Flash News

മ്യാന്‍മറിലേക്കുള്ള തിരിച്ചുപോക്ക് : ആശങ്ക പ്രകടിപ്പിച്ച് റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍



കോക്‌സ് ബസാര്‍: മ്യാന്‍മറിലേക്കുള്ള തിരിച്ചുപോക്ക് സംബന്ധിച്ച് ആശങ്ക പ്രകടിപ്പിച്ച് ബംഗ്ലാദേശിലെ റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍. റോഹിന്‍ഗ്യകളെ തിരിച്ചുവിളിക്കാന്‍ മ്യാന്‍മര്‍ സന്നദ്ധത അറിയിച്ചതായി ബംഗ്ലാദേശ് വിദേശകാര്യമന്ത്രി അബ്ദുല്‍ ഹസന്‍ മഹ്മൂദ് അലി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ആഗസ്ത് 25നുണ്ടായ സൈനികാക്രമണങ്ങളെത്തുടര്‍ന്ന് അഞ്ചു ലക്ഷത്തിലധികം റോഹിന്‍ഗ്യകളാണ് മ്യാന്‍മറില്‍നിന്ന് ബംഗ്ലാദേശിലേക്കു പലായനം ചെയ്തത്. അഭയാര്‍ഥികളാണെന്ന് തീര്‍ച്ചപ്പെടുത്തിയവരെ മാത്രമാണ് മ്യാന്‍മര്‍ തിരിച്ചു സ്വീകരിക്കുമെന്ന് അറിയിച്ചത്. എന്നാല്‍, ബംഗ്ലാദേശ് അഭയാര്‍ഥി ക്യാംപുകളില്‍ കഴിയുന്ന റോഹിന്‍ഗ്യകളില്‍ പലരും മ്യാന്‍മറിന്റെ വാഗ്ദാനത്തെ വിശ്വസിക്കാന്‍ തയ്യാറല്ലെന്ന് അറിയിച്ചു. മ്യാന്‍മറില്‍ താമസിക്കുന്നതിനുള്ള രേഖകള്‍ എത്രപേരുടെ പക്കലുണ്ടാവുമെന്ന് റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളിലൊരാളായ അബ്ദുല്ല ചോദിച്ചു. റോഹിന്‍ഗ്യകളെ തിരിച്ചുവിളിക്കാന്‍ മ്യാന്‍മര്‍ തയ്യാറായാലും അത് പൂര്‍ത്തിയാക്കാന്‍ സമയമെടുക്കുമെന്ന് ഒരു ബംഗ്ലാദേശ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അഭയാര്‍ഥികളുടെ ഔദ്യോഗിക രേഖകള്‍ പരിശോധിച്ചു മാത്രമേ മ്യാന്‍മര്‍ ഇതിനു തയ്യായറാവുകയുള്ളൂവെന്നും അദ്ദേഹം അറിയിച്ചു. സൈന്യത്തിന്റെ ആക്രമണങ്ങളെത്തുടര്‍ന്ന് പലായനം ചെയ്ത രോഹിന്‍ഗ്യകളില്‍ ഭൂരിപക്ഷവും തിരിച്ചറിയല്‍ രേഖകള്‍പോലും ഉപേക്ഷിച്ചാണ് അതിര്‍ത്തികടന്നത്. വടക്കന്‍ റാഖൈന്‍ സംസ്ഥാനത്തെ റോഹിന്‍ഗ്യന്‍ ഗ്രാമങ്ങളില്‍ പകുതിയോളം സൈന്യം ചുട്ടെരിച്ചതിനാല്‍ രേഖകള്‍ നശിച്ചുപോവാനും സാധ്യതയുണ്ട്. മ്യാന്‍മര്‍ സര്‍ക്കാരിന്റെ പൗരത്വ നിഷേധമാണ് റോഹിന്‍ഗ്യകള്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന്്. രേഖകളുമായി മ്യാന്‍മറിലേക്കു തിരിച്ചുപോയാലും പൗരത്വം ലഭിക്കില്ലെന്നതും സൈന്യത്തിന്റെയോ ഭൂരിപക്ഷമായ ബുദ്ധമതക്കാരില്‍ നിന്നോ ആക്രമണം നേരിടാമെന്നതും റോഹിന്‍ഗ്യര്‍ക്കിടയില്‍ ആശങ്ക സൃഷ്ടിക്കുന്നു. മ്യാന്‍മറിലേക്കു പോയാല്‍ വീണ്ടും ബംഗ്ലാദേശിലേക്കു തിരിച്ചുവരേണ്ട അവസ്ഥ വരുമെന്ന് 60കാരിയായ ആമിന പറഞ്ഞു. മ്യാന്‍മര്‍ തങ്ങള്‍ക്ക് പൂര്‍ണ അവകാശങ്ങള്‍ ഉറപ്പാക്കിയാലേ അവിടെ തുടരാന്‍ സാധിക്കൂവെന്നും അവര്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it