Flash News

മ്യാന്‍മാര്‍ പൊതുതിരഞ്ഞെടുപ്പ് ഫലം ഇന്ന്

യംഗൂണ്‍:   മ്യാന്‍മറില്‍ പൊതുതിരഞ്ഞെടുപ്പ് ഫലം ഇന്നു പുറത്ത് വരും.25 വര്‍ഷം നീണ്ട പട്ടാളഭരണത്തിന് അന്ത്യംകുറിച്ചു നടന്ന തിരഞ്ഞെടുപ്പിനെ മ്യാന്‍മര്‍ ജനത വന്‍ ആവേശത്തോടെയാണു വരവേറ്റത്. മനുഷ്യാവകാശ പ്രവര്‍ത്തകയും നൊബേല്‍ സമ്മാന ജേതാവുമായ ഓങ്‌സാന്‍ സൂച്ചിയുടെ നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി പാര്‍ട്ടി മിക്ക സീറ്റുകളും നേടി അധികാരത്തിലേറുമെന്നാണു പ്രതീക്ഷിക്കുന്നത്. എന്നാല്‍, പ്രസിഡന്റാവുന്നതിന് സൂച്ചിക്കു ഭരണഘടനാ വിലക്കുണ്ട്.
സൈനിക പിന്തുണയുള്ള യൂനിയന്‍ ഓഫ് സോളിഡാരിറ്റി ആന്റ് ഡെവലപ്‌മെന്റ് പാര്‍ട്ടി (യുഎസ്ഡിപി)യാണ് 2011 മുതല്‍ രാജ്യം ഭരിക്കുന്നത്.

മൂന്നു കോടിയോളം സമ്മതിദായകരാണ് മ്യാന്‍മറിലുള്ളത്. നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി അടക്കമുള്ള 91 രാഷ്ട്രീയപ്പാര്‍ട്ടികളില്‍നിന്നു 6000 മല്‍സരാര്‍ഥികള്‍ തിരഞ്ഞെടുപ്പു രംഗത്തുണ്ട്. 440 സീറ്റുകളുള്ള അധോസഭയിലേക്കും 224 അംഗങ്ങളുള്ള ഉപരിസഭയിലേക്കുമാണ് തിരഞ്ഞെടുപ്പ്. 25 ശതമാനം സീറ്റുകള്‍ പട്ടാളത്തിനു സംവരണം ചെയ്യപ്പെട്ടിട്ടുള്ളതാണ്. 1990നു ശേഷമുള്ള പ്രഥമ തിരഞ്ഞെടുപ്പാണിത്.
റാക്കയ്ന്‍ മേഖലയിലെ 10 ലക്ഷത്തോളം റോഹിന്‍ഗ്യന്‍ ന്യൂനപക്ഷക്കാര്‍ക്ക് വോട്ടവകാശം നിഷേധിച്ചതും വോട്ടര്‍പട്ടികയിലെ അപാകങ്ങളും ഇത്തവണ പ്രചാരണത്തില്‍ പ്രധാന വിഷയമായിരുന്നു.
വോട്ടെടുപ്പ് അവസാനിക്കുമ്പോള്‍ 80 ശതമാനത്തോളം പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചതായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഇന്നുച്ചയോടെ ഫലം പുറത്തുവരുമെന്നാണു പ്രതീക്ഷിക്കുന്നത്.
ഭൂരിപക്ഷം ലഭിക്കണമെങ്കില്‍ 67 ശതമാനം സീറ്റുകള്‍ നേടണം. അതേസമയം, റോഹിന്‍ഗ്യ മുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ള ആയിരങ്ങള്‍ക്ക് വോട്ടവകാശം നിഷേധിച്ചത് തിരഞ്ഞെടുപ്പിന്റെ പ്രതിച്ഛായക്കു മങ്ങലേല്‍പ്പിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it