മ്ലാവിറച്ചി വേട്ട: ഒളിവിലായിരുന്ന നാലു പേര്‍ പോലിസ് പിടിയില്‍

ഈരാറ്റുപേട്ട: പ്ലാശനാലില്‍ നിന്നു മ്ലാവ് ഇറച്ചി കണ്ടെടുത്തതുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന നാലു പേര്‍ പോലിസ് പിടിയില്‍. ഇരട്ട സഹോദരങ്ങളായ പ്ലാശനാല്‍ ചേറാടിയില്‍ അനില്‍(37) സുനില്‍(37), കൊണ്ടൂര്‍ കുന്നേല്‍ വിഷ്ണു(21), മുണ്ടക്കയം നാട്ടുവായില്‍ സജീഷ്(33) എന്നിവരാണ് പോലിസ് പിടിയിലായത്.
തിങ്കളാഴ്ച വൈകീട്ട് പൂഞ്ഞാര്‍ പാതാമ്പുഴ കുഴിമ്പള്ളിയില്‍നിന്നാണ് ഈരാറ്റുപേട്ട പോലിസ് ഇവരെ അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് മുണ്ടക്കയം പറത്താനം മുണ്ടയ്ക്കല്‍ ബേബി എന്നു വിളിക്കുന്ന തോമസ്(57)നെ പോലിസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഒളിവില്‍ കഴിയുന്ന കടപ്പാട്ടൂര്‍ ഓടപ്പള്ളിയില്‍ ടോണിയുള്‍പ്പെട്ട ആറംഗ സംഘമാണ് മ്ലാവിനെ കൊന്നത്. കഴിഞ്ഞ 24ന് പുലര്‍ച്ചെ സഹോദരങ്ങളായ അനിലിന്റെയും സുനിലിന്റെയും പ്ലാശനാലിലെ വീട്ടില്‍ നിന്നാണ് മ്ലാവിറച്ചി പിടിച്ചെടുത്തത്.
60 കിലോയോളം തുണ്ടമാക്കിയ മ്ലാവിറച്ചിയും ഇത് കൊണ്ടുവരാനുപയോഗിച്ച ജീപ്പും വേട്ടയ്ക്കുപയോഗിച്ച രണ്ട് തോക്കുകള്‍, തിരകള്‍, കത്തി, കൈക്കോടാലി, എട്ട് മൊബൈല്‍ ഫോണ്‍ എന്നിവയും പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. കോട്ടയം എസ്പി സതീഷ് ബിനോയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലായിരുന്നു മ്ലാവിറച്ചി കണ്ടെത്തിയത്. സംഭവത്തെത്തുടര്‍ന്ന് ഒളിവില്‍ പോയ പ്രതികള്‍ ബംഗളൂരു, മൈസൂര്‍, കോയമ്പത്തൂര്‍, കുമളി എന്നിവിടങ്ങളില്‍ താമസിച്ച ശേഷം പൂഞ്ഞാറില്‍ എത്തിയെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
വന്യജീവിയെ വേട്ടയാടിയതിന് എരുമേലി ഫോറസ്റ്റ് ഓഫിസിലും ആയുധം കൈവശം വച്ചതിന് ഈരാറ്റുപേട്ട പോലിസും കേസെടുത്തു.
Next Story

RELATED STORIES

Share it