kozhikode local

മ്യൂസിയങ്ങള്‍ രാഷ്ട്രീയ ഉല്‍പന്നങ്ങള്‍ : കെ ജയകുമാര്‍



കോഴിക്കോട്: ഭാവിയ്ക്കുവേണ്ടി കരുതിവെച്ച സംസ്‌കൃതികള്‍ എങ്കിലും മ്യൂസിയങ്ങള്‍ രാഷ്ട്രീയോല്‍പന്നങ്ങള്‍ കൂടിയാണെന്ന് മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ ജയകുമാര്‍ അഭിപ്രായപ്പെട്ടു. കോഴിക്കോട് കിര്‍ത്താഡ്‌സില്‍ അന്താരാഷ്ട്ര മ്യൂസിയം ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കാലത്തിന്റെ കുത്തൊഴുക്കിനെ പ്രതിരോധിക്കാന്‍ മ്യൂസിയങ്ങള്‍ വേണം. എന്നാല്‍ പ്രദര്‍ശനങ്ങളുടെ തിരഞ്ഞെടുപ്പും ലക്ഷ്യവും തിരഞ്ഞെടുക്കുന്നവരുടെ താല്‍പര്യങ്ങളും മ്യൂസിയത്തെ രാഷ്ട്രീയ സ്ഥാനമാക്കി മാറ്റുമെന്ന് ജയകുമാര്‍ വ്യക്തമാക്കി.കൊളോണിയലിസം തങ്ങളുടെ മേല്‍ക്കോയ്മ പ്രദര്‍ശിപ്പിക്കാനാണ് കാഴ്ചബംഗ്ലാവുകളൊരുക്കിയത്. പ്രദര്‍ശന വസ്തുക്കളെ ബഹുമാനിക്കാനും അവ ഉള്‍ക്കൊള്ളുന്ന ഭൂതകാല സംസ്‌കൃതിയുമായി തന്മയീഭവിക്കാനും കഴിയുമ്പോഴാണ് നല്ല മ്യൂസിയം ഉണ്ടാകുന്നത്. കേരളത്തില്‍ മ്യൂസിയോളജി ഇനിയും പച്ച പിടിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കിര്‍ത്താഡ്‌സ് ഡയറക്ടര്‍ എസ് ബിന്ദുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡോ. കെ എസ് പ്രദീപ്കുമാര്‍ എഴുതിയ ഗോത്രതാളം എന്ന കൃതിയുടെ പ്രകാശനവും ജയകുമാര്‍ നിര്‍വഹിച്ചു. ഇന്ദു വി മേനോന്‍, കൃഷ്ണപ്രിയ സംസാരിച്ചു.
Next Story

RELATED STORIES

Share it