World

മ്യാന്‍മറില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക്ഏഴു വര്‍ഷം തടവ്‌

യങ്കൂണ്‍: സര്‍ക്കാര്‍ രേഖകള്‍ കൈവശം വച്ചതിനു മ്യാന്‍മറില്‍ രണ്ടു റോയിട്ടേഴ്‌സ് മാധ്യമപ്രവര്‍ത്തകരെ ജയിലിലടച്ചു. വ ലോണ്‍ (32), കയ്വാവ് സോ (28) എന്നീ മാധ്യമപ്രവര്‍ത്തകരെയാണ് ഏഴു വര്‍ഷത്തേക്ക് ജയിലിലടയ്ക്കാന്‍ ഉത്തരവിട്ടത്. കൊളോണിയല്‍ നിയമമായ ഒഫീഷ്യല്‍ സ്‌റ്റേറ്റ് സീക്രട്ട്‌സ് ആക്റ്റിന്റെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി.റോഹിന്‍ഗ്യന്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായി മ്യാന്‍മര്‍ സൈന്യം നടത്തുന്ന അതിക്രമങ്ങളെ കുറിച്ച് ഇവര്‍ റിപോര്‍ട്ട് ചെയ്തിരുന്നു. റഖൈനിലെ ഇന്‍ദിന്‍ ഗ്രാമത്തില്‍ 10 റോഹിന്‍ഗ്യരെ സൈന്യം കൂട്ടക്കൊല ചെയ്ത സംഭവം അന്വേഷിക്കുന്നതിനിടെ കഴിഞ്ഞ ഡിസംബറിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. പോലിസ് ഇരുവരെയും റസ്റ്റോറന്റിലേക്ക് അത്താഴത്തിനു ക്ഷണിച്ച ശേഷം ചില രേഖകള്‍ കൈമാറിയിരുന്നു. റസ്റ്റോറന്റ് വിട്ടിറങ്ങിയ ഉടന്‍ അറസ്റ്റ് ചെയ്യുകയാണുണ്ടായത്. രാജ്യത്തിനു ഹാനികരമായ തരത്തില്‍ ഇരുവരും പ്രവര്‍ത്തിച്ചെന്നു ശിക്ഷ പ്രഖ്യാപിച്ച ജഡ്ജി പറഞ്ഞു. അതേസമയം, രണ്ടു മാധ്യമപ്രവര്‍ത്തകരും കുറ്റം നിഷേധിച്ചു.ഇവരെ അറസ്റ്റ് ചെയ്തത് മ്യാന്‍മറിലെ മാധ്യമപ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം ദുഃഖകരമായ ദിവസമാണെന്ന് റോയിട്ടേഴ്‌സ് എഡിറ്റര്‍ ഇന്‍ ചീഫ് സ്റ്റീഫന്‍ അഡ്‌ലര്‍ പറഞ്ഞു. ഐക്യരാഷ്ട്ര സഭയും യൂറോപ്യന്‍ യൂനിയനുമടക്കം മാധ്യമപ്രവര്‍ത്തകരെ വിട്ടയക്കണമെന്നു മ്യാന്‍മറിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ജാമ്യമടക്കം നിഷേധിച്ചായിരുന്നു ഇവരെ ജയിലിലടച്ചിരുന്നത്. ചോദ്യം ചെയ്യലില്‍ കനത്ത മര്‍ദ്ദനമാണ് ഏല്‍ക്കേണ്ടി വന്നതെന്ന് മാധ്യമ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തി. മനുഷ്യാവകാശങ്ങളും ഇവര്‍ക്ക് നിഷേധിക്കപ്പെട്ടിരുന്നു.

Next Story

RELATED STORIES

Share it