Flash News

മ്യാന്‍മറില്‍ വെറും ബൗദ്ധഭീകരതയല്ല

മ്യാന്‍മറില്‍ വെറും ബൗദ്ധഭീകരതയല്ല
X


കെ അഷ്‌റഫ്,
അലക്‌സാണ്ടര്‍ അബ്ബാസി

മ്യാന്‍മറിലെ റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ വംശശുദ്ധീകരണത്തിനും ഇസ്‌ലാംവിരോധത്തിന്റെ അടിസ്ഥാനത്തിലുള്ള അക്രമങ്ങള്‍ക്കും ഇരകളാവുകയാണ്. റോഹിന്‍ഗ്യകളുടെ ചരിത്രത്തിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. 'അശുദ്ധ'രായ റോഹിന്‍ഗ്യകളെ ഒഴിവാക്കി നാട് ശുദ്ധീകരിക്കാന്‍ ബൗദ്ധസംഘങ്ങളാണ് ഒരുങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. ഭരണകൂടവും നൊബേല്‍ സമ്മാനജേത്രിയായ ഓങ്‌സാന്‍ സൂച്ചിയും അതിനെ പിന്തുണയ്ക്കുന്നു.
റാഖൈന്‍ പ്രവിശ്യയിലെ ബൗദ്ധര്‍, മ്യാന്‍മര്‍ സമൂഹത്തിന്റെ സത്തയെ 'ബൗദ്ധസ്ത്രീകളെ ബലാല്‍സംഗം ചെയ്യുന്ന' റോഹിന്‍ഗ്യകള്‍ ശല്യപ്പെടുത്തുന്നുവെന്നാണ് പ്രചരിപ്പിക്കുന്നത്. 'യുക്തിരഹിതമായ ഭീകരത' പുലര്‍ത്തുന്ന റോഹിന്‍ഗ്യകള്‍ പൊതുവില്‍ സാമൂഹിക ജീര്‍ണത ശക്തിപ്പെടുത്തുന്നുവെന്നും അവര്‍ ആരോപിക്കുന്നു. ആഗോളതലത്തില്‍ യുഎസ് ഭീകരതയ്‌ക്കെതിരായി നടത്തുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍- മുസ്‌ലിംകള്‍ എളുപ്പം പിശാചുവല്‍ക്കരിക്കപ്പെടുന്ന ആഗോളതലത്തില്‍- മുസ്‌ലിം ന്യൂനപക്ഷങ്ങളുള്ള എല്ലാ പ്രദേശങ്ങളിലും ഈ ആരോപണത്തിനു സ്വീകാര്യതയുണ്ടാവും.
എന്നാല്‍, പൊതുവില്‍ സമാധാനം, ധ്യാനം, അഹിംസ എന്നിവയുമായി ആഗോള സമൂഹം ബന്ധപ്പെടുത്തുന്ന ബൗദ്ധര്‍ ഇത്തരം കൊടുംക്രൂരതകളില്‍ മുഴുകുന്നുവെന്നതാണ് വിചിത്രമായ കാര്യം. ചിരിക്കുന്ന ബുദ്ധനും ബൗദ്ധക്ഷേത്രങ്ങളിലെ എരിയുന്ന സാമ്പ്രാണിത്തിരിയും ഒരു ഭാഗത്ത്; മറുഭാഗത്ത് കാണുന്നിടത്തുവച്ച് മുസ്‌ലിംകളെ കൊല്ലാനായി വാളെടുത്ത, ക്ഷൗരം ചെയ്ത ബുദ്ധസന്യാസിമാര്‍.
പക്ഷേ, ബൗദ്ധര്‍ ആക്രമണം നടത്തുമ്പോഴാണ് നാം അദ്ഭുതപ്പെടുന്നത്. മുസ്‌ലിംകളാണ് അതു ചെയ്യുന്നതെങ്കില്‍ നമുക്ക് അദ്ഭുതമില്ല! മതപരമായ ഹിംസ എന്നത് എന്തുകൊണ്ട് മുസ്‌ലിംകളോടു മാത്രം ചേര്‍ന്നുനില്‍ക്കുന്നു? അതിനു പ്രധാന കാരണം പാശ്ചാത്യരാണെന്നു പണ്ഡിതന്‍മാര്‍ പറയുന്നു. കാരണം, പാശ്ചാത്യ സംസ്‌കാരത്തിന്റെ മുഖ്യശത്രു മുസ്‌ലിംകളാണ്. നമ്മുടെ നിലപാട് എന്തുമായിരിക്കാം. എന്നാല്‍, സപ്തംബര്‍ 11നു ശേഷം മുസ്‌ലിമാണ് ഭരണകൂടവും ഭരണബാഹ്യമായ ഏജന്‍സികളും നടത്തുന്ന ഏത് അക്രമവും അളക്കാനുള്ള മാനദണ്ഡം.
അക്രമങ്ങള്‍ സംബന്ധിച്ച സ്ഥിതിവിവര കണക്കുകള്‍ മറ്റൊന്നാണ് പറയുന്നത്. പാശ്ചാത്യ രാഷ്ട്രങ്ങളാണ് പാശ്ചാത്യമല്ലാത്ത രാജ്യങ്ങളില്‍ അസ്ഥിരത ഉണ്ടാക്കിയും അവസാനമില്ലാത്ത യുദ്ധം ചെയ്തും വലിയ നാശനഷ്ടങ്ങള്‍ വരുത്തുന്നത്. എന്നാല്‍, ഇസ്‌ലാം വിരോധത്തിന്റെ ലഹരി ബാധിച്ച ലോകത്തിന്റെ ഭാവനയില്‍ മുസ്‌ലിമാണ് അക്രമത്തിന്റെ പ്രതീകം. 'അന്താരാഷ്ട്ര സമൂഹം' ഭീകരതയുടെ ആഗോള രക്തരക്ഷസ്സായി മുസ്‌ലിമിനെ മാറ്റിയിരിക്കുന്നു. അതിന് അനുസരിച്ചാണ് ഭരണകൂടങ്ങള്‍ സുരക്ഷാ വ്യവസ്ഥ ക്രമീകരിച്ചിരിക്കുന്നത്.
ലോകം ഇന്നു രാഷ്ട്രീയ ഹിംസയെ അപലപിക്കുമ്പോള്‍ ഉപയോഗിക്കുന്ന ഭാഷ പ്രധാനമായും ഇസ്‌ലാംവിരുദ്ധമാണ്. റോഹിന്‍ഗ്യകള്‍ക്കെതിരേയുള്ള അതിക്രമങ്ങളെ അപലപിക്കുന്ന ലേഖകര്‍ വരെ തങ്ങള്‍ ഉപയോഗിക്കുന്ന ഭാഷയെ ചോദ്യം ചെയ്യുന്നില്ല. 'ബൗദ്ധഭീകരത', 'ബൗദ്ധമതമൗലികവാദം' എന്നൊക്കെ പറയുമ്പോള്‍ മനസ്സില്‍ വരുന്നത് അജ്ഞാത വനങ്ങളില്‍, മരുഭൂമികളില്‍, മഹല്ലുകളില്‍ കലാഷ്‌നിക്കോവ് റൈഫിള്‍ പൊക്കിപ്പിടിച്ച് അല്ലാഹു അക്ബര്‍ എന്നലറുന്ന താടി നീട്ടിവളര്‍ത്തിയ, മീശ വടിച്ച മുസ്‌ലിമിനെയാണ്.
അഞ്ചു നൂറ്റാണ്ടായി മതപരമോ മതേതരമോ ആയ ഹിംസയുടെ മുഖ്യ പ്രായോജകര്‍ മുസ്‌ലിംകളായിരുന്നില്ലെന്നു കൊളോണിയല്‍ കാലഘട്ടത്തിനു ശേഷമുള്ള ചരിത്രകാരന്‍മാരൊക്കെ ചൂണ്ടിക്കാട്ടുന്നു. മതപരമോ മതേതരമോ ആയ അക്രമങ്ങള്‍ നടത്തുന്നതില്‍ ഒന്നാം സ്ഥാനത്ത് പാശ്ചാത്യരായിരുന്നു- വെളുത്തവര്‍, ക്രൈസ്തവര്‍. പാശ്ചാത്യ മാധ്യമങ്ങളുടെ സ്വാധീനവും സാമ്പത്തികരംഗത്തും വിദ്യാഭ്യാസമേഖലയിലും ജനപ്രിയ സംസ്‌കാരത്തിലും പാശ്ചാത്യര്‍ക്കുള്ള മേല്‍ക്കോയ്മയും കാരണം അക്കാര്യം തമസ്‌കരിക്കപ്പെടുന്നു. ബൗദ്ധഭീകരര്‍, മതമൗലികവാദികള്‍ എന്നീ പ്രയോഗങ്ങള്‍ ഇസ്‌ലാമിക ഭീകരരും മതമൗലികവാദികളും ഉണ്ടെന്ന സങ്കല്‍പത്തെയാണ് നമ്മെ ഓര്‍മിപ്പിക്കുന്നത്. അപ്പോള്‍ ബൗദ്ധഭീകരതയും ഇസ്‌ലാമിക ഭീകരതയും സമീകരിക്കപ്പെടുന്നു. ഇക്കാര്യത്തില്‍ മുസ്‌ലിം ചിന്തകര്‍ക്കും ആശയക്കുഴപ്പമുണ്ട്. ആഖ്യാനപരമായ സൂക്ഷ്മതലങ്ങള്‍ അവര്‍ പരിഗണിക്കുന്നില്ല. അവരും ഇസ്‌ലാംവിരോധത്തിന്റെ അതേ ആഖ്യാനരീതി ഉപയോഗിച്ചാണ് രാഷ്ട്രീയ ഹിംസയെ അപലപിക്കുന്നത്.
മതപരമായ എല്ലാ തരം ഹിംസയും ഒന്നല്ല. എല്ലാം ഒരേപോലെ എന്നു കരുതുന്നത് ഒരുതരം ലളിതവല്‍ക്കരണമാണ്. യഥാര്‍ഥത്തില്‍ മതേതര ഹിംസയും മതകീയ ഹിംസയും തമ്മില്‍ വല്ല അന്തരവുമുണ്ടോ? മതകീയമായ ഹിംസ യുക്തിരഹിതവും മധ്യയുഗങ്ങളില്‍ നിന്നുള്ളതും ജനാധിപത്യവിരുദ്ധവുമായി വീക്ഷിക്കപ്പെടുന്നു. ആധുനിക സമൂഹത്തിലെ ക്രമസമാധാന സിദ്ധാന്തങ്ങള്‍ക്കു നേരെയെതിരാണത്രേ അത്. ഹിംസയെക്കുറിച്ച മതേതര ആഖ്യാനമാണിത്. മതേതര ഹിംസ യുക്തിഭദ്രവും ആധുനികവും സ്വീകാര്യവുമാണെന്ന സൂചന അതിലുണ്ട്. മതകീയ ഹിംസയും മതേതര ഹിംസയും ഒരേ തരത്തില്‍ പരിഗണിക്കുന്നത് വ്യത്യസ്ത സാഹചര്യങ്ങളിലുള്ള ഹിംസകളെ മനസ്സിലാക്കാന്‍ സഹായിക്കുന്ന വ്യാഖ്യാന ചട്ടക്കൂട് ഉണ്ടാക്കുന്നതിന് ഉപകരിക്കും. രണ്ടു തരം ഹിംസയും തമ്മില്‍ സങ്കീര്‍ണമായ ബന്ധങ്ങളുണ്ട്.
എന്നാല്‍, ഈ വിശകലനം ശൂന്യതയില്‍ നിന്ന് ഉണ്ടാവുന്നതല്ല. നിലവില്‍ മതപരമായ ഹിംസയുടെ മാനദണ്ഡം മുസ്‌ലിമാണ്. രാഷ്ട്രീയ ഹിംസയുടെയും അതിന്റെ അനുബന്ധമായ ദേശീയ സുരക്ഷയുടെയും ആഖ്യാനത്തില്‍ മുസ്‌ലിം ഹിംസയാണ് കേന്ദ്രബിന്ദു. മ്യാന്‍മറിലെ ബൗദ്ധര്‍ നടത്തുന്ന അക്രമങ്ങള്‍ ഈ പൊതുനിയമത്തിന് അപവാദമായി മാത്രം പരിഗണിക്കപ്പെടും.
മതപരവും മതേതരവുമായ സമ്മിശ്ര ഹിംസയാണ് മ്യാന്‍മറില്‍ കാണുന്നത്. അതില്‍ പങ്കെടുക്കുന്നവര്‍ ഭരണകൂടം, വിശിഷ്ട വര്‍ഗം, മാധ്യമങ്ങള്‍, സന്യാസിമാര്‍, അവരുടെ അനുയായികള്‍, സൈന്യം എന്നിങ്ങനെ പല തരക്കാരാണ്. സമ്മിശ്ര ഹിംസയെ വെറും ബൗദ്ധഹിംസ എന്നു വിശദീകരിക്കുന്നത് ശരിയല്ല.
രാഷ്ട്രീയമായതും വ്യവസ്ഥയുടെ ഭാഗമായതുമായ അക്രമങ്ങള്‍- അവ മതപരമോ മതേതരമോ ആവട്ടെ- വിശദീകരിക്കാന്‍ വ്യത്യസ്തമായ ഭാഷയും സംജ്ഞയും വേണ്ടതുണ്ട്. അല്ലെങ്കില്‍ മ്യാന്‍മറില്‍ നടക്കുന്നത് ഒരു ബൗദ്ധകുരിശുയുദ്ധമാണെന്നു പറഞ്ഞുകൂടേ! കാരണം, യൂറോപ്പ് ഇതര ജനവിഭാഗങ്ങള്‍ക്കെതിരേ നൂറ്റാണ്ടുകളായി നടത്തിക്കൊണ്ടിരുന്ന അതിക്രമങ്ങളുടെ ചരിത്രം നമ്മുടെ മുമ്പിലുണ്ട്. മതപരവും അല്ലാത്തതുമായ കുരിശുയുദ്ധങ്ങളായിരുന്നു അവ. യൂറോ കേന്ദ്രീകൃത ഭരണരീതിയില്‍ നിന്ന് അനന്തരമെടുത്ത ഒരു കൊളോണിയല്‍ പ്രതിഭാസമായി മ്യാന്‍മര്‍ സംഭവങ്ങള്‍ വിലയിരുത്തിക്കൂടേ?
ആധുനിക ദേശരാഷ്ട്രത്തിന്റെ വീക്ഷണകോണിലൂടെ ഈ ഹിംസയെ വ്യാഖ്യാനിക്കാം. വംശീയതയുടെ അടിസ്ഥാനത്തില്‍ വികസിക്കുന്ന ദേശീയവാദം ഭൂരിപക്ഷം, ന്യൂനപക്ഷം എന്ന ദ്വന്ദ്വം സൃഷ്ടിക്കുന്നു. കൊളോണിയല്‍ കാലഘട്ടത്തില്‍ യൂറോപ്യന്‍ ശക്തികള്‍ മുസ്‌ലിം പ്രദേശങ്ങള്‍ നിയന്ത്രിക്കാന്‍ യഹൂദ-ക്രൈസ്തവ ന്യൂനപക്ഷങ്ങളെ ഉപയോഗിച്ചിരുന്നു. വിഭജിച്ചു ഭരിക്കുകയെന്ന തന്ത്രത്തിന്റെ ഭാഗമായിരുന്നു അത്. കൊളോണിയല്‍ വിരുദ്ധ സമരത്തെ ദുര്‍ബലപ്പെടുത്താനായിരുന്നു അത്.
അതായത്, മതത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം അക്രമങ്ങളെ വിശദീകരിക്കാനാവില്ല. ഉദാഹരണത്തിന്, ഇന്ത്യയില്‍ ഹിന്ദുത്വ ഫാഷിസ്റ്റ് സംഘടനകള്‍ മുസ്‌ലിംകള്‍ക്കെതിരേ നടത്തുന്ന ആക്രമണങ്ങള്‍ വെറുമൊരു ഹിന്ദു-മുസ്‌ലിം സംഘര്‍ഷമായി വിശദീകരിക്കാന്‍ പറ്റില്ല. ജാതി, സമുദായം തുടങ്ങി പല ഘടകങ്ങളും മുസ്‌ലിം ന്യൂനപക്ഷത്തിനെതിരായ ആക്രമണങ്ങള്‍ ദുര്‍ബലമാക്കുന്നുണ്ട്.
അതുപോലെയാണ് റോഹിന്‍ഗ്യകള്‍ക്കെതിരേ നടക്കുന്ന കൈയേറ്റങ്ങളും. മതം, സങ്കുചിത ദേശീയത തുടങ്ങി പല ശക്തികളും അതില്‍ പ്രവര്‍ത്തിക്കുന്നു. പറഞ്ഞുവരുന്നത്, ഇസ്‌ലാംപേടിയുടെ പശ്ചാത്തലത്തില്‍ ബൗദ്ധഹിംസ, ബൗദ്ധമൗലികവാദം എന്നീ പ്രയോഗങ്ങള്‍ മതിയാംവണ്ണം സൂക്ഷ്മമാവുന്നില്ല എന്നാണ്. എല്ലാ അതിക്രമങ്ങളെയും വിശദീകരിക്കാന്‍ അവ ഉപകരിക്കില്ല. അതോടൊപ്പം അസ്വീകാര്യമായ ഒരുതരം സമീകരണത്തിന് ആ പ്രയോഗങ്ങള്‍ സഹായിക്കുകയും ചെയ്യുന്നു.

(ജൊഹാനസ്ബര്‍ഗ് സര്‍വകലാശാലയിലെ ഗവേഷകരാണ് ലേഖകര്‍)
Next Story

RELATED STORIES

Share it