയ സര്‍വമതപ്രാര്‍ഥനയിലേക്ക് വിങ്ങുന്ന മനസ്സോടെ കേരളത്തില്‍നിന്നുമൊരു കോണ്‍ഗ്രസ്സുകാരനെത്തി. എസ്.എം.ജെ. മൗലാന എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. ഗാന്ധിജിയുടെ വിയോഗത്തില്‍ ദുഃഖം നിയന്ത്രിക്കാനാവാതെ ആയിരങ്ങള്‍ പ്രാര്‍ഥനാമന്ത്രങ്ങളുരുവിടുന്ന സദസ്സ്. ഭജനകളും കീര്‍ത്തനങ്ങളും സാന്ത്വനമായി അലയടിക്കുന്ന വേദിയില്‍നിന്നു മൗലാനയുടെ മനോഹരമായ ഖുര്‍ആന്‍ പാരായണവും സദസ്സിലേക്കൊഴുകിയെത്തി. തിങ്ങിനിറഞ്ഞ ആയിരങ്ങള്‍ക്കൊപ്പം മൗലാനാ അബുല്‍ കലാം ആസാദ്, ജവഹര്‍ലാല്‍ നെഹ്‌റു തുടങ്ങി അവിടെയുണ്ടായിരുന്ന ദേശീയരാഷ്ട്രീയത്തിലെ അതികായന്‍മാരെല്ലാം മനോഹരമായ ആ ഖുര്‍ആന്‍പാരായണത്തില്‍ ലയിച്ചു. മതവും രാഷ്ട്രീയവും കലയും ഒരുമിച്ചു കൊണ്ടുപോയ അദ്ഭുത പ്രതിഭയായിരുന്ന എസ്.എം.ജെ. മൗലാനയുടെ ജീവിതത്തിലെ മറക്കാനാവാത്ത ദിനമായിരുന്നു അത്. ഈജിപ്തുകാരന്റെ മകന്‍കോഴിക്കോട് അബ്ദുല്‍ ഖാദറിനൊപ്പം ആകാശവാണിയില്‍ പാടിയ ഗായകന്‍, മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിനൊപ്പം സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത നേതാവ്, മുസ്‌ലിം പരിഷ്‌കരണ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട മതപണ്ഡിതന്‍, പേരുകേട്ട ചികിത്സകന്‍, അതോടൊപ്പം കവിയും ചിത്രകാരനും- ഇതെല്ലാമായിരുന്നു സയ്യിദ് മുഹമ്മദ് ജലാലുദ്ദീന്‍ മൗലാന എന്ന എസ്.എം.ജെ. മൗലാന. അദ്ഭുതങ്ങളുടെ വേരുപടലങ്ങള്‍ പടര്‍ന്നുനില്‍ക്കുന്ന ഭൂതകാലത്തില്‍ നിന്നാണ് മൗലാനയുടെ തുടക്കം. ഈജിപ്തില്‍ വേരുകളുള്ള, പ്രവാചകകുടുംബത്തോളമെത്തുന്ന പാരമ്പര്യം അവകാശപ്പെടുന്ന മൗലാനവംശത്തിലെ അംഗമായിരുന്നു അദ്ദേഹം. ഈജിപ്തില്‍നിന്നു ഫ്രാന്‍സിലും അവിടെനിന്നു കേരളത്തിലേക്കുമെത്തിയ നൂറുദ്ദീന്‍ മൗലാനയുടെ മകനായി തിരുവനന്തപുരത്തായിരുന്നു എസ്.എം.ജെ. മൗലാനയുടെ ജനനം. കാരക്കലിലെ ഒരു ഫ്രഞ്ചു കുടുംബത്തില്‍നിന്ന് ആദ്യം വിവാഹം ചെയ്ത എസ്.എം.ജെ. മൗലാന പിന്നീട് നിലമ്പൂരിലാണ് സ്ഥിരതാമസമാക്കിയത്. 1963ല്‍ ബൈക്കപകടത്തില്‍ മരണപ്പെടുന്നതുവരെ സംഭവബഹുലമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ആറടി മൂന്നിഞ്ച് പൊക്കവും അതിനനുസരിച്ച് തടിയുമുള്ള ആജാനുബാഹുവായിരുന്നു എസ്.എം.ജെ. മൗലാന. മലബാറിലെ ടാറിടാത്ത റോഡിലൂടെ ഇംഗ്ലണ്ടില്‍നിന്ന് ഇറക്കുമതി ചെയ്ത ബുള്ളറ്റ് മോട്ടോര്‍ സൈക്കിളിലും ഫോര്‍ഡ് കാറിലുമായി ചീറിപ്പാഞ്ഞ മൗലാന നാട്ടുകാര്‍ക്ക് എന്നും അദ്ഭുതമായിരുന്നു. കൊണ്ടോട്ടിയിലും മണ്ണാര്‍ക്കാടും അലോപ്പതി ഡോക്ടറായി ജോലി ചെയ്ത മൗലാന മണ്ണാര്‍                ക്കാട്ടും നിലമ്പൂരിലും ക്ലിനിക്കും                                നടത്തിയിരുന്നു. രോഗികളെ ചികിത്സിക്കുന്നതിനൊപ്പം സാമൂഹികജീര്‍ണതകളെ എതിര്‍ത്തിരുന്ന പരിഷ്‌കര്‍ത്താവു കൂടിയായിരുന്നു അദ്ദേഹം. മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ്, രാജഗോപാലാചാരി എന്നിവരുമായി അടുത്ത ബന്ധമുണ്ടായിരുന്നു. മൗലാന അബുല്‍ കലാം ആസാദിന്റെ അടുത്ത അനുയായിയുമായിരുന്ന മൗലാന ബഹുഭാഷാപണ്ഡിതന്‍ കൂടിയായിരുന്നു. ഫ്രഞ്ച്, ഇംഗ്ലീഷ്, ഉറുദു, അറബി എന്നിവയെല്ലാം അദ്ദേഹത്തിന് അനായാസം വഴങ്ങിയിരുന്നു. കോണ്‍ഗ്രസ്സുകാരനായതിനൊപ്പം സാമുദായികപാര്‍ട്ടികളുടെ ശക്തനായ വിമര്‍ശകനുമായിരുന്നു. ഇതിന്റെ പേരില്‍ കായികമായ അക്രമങ്ങളും നേരിട്ടിരുന്നു. കൈയും കാലും കെട്ടി കടലിലെറിഞ്ഞുഒരിക്കല്‍ സംഭാഷണത്തിനെന്ന പേരില്‍ മൗലാനയെ പൊന്നാനിയിലേക്കെത്തിച്ച എതിരാളികള്‍ കൈയും കാലും കെട്ടിയിട്ട് കടലിലേക്കെറിഞ്ഞ സംഭവം മുന്‍ എം.പിയും സി.പി.എം. നേതാവുമായ അഡ്വ. ടി.കെ. ഹംസ അനുസ്മരിക്കാറുണ്ട്. യോഗാഭ്യാസിയായിരുന്ന മൗലാന സാഹസികമായിട്ടാണ് രക്ഷപ്പെട്ട് കരയിലെത്തിയത്. സാഹസികതയോടുള്ള ഇതേ താല്‍പ്പര്യം തന്നെയാണ് അദ്ദേഹത്തിന്റെ മരണത്തിനും കാരണമായത്. ഒരിക്കല്‍ കോഴിക്കോടു നിന്നും ബുള്ളറ്റില്‍ വരുന്നവഴി മറ്റൊരു ബൈക്കിലെത്തിയ സായിപ്പിനോട് മല്‍സരിച്ച മൗലാന 60 കിലോമീറ്ററോളം ദൂരമാണ് ബൈക്കില്‍ പാഞ്ഞത്. പാണ്ടിക്കാടുവച്ച് കിണറിനു മുകളിലൂടെ ബൈക്ക് ചാടിച്ച് അഭ്യാസം പ്രകടിപ്പിക്കവെ കിണറ്റില്‍ വീണ് കാലൊടിഞ്ഞ അദ്ദേഹം കുറേ നാള്‍ കിടപ്പിലായിരുന്നു. ഇതിനു ശേഷവും സാഹസികത അവസാനിപ്പിച്ചില്ല. 1963ല്‍ കൊണ്ടോട്ടി മുസ്‌ല്യാരങ്ങാടിയില്‍ ബുള്ളറ്റ് ബൈക്കില്‍ ലോറിയിടിച്ചായിരുന്നു അന്ത്യം.വിശ്വകുടുംബംവിശ്വകുടുംബം എന്നത് ആലങ്കാരിക പ്രയോഗമാണെങ്കിലും എസ്.എ.ജെ. മൗലാനയെ സംബന്ധിച്ച് അത് ഏറക്കുറേ ശരിയായിരുന്നു. കേരളത്തില്‍ വിവിധയിടങ്ങളിലും ഫ്രാന്‍സിലുമായുള്ള വലിയ കുടുംബത്തിന്റെ കുടുംബനാഥനായിരുന്നു അദ്ദേഹം. ആദ്യവിവാഹം ഫ്രാന്‍സില്‍ പിതാവിന്റെ ബന്ധു കുടുംബത്തില്‍നിന്ന്. പിന്നീട് പോണ്ടിച്ചേരിയില്‍നിന്നും തിരുവനന്തപുരത്തു നിന്നും നിലമ്പൂരില്‍ നിന്നും വിവാഹം ചെയ്തു. പല ഘട്ടങ്ങളിലായി എട്ടോളം പ്രാവശ്യമാണ് വിവാഹിതനായത്. ഫ്രാന്‍സിലെ വിവാഹത്തില്‍ മൗലാന സയ്യിദ്, ഉമ്മു കുല്‍സും എന്നീ രണ്ടു മക്കളുണ്ടായി. ഇതില്‍ മൗലാന സയ്യിദ് വിയറ്റ്‌നാമിലേക്കു താമസം മാറിയിരുന്നു. വിയറ്റ്‌നാം യുദ്ധത്തിനു ശേഷം ഇദ്ദേഹത്തെകുറിച്ച് വിവരമൊന്നും ലഭിച്ചിരുന്നില്ല. പോണ്ടിച്ചേരിയിലും മൗലാനയ്ക്ക് മകളുണ്ട്. തിരുവനന്തപുരത്തെ ആറ്റിങ്ങലില്‍നിന്നും വിവാഹം ചെയ്ത മൗലാനയുടെ മകനാണ് ആറ്റിങ്ങല്‍ മുനിസിപ്പല്‍ വൈസ് ചെയര്‍മാനായിരുന്ന അസീസ്. ശരശയ്യ, മൂലധനം തുടങ്ങിയ പ്രശസ്ത നാടകങ്ങളില്‍ അഭിനയിച്ച അദ്ദേഹം കെ.പി.എ.സി. അസീസ് എന്നും അറിയപ്പെട്ടു.അതിഗംഭീരമായ മുഴങ്ങുന്ന ശബ്ദത്തിനുടമയായിരുന്ന എസ്.എം.ജെ. മൗലാന മികച്ച കവിയും പാട്ടുകാരനുമായിരുന്നു. കോഴിക്കോട് അബ്ദുല്‍ ഖാദര്‍, എസ്.എം. കോയ എന്നിവര്‍ക്കൊപ്പം വേദികളിലെത്തിയ അദ്ദേഹം കോഴിക്കോട് ആകാശവാണിയില്‍ പല പ്രാവശ്യം മാപ്പിളപ്പാട്ട് പാടിയിട്ടുണ്ട്. ഹാര്‍മോണിയവും വഴങ്ങിയിരുന്നു. മൗലാനയുടെ സംഗീതപാരമ്പര്യം പകര്‍ന്നുകിട്ടിയ രണ്ടു മക്കളെ മലയാളികള്‍ അറിയും. പ്രവാസി ഭാര്യമാരുടെ തീവ്രനൊമ്പരം കത്തുന്ന വാക്കുകളാക്കി അതിന് വിരഹത്തിന്റെ ഈണം നല്‍കിയ ദുബയ് കത്തുപാട്ടിന്റെ ശില്‍പ്പി എസ്.എ. ജമീലും 'അഹദോന്റെ തിരുനാമം..' എന്ന ഒറ്റ സിനിമാഗാനത്തിലൂടെ തന്നെ പ്രശസ്തനായ നിലമ്പൂര്‍ ഷാജിയും. പിതാവിന്റെ സാഹിത്യവാസനയുടെയും സംഗീതാഭിരുചിയുടെയും ആയിരത്തിലൊന്നുപോലും തനിക്കോ ജ്യേഷ്ഠന്‍ ജമീലിനോ കിട്ടിയിട്ടില്ലെന്നാണ് ഷാജി പറയുന്നത്. മൗലാന എഴുതിയ പാട്ടുകളില്‍ പലതും ജമീല്‍ പാടിയിരുന്നു. എസ്.എം.ജെ. മൗലാന പക്ഷേ, പാട്ടിന്റെ വഴിയിലൂടെ ഏറെയൊന്നും സഞ്ചരിച്ചില്ല. എങ്കിലും പിതാവില്‍നിന്നു പകര്‍ന്നുകിട്ടിയ സംഗീതാഭിരുചിയിലൂടെയാണ് ജമീലിന്റെയും ഷാജിയുടെയും സംഗീതബോധം വളര്‍ന്നത്.എസ്.എ. ജമീലെന്ന ബഹുമുഖപ്രതിഭമാപ്പിളപ്പാട്ടുകള്‍ 'ആനേ, കോനെ' തുടങ്ങിയ പദപ്രയോഗങ്ങളില്‍ 'ലങ്കി മറിന്തിരുന്ന' കാലത്ത് മലബാറിലെ സ്‌റ്റേജുകളില്‍ 'അണുവിലഖിലാണ്ഡമാകെ അടങ്ങുന്ന സൂത്രം, ആദിമധ്യാന്ത സ്ഥലകാലരഹിതം, അടിമുടി കാണാത്ത ബ്രഹ്മാണ്ഡക്ഷേത്രം, അഖിലത്തിനും കാരണകര്‍ത്താവ് അല്ലാഹു മാത്രം,' എന്നു പാടിയ പാട്ടുകാരനായിരുന്നു എസ്.എ. ജമീല്‍. അര്‍ഥ സംപുഷ്ടമായ വരികളും മുഴങ്ങുന്ന ശബ്ദവുമായിരുന്നു എസ്.എ. ജമീലിന്റെ പ്രത്യേകത. എട്ടാം ക്ലാസിനപ്പുറം പഠിക്കാത്ത ജമീലിന്റെ പാട്ടുകളിലെ വാക്കുകള്‍ കൊണ്ടുള്ള കസര്‍ത്ത് ആരെയും ആകര്‍ഷിക്കുന്നവ തന്നെയാണ്. 'ആകാശനീലക്കടമ്പ് നിവര്‍ത്തി/ അതിലസംഖ്യം നക്ഷത്രവര്‍ണങ്ങള്‍ വിടര്‍ത്തി/ ബ്രഹ്മാണ്ഡമെന്ന വിശ്വമഹാകാവ്യമെഴുതി/  ആ ഗാനമനസ്യൂതമാലപിക്കും കവി നീയാണല്ലാ/ ഞാനൊരു ഗായകനല്ലാ...' എന്നുള്ള പാട്ടുകളെഴുതി ആലപിച്ച ജമീല്‍ ഒരു ഗുരുവുമില്ലാതെ വീട്ടിലിരുന്നാണ് പാട്ടുകള്‍ പാടിപ്പഠിച്ചത്. ഒരിക്കല്‍ പിതാവ് ജമീലിനോട് പാടാനായി ആവശ്യപ്പെട്ടു. റഫിയുടെയും തലത്ത് മെഹമൂദിന്റെയും പാട്ടുകളില്‍ മിക്കതും കാണാതെ അറിയാവുന്ന ജമീല്‍, മഹമൂദിന്റെ 'ജല്‍ത്തേ ഹേ ജിസ് കേലിയേ..' പിതാവിനു വേണ്ടി പാടി. പാട്ടു കഴിഞ്ഞപ്പോള്‍ മകനെ ആലിംഗനം ചെയ്താണ് മൗലാന അഭിനന്ദിച്ചത്. തന്റെ അരങ്ങേറ്റവും ആദ്യ അംഗീകാരവും ആയിരുന്നു അതെന്ന് ജമീല്‍ പലപ്പോഴും പറയുമായിരുന്നു.

ഗായകനും ചിത്രകാരനുമായ ജമീല്‍ കഴിവുതെളിയിച്ച നടനും കൂടിയായിരുന്നു. പാലക്കാട് നടന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആറാം കോണ്‍ഗ്രസ്സിലുള്‍പ്പെടെ നൂറുകണക്കിനു വേദികളിലെത്തിയ ഇ.കെ. അയമുവിന്റെ ജ്ജ് ഒരു മന്‌സനാകാന്‍ നോക്ക്  ഡോ. എം ഉസ്മാനെഴുതിയ ഈ ദുനിയാവില്‍ ഞാനൊറ്റക്കാണ് എന്നീ നാടകങ്ങളിലെ സ്ഥിരം അഭിനേതാവുമായിരുന്നു. 1958ല്‍ സമിതി നാടകവുമായി മുംബൈ ടൂര്‍ നടത്തിയപ്പോള്‍ അതിനൊപ്പം പോയ ജമീല്‍ സിനിമാമോഹവുമായി അവിടെ തങ്ങി. ദില്‍ദേഖേ ദേഖോ എന്ന സിനിമയ്ക്കു വേണ്ടി പാടാന്‍ ജമീലിന് അവസരം ലഭിച്ചെങ്കിലും മുഹമ്മദ് റഫിയെ മതിയെന്ന നിര്‍മാതാവിന്റെ നിര്‍ബന്ധത്തിനു മുന്നില്‍ അത് നഷ്ടപ്പെട്ടു. പ്രതീക്ഷയറ്റ് ഒരു വര്‍ഷത്തിനു ശേഷം മാനസികമായി തകര്‍ന്നാണ് ജമീല്‍ നാട്ടിലേക്കു മടങ്ങിയെത്തിയത്. വീട്ടില്‍ മുറിയിലടച്ചിരുന്ന് ഇരുട്ടിനെ മാത്രം ഇഷ്ടപ്പെട്ട ജമീല്‍ സ്വന്തം മനോരോഗം മാറ്റാന്‍ വേണ്ടി മനശ്ശാസ്ത്രവും ഹിപ്‌നോട്ടിസവും പഠിച്ചു. ഇതായിരുന്നു പിന്നീട് അദ്ദേഹത്തിന് സംഗീതത്തേക്കാളും പ്രയോജനപ്പെട്ടത്.     'അബുദാബീലുള്ളോരെഴുത്തു പെട്ടി...' എഴുതാന്‍ ജമീലിന് പ്രേരണയായതും മനശ്ശാസ്ത്രരംഗത്തെ അനുഭവങ്ങളായിരുന്നു. മാനസിക പ്രശ്‌നങ്ങളുമായി എത്തിയ പ്രവാസിഭാര്യമാരുടെ പ്രശ്‌നങ്ങളാണ് കത്തുപാട്ടിലേക്ക് അദ്ദേഹത്തെ നയിച്ചത്. ജമീല്‍ ലൈലാ മജ്‌നു എന്ന സിനിമയില്‍ പാടി അഭിനയിച്ചിട്ടുണ്ട്.  അവസാനകാലത്ത് അദ്ദേഹം പറഞ്ഞ ഈ വരികള്‍ മതി ജമീലിനെ മനസ്സിലാക്കാന്‍: ''ഏതു സിദ്ധാന്തങ്ങള്‍ പറഞ്ഞാലും ഞാന്‍ നിരന്തരം പാടിയതും എഴുതിയതും 'പള്ള പയിച്ചിട്ടാ'ണ്. ഞാനെഴുതിയതുകൊണ്ടും പാടിയതുകൊണ്ടും ഈ ദുനിയാവില്‍ വിപ്ലവാത്മകമായൊരു മാറ്റം ഉണ്ടാവുമെന്ന മൂഢധാരണ എനിക്കില്ല. എനിക്ക് വേറൊന്നും ചെയ്യാനറിയില്ല.  വിദ്യാഭ്യാസയോഗ്യതയില്ല.  കായികശേഷിയില്ല. അതുകൊണ്ട് വയറുനിറയ്ക്കാന്‍ ഞാന്‍ നിരന്തരം എഴുതി. അവ പാടി. അവയെ 'ആത്മാവിന്റെ അഗാധതലങ്ങളില്‍ ചെന്ന്' ഉറന്നൂറിവരുന്ന 'കാവ്യതല്ലജങ്ങള്‍' എന്നൊക്കെ നിങ്ങള്‍ പറഞ്ഞാല്‍പോലും എനിക്ക് അതിനോടും തരിമ്പും ബഹുമാനമില്ല.'' 'അഹദോന്റെ തിരുനാമത്തില്‍''അബുദാബീലുള്ളോരെഴുത്തു പെട്ടി'യും അതിന്റെ മറുപടിയും ഗള്‍ഫ് കുടുംബങ്ങളില്‍ തരംഗം സൃഷ്ടിച്ച കാലത്ത് സിനിമയില്‍ പാടാനായി മദ്രാസിലേക്കു വണ്ടികയറിയ ഒരു പയ്യനുണ്ടായിരുന്നു നിലമ്പൂരില്‍. സയ്യിദ് മുഹമ്മദ് ജലാലുദ്ദീന്‍ ഷാജഹാന്‍ എന്നായിരുന്നു ആ 19കാരന്‍ പയ്യന്റെ  പേര്. മികച്ച ഗായകനെ കണ്ടെത്താനുള്ള മല്‍സരത്തില്‍ ഒന്നാമതെത്തിയതാണ് സിനിമയില്‍ പാടാനുള്ള അവസരം കിട്ടിയത്. സിനിമാനിര്‍മാതാവായ സലാം കാരശ്ശേരിയായിരുന്നു ഷാജഹാനെ മദ്രാസിലേക്ക് സിനിമയില്‍ പാടാന്‍ ക്ഷണിച്ചത്. എം.വി.എം. സ്റ്റുഡിയോയിലെ റിക്കാഡിങ് ഗ്രീന്‍ റൂമില്‍ ഗായകരായ ജയചന്ദ്രനും ബ്രഹ്മാനന്ദനും പാട്ട് പരിശീലിക്കുന്നു, ഈണം പറഞ്ഞുകൊടുത്തുകൊണ്ട് രാഘവന്‍ മാസ്റ്ററും കൂടെ യേശുദാസും. ജീവിതത്തിലിന്നുവരെ കണ്ടിട്ടില്ലാത്ത പ്രമുഖ ഗായകരെയും സൗണ്ട് റിക്കാഡിങ് സ്റ്റുഡിയോയും കണ്ട് അദ്ഭുതപ്പെട്ട ഷാജഹാനെ രണ്ടുപേര്‍ പരിചയപ്പെടാനെത്തി- വൈക്കം മുഹമ്മദ് ബഷീറും രാമു കാര്യാട്ടും. പരിചയപ്പെട്ട് പേരു പറഞ്ഞപ്പോള്‍ ചെറിയ വാക്കുകളുടെ സുല്‍ത്താനായ ബഷീറിന് നീണ്ട പേരിനോട് അലര്‍ജി. ഉടന്‍ തന്നെ സയ്യിദ് മുഹമ്മദ് ജലാലുദ്ദീന്‍ ഷാജഹാനെ വെട്ടി വെറും ഷാജിയാക്കി. രാമു കാര്യാട്ട് സ്ഥലപ്പേരായ നിലമ്പൂര്‍ എന്ന് കൂടെ വച്ചുകൊടുത്തു. അതോടെ ആ പയ്യന്‍ നിലമ്പൂര്‍ ഷാജിയായി. 'അഹദോന്റെ തിരുനാമം...' എന്ന ഒരൊറ്റ പാട്ടിലൂടെ മലയാളി ഓര്‍ക്കുന്ന നിലമ്പൂര്‍ ഷാജി.കഴിവുകളേറെയുണ്ടായിട്ടും മുഖ്യധാരയില്‍ നിന്നു പിന്തള്ളപ്പെട്ടവരായിരുന്നു എസ്.എ. ജമീലും അനുജന്‍ നിലമ്പൂര്‍ ഷാജിയും. പതിനാലാം രാവെന്ന സിനിമയില്‍ പാടാന്‍ മദ്രാസിലെത്തിയ പയ്യനായ ഷാജിയെ സംഗീത സംവിധായകനായ രാഘവന്‍ മാസ്റ്റര്‍ക്ക് തീരെ പിടിച്ചിരുന്നില്ല. പുതിയ പയ്യനെ വച്ച് പരീക്ഷണം നടത്തണോ എന്നായിരുന്നു നിര്‍മാതാവായ സലാം കാരശ്ശേരിയോട് അദ്ദേഹം ചോദിച്ചതെന്ന് ഷാജി ഓര്‍ക്കുന്നു. ഷാജിക്കു പാടാന്‍ ഒരവസരം നല്‍കണമെന്നും ശരിയായില്ലെങ്കില്‍ നാട്ടിലേക്കു കയറ്റിവിടാമെന്നുമായിരുന്നു നിര്‍മാതാവിന്റെ മറുപടി. മദ്രാസിലെത്തിയ ശേഷമാണ് പൂവച്ചല്‍ ഖാദറെഴുതിയ 'അഹദോന്റെ തിരുനാമ..'ത്തിലെ വരികളും ഈണവും ഷാജിക്കു കിട്ടിയത്. അവിടെ വച്ചുതന്നെ പരിശീലിച്ച പാട്ട് റിക്കാഡ് ചെയ്തത് ആദ്യ ടേക്കില്‍ തന്നെയായിരുന്നു. പ്രമുഖ ഗായകര്‍ ഒമ്പതു ടേക്കുകള്‍ വരെയെടുത്ത് പാട്ട് പൂര്‍ത്തിയാക്കുമ്പോഴാണ് ആദ്യ ശ്രമത്തില്‍ തന്നെ ഒരു പിഴവുമില്ലാതെ ഷാജി 'അഹദോന്റെ...' അതിമനോഹരമാക്കിയത്. പതിനാലാം രാവെന്ന സിനിമയും അതിലെ 'അഹദോന്റെ തിരുനാമം..' എന്ന പാട്ടും ഹിറ്റായി. ഗായകനായി അംഗീകരിക്കപ്പെട്ടെങ്കിലും ഷാജിക്ക് പിന്നീട് അവസരങ്ങളൊന്നും ലഭിച്ചില്ല. സിനിമാരംഗം ഷാജിയെ അവഗണിച്ചെങ്കിലും സംഗീതാസ്വാദകര്‍ ഒറ്റ പാട്ടിലൂടെ തന്നെ ഷാജി എന്ന ഗായകനെ തിരിച്ചറിഞ്ഞിരുന്നു. നിരവധി പുരസ്‌കാരങ്ങള്‍ക്കു പുറമെ എയര്‍ ഇന്ത്യയുടെ അവാര്‍ഡും ഷാജിക്കു ലഭിക്കുകയുണ്ടായി. ആദ്യകാലത്ത് എയര്‍ ഇന്ത്യ വിമാനങ്ങളില്‍ നാണയമിട്ട് പാട്ടുകേള്‍ക്കുന്ന സൗകര്യമുണ്ടായിരുന്നു. ടേപ്‌റിക്കാഡറുകള്‍ പ്രചാരത്തിലാകുന്നതിനു മുമ്പായിരുന്നു എയര്‍ ഇന്ത്യ ഈ സൗകര്യം നല്‍കിയിരുന്നത്. 'അഹദോന്റെ ...' ആയിരുന്നു ഗള്‍ഫ് യാത്രക്കാര്‍ പണം നല്‍കി ഏറ്റവുമധികം കേട്ട പാട്ട്. ഇതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ ഷാജിയെ അവാര്‍ഡും കാഷ് പ്രൈസും നല്‍കിയാണ് ആദരിച്ചത്. സിനിമാ പ്രവേശനത്തിനു ശേഷം ആദ്യപാട്ടിന് ഈണം നല്‍കിയ സംഗീത സംവിധായകന്‍ പോലും തന്നെ വിളിക്കാതിരുന്നതോടെ ഷാജി എസ്.എ. ജമീലിനൊപ്പം ഗാനമേള ട്രൂപ്പുകളിലും വിദേശപര്യടനങ്ങളിലുമായി ഒതുങ്ങി. പരിപാടികള്‍ കുറഞ്ഞതോടെ ബിസിനസിലേക്കും തിരിഞ്ഞു. ആദ്യ പാട്ട് ഹിറ്റായി ഇരുപതോളം വര്‍ഷങ്ങള്‍ കഴിഞ്ഞ ശേഷമാണ് മറ്റൊരു സിനിമയില്‍ ഷാജിക്ക് പാടാന്‍ അവസരം ലഭിച്ചത്. ചാവക്കാട്ടുകാരനായ ഒരു പ്രവാസി അദ്ദേഹം നിര്‍മിക്കുന്ന സിനിമയില്‍ പാടണമെന്ന ആവശ്യവുമായി ഷാജിയെ സമീപിച്ചതോടെയായിരുന്നു അത്. സംഗീതസംവിധായകനെ ഏര്‍പ്പാടാക്കാനും അദ്ദേഹം ഷാജിയോട് ആവശ്യപ്പെട്ടിരുന്നു. ഇതു പ്രകാരം രണ്ടുപേരും രാഘവന്‍ മാസ്റ്ററെ കണ്ട് സംസാരിച്ച് കാര്യങ്ങള്‍ തീരുമാനിച്ചു. ഓര്‍ക്കസ്ട്രക്കാരെയും ഷാജിയാണ് ഏര്‍പ്പാടാക്കിയത്. ആഴ്ചകള്‍ക്കു ശേഷം റിക്കാഡിങ്ങിനായി കോഴിക്കോട്ടെ സ്റ്റുഡിയോയിലെത്തിയപ്പോള്‍ സംഗീത സംവിധായകര്‍ തന്നെ തട്ടിത്തെറിപ്പിച്ച വിവരമാണ് ഷാജി അറിയുന്നത്. പാടാനൊരുങ്ങി വന്ന തന്നെ റിക്കാഡിങ് റൂമില്‍നിന്ന് ഇറക്കിവിട്ട നിമിഷത്തെ ജീവിതത്തിലെ ഏറ്റവും നിര്‍ഭാഗ്യകരമായ സന്ദര്‍ഭമായി ഈ ഗായകന്‍ വിലയിരുത്തുന്നു. കത്തുപാട്ടിന്റെ അവകാശം തുച്ഛവിലയ്ക്ക് വില്‍ക്കുന്നുഎസ്.എ. ജമീലിനെയും നിലമ്പൂര്‍ ഷാജിയെയും പ്രത്യേകം കള്ളികളിലാക്കിയാണ് സംഗീതലോകം ഒതുക്കിയത്. മലയാളത്തിലെ ഏതു മികച്ച പാട്ടെഴുത്തുകാരനും തുല്യമായ നിലവാരത്തില്‍ പാട്ടുകളെഴുതി ഗാംഭീര്യമുള്ള ശബ്ദത്തില്‍ പാടാന്‍ കഴിവുള്ള എസ്.എ. ജമീലിനെ കത്തുപാട്ടുകാരന്‍ എന്ന കള്ളിയിലാക്കി ഒതുക്കിയ മലയാള സംഗീതത്തിലെ വണിക്കുകള്‍ ജമീലിന്റെ പാട്ടുകളുടെ ജനപ്രിയത കണ്ടില്ലെന്നു നടിക്കുകയായിരുന്നു. ആദ്യപാട്ടു തന്നെ സൂപ്പര്‍ഹിറ്റാക്കിയ നിലമ്പൂര്‍ ഷാജിയെ പിന്നീട് ഒരു അവസരവും നല്‍കാതെ മൂലക്കിരുത്താന്‍ ശ്രമിച്ചതും ഇവര്‍തന്നെയായിരുന്നു. ചിത്രം വരയും ഹിപ്‌നോട്ടിസവും വഴങ്ങിയിരുന്ന എസ്.എ. ജമീല്‍ മാനസികരോഗ ചികില്‍സകനും കൂടിയായിരുന്നു. ഇതു കൊണ്ടെല്ലാമാണ് അദ്ദേഹം ജീവിതം കഴിച്ചുകൂട്ടിയത്. അവസാനകാലത്ത് ദുബയ് കത്തുപാട്ടിന്റെ എല്ലാ അവകാശവും വെറും അന്‍പതിനായിരം രൂപയ്ക്ക് വില്‍പ്പന നടത്തേണ്ട ഗതികേടില്‍വരെ എസ്.എ. ജമീല്‍ എത്തിയിരുന്നു. സിനിമയുടെ പിന്നാമ്പുറങ്ങളിലെ എച്ചില്‍പാത്രങ്ങള്‍ കഴുകിയും കാലു പിടിച്ചും അവസരങ്ങള്‍ക്കായി യാചിക്കാന്‍ തയ്യാറാവാതിരുന്ന അഭിമാനികളായ ഗായകരായിരുന്നു ഷാജിയും ജമീലും. അതുകൊണ്ടാവാം അവസരങ്ങളുമായി അധികമാരും ഇരുവരെയും തേടിയെത്താതിരുന്നതും. അവരെ വളര്‍ത്താന്‍ സംഗീതലോകത്ത് ഒരു ഗോഡ്ഫാദറുമില്ലായിരുന്നു. അതേസമയം തളര്‍ത്താനും കിട്ടിയ അവസരങ്ങള്‍ പോലും നിഷേധിക്കുവാനും പലരുമുണ്ടായിരുന്നു.സംഗീതമേഖലയിലെ അരികുവല്‍ക്കരണത്തിന്റെ ഇരയായി ഒതുങ്ങാന്‍ തയ്യാറാവാത്ത നിലമ്പൂര്‍ ഷാജി ഇന്നും കലാരംഗത്ത് സജീവമാണ്. പാട്ടിനു പുറമെ ചിത്രമെഴുത്തും വഴങ്ങുന്ന അദ്ദേഹം പ്രഫഷനല്‍ ചിത്രകാരന്‍ കൂടിയാണ്. നിലമ്പൂര്‍-വണ്ടൂര്‍ റൂട്ടിലെ പുളിക്കലൊടിക്കു സമീപമുള്ള ഷാജിയുടെ വീട് എല്ലായിപ്പോഴും സംഗീത സാന്ദ്രമാണ്. പാട്ടുപഠിക്കാനെത്തുന്ന കുട്ടികളും സൗഹൃദസംഘത്തിലെ ഗായകരുമെല്ലാം അവിടെയുണ്ട്. മെമ്മറീസ് എന്ന പുതിയ സംഗീതസംഘത്തിലൂടെ വേദികളിലെത്താനുള്ള ഒരുക്കത്തിലാണ് ഷാജി.

Next Story

RELATED STORIES

Share it