മ്യാന്‍മറില്‍ തിന്‍ ച്യോ പുതിയ പ്രസിഡന്റ്

നേപിഡോ: മ്യാന്‍മറില്‍ 50 വര്‍ഷം നീണ്ട പട്ടാളഭരണത്തിനു ശേഷം ജനാധിപത്യ രീതിയില്‍ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തു. നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍എല്‍ഡി) പാര്‍ട്ടിയിലെ തിന്‍ ച്യോയാണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.
എന്‍എല്‍ഡി പാര്‍ട്ടി നേതാവ് ഓങ്‌സാന്‍ സൂച്ചിയുടെ മുന്‍ ഡ്രൈവറും വിശ്വസ്ത സഹായിയുമാണ് ച്യോ. തന്റെ നിയമനം സൂച്ചിയുടെ വിജയമാണെന്ന് വോട്ടെടുപ്പിനു ശേഷം ച്യോ പ്രതികരിച്ചു. നിലവിലെ ഭരണഘടന പ്രകാരം പ്രസിഡന്റാവുന്നതിന് വിലക്കുള്ളതിനാല്‍ ഭരണം നടത്താന്‍ വിശ്വസ്തനായ പ്രതിനിധി എന്ന നിലയിലാണ് സൂച്ചി ച്യോയെ തിരഞ്ഞെടുത്തിരിക്കുന്നത്. ഭര്‍ത്താവും രണ്ടു കുട്ടികളും ബ്രിട്ടിഷ് പൗരന്മാരായതിനാലാണ് സൂച്ചിക്ക് പ്രസിഡന്റാവാന്‍ സാധിക്കാത്തത്. അതേസമയം, സര്‍ക്കാര്‍ രൂപീകരിച്ചുകഴിഞ്ഞാല്‍ പ്രസിഡന്റിനു മുകളിലായിരിക്കും തന്റെ സ്ഥാനമെന്ന് സൂച്ചി നേരത്തേ പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം നവംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ചരിത്രവിജയമാണ് നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി നേടിയത്. പട്ടാളഭരണത്തിനെതിരേ സമരം നടത്തിയതിന്റെ പേരില്‍ തടവില്‍ കഴിഞ്ഞിട്ടുള്ള ച്യോ ഓക്‌സ്ഫഡ് സര്‍വകലാശാലയില്‍ നിന്നും സാമ്പത്തികശാസ്ത്രത്തില്‍ ബിരുദം നേടിയിട്ടുണ്ട്.
കഴിഞ്ഞയാഴ്ചയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് ച്യോ നാമനിര്‍ദേശം ചെയ്യപ്പെട്ടത്. ച്യോയുടെ വിജയം ഏറക്കുറേ ഉറപ്പിച്ചതായിരുന്നു. ഭരണഘടന അനുശാസിക്കുന്ന പ്രകാരം പാര്‍ലമെന്റില്‍ 25 ശതമാനം സീറ്റുകളും പട്ടാളത്തിന് സംവരണം ചെയ്തിരിക്കുകയാണ്. അതേസമയം, മുന്‍ സൈനിക പ്രസിഡന്റ് തൈന്‍ സൈന്‍ ഈ മാസം അവസാനത്തോടെയേ അധികാരം വിടുകയുള്ളൂ. ഏപ്രില്‍ ഒന്നിനായിരിക്കും പുതിയ പ്രസിഡന്റ് അധികാരമേല്‍ക്കുക.
Next Story

RELATED STORIES

Share it