World

മ്യാന്‍മറില്‍ ബിബിസി റിപോര്‍ട്ടര്‍ക്ക് തടവ്

നേയ്പിഡോ: മ്യാന്‍മറില്‍ ബിബിസി ലേഖകന് മൂന്നുമാസം തടവ്. വിദ്യാര്‍ഥി പ്രക്ഷോഭം റിപോര്‍ട്ട്‌ചെയ്യുന്നതിനിടെ പോലിസ് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചെന്ന കേസിലാണു മാധ്യമപ്രവര്‍ത്തകന്‍ നേയ് മ്യോ ലിനിനെ കോടതി മൂന്നുമാസം തടവിനു ശിക്ഷിച്ചത്.
നൊേബല്‍ പുരസ്‌കാരജേതാവും മുന്‍ രാഷ്ട്രീയത്തടവുകാരിയുമായ ഓങ് സാന്‍ സൂച്ചിയുടെ നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി പാര്‍ട്ടി നയിക്കുന്ന സര്‍ക്കാര്‍ രാജ്യത്ത് അധികാരമേറ്റ ശേഷം ഇതാദ്യമായാണ് ഒരു മാധ്യമപ്രവര്‍ത്തകന്‍ ശിക്ഷിക്കപ്പെടുന്നത്. വിധിക്കെതിരേ അപ്പീല്‍ പോവാന്‍ തീരുമാനിച്ചതായി ലിന്‍ അറിയിച്ചു.
കോടതിവിധി അനീതിയാണെന്ന് ലിനിന്റെ അഭിഭാഷകന്‍ തെയ്ന്‍ താന്‍ ഓ പ്രതികരിച്ചു. ലിന്‍ പോലിസുകാരനെ മര്‍ദ്ദിച്ചതു മനപ്പൂര്‍വമല്ല. ഒരു പൗരനെ രക്ഷിക്കാന്‍ ശ്രമിക്കുകയാണ് അദ്ദേഹം ചെയ്തതെന്നും ഓ പറഞ്ഞു. കോടതി ഇത്തരമൊരു വിധി പുറപ്പെടുവിച്ചതു ലജ്ജാകരമാണ്. പോലിസുകാര്‍ മാധ്യമപ്രവര്‍ത്തകരെ ശത്രുക്കളെപ്പോലെ കൈകാര്യം ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞവര്‍ഷം മാര്‍ച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം. യംഗൂണില്‍ വിദ്യാഭ്യാസ സ്വാതന്ത്ര്യം ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിനിടെ പ്രതിഷേധക്കാരിലൊരാളെ പോലിസുകാര്‍ ആക്രമിച്ചപ്പോള്‍ അയാളെ രക്ഷിക്കുന്നതിനായി ലിന്‍ ഇടപെടുകയായിരുന്നുവെന്നും തെയ്ന്‍ താന്‍ ഓ പറഞ്ഞു.
Next Story

RELATED STORIES

Share it