മ്യാന്‍മറില്‍ സൂച്ചി പ്രസിഡന്റായേക്കുമെന്ന് സൂചന

നേപിഡോ: മ്യാന്‍മറില്‍ ആങ് സാങ് സൂച്ചി പ്രസിഡന്റാവുന്നതിനെ വിലക്കുന്ന ഭരണഘടനാ വകുപ്പ് റദ്ദാക്കുന്നതിനു സൂച്ചിയും പട്ടാളമേധാവിയും തമ്മിലുള്ള ചര്‍ച്ചയില്‍ അനുകൂല തീരുമാനമുണ്ടാവാന്‍ സാധ്യതയെന്ന് റിപോര്‍ട്ട്. സര്‍ക്കാര്‍ അനുകൂല ചാനലുകളായ സ്‌കൈ നെറ്റും മ്യാന്‍മര്‍ നാഷനല്‍ ടെലിവിഷനുമാണ് റിപോര്‍ട്ട് പുറത്തുവിട്ടത്. കഴിഞ്ഞ നവംബറിലെ തിരഞ്ഞെടുപ്പില്‍ ചരിത്രവിജയമാണ് ആങ് സാങ് സൂച്ചിയുടെ നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി(എന്‍എല്‍ഡി) പാര്‍ട്ടി സ്വന്തമാക്കിയത്.
മ്യാന്‍മര്‍ ഭരണഘടനാ പ്രകാരം ഭാര്യയോ ഭര്‍ത്താവോ കുട്ടികളോ വിദേശ പൗരന്മാരായിട്ടുള്ളവര്‍ക്ക് പ്രസിഡന്റാവുന്നതിന് വിലക്കുണ്ട്. സൂച്ചിയുടെ മരണപ്പെട്ട ഭര്‍ത്താവും രണ്ടു കുട്ടികളും ബ്രിട്ടിഷ് പൗരന്മാരാണ്. അതിനാല്‍ നിലവിലെ ഭരണഘടന പ്രകാരം എന്‍എല്‍ഡി പാര്‍ട്ടി മേധാവിയായ സൂച്ചിക്ക് പ്രസിഡന്റാകാന്‍ അനുമതിയില്ല. അതേസമയം, സൈനികമേധാവി മിന്‍ ആങ് ഹ്ലെയിങ് അനുകൂലിക്കുകയാണെങ്കിലും പാര്‍ലമെന്റില്‍ മൂന്നിലൊന്നു വോട്ടോടുകൂടിയേ ഔദ്യോഗികമായി വകുപ്പ് റദ്ദാക്കാന്‍ സാധിക്കുകയുള്ളൂ. പാര്‍ലമെന്റില്‍ 25 ശതമാനം സീറ്റുകള്‍ പട്ടാളസംവരണമായതിനാല്‍ എന്‍എല്‍ഡിക്ക് സ്വന്തം നിലയില്‍ ഭരണഘടന ഭേദഗതി ചെയ്യാന്‍ സാധിക്കില്ല.
Next Story

RELATED STORIES

Share it