Thejas Special

മ്യാന്‍മറിലെ അധികാരക്കൈമാറ്റം: തെയ്ന്‍ സെയ്‌നുമായി സൂച്ചി ചര്‍ച്ച നടത്തി

നേപിഡോ: മ്യാന്‍മറിലെ അധികാരക്കൈമാറ്റവുമായി ബന്ധപ്പെട്ട് ഓങ്‌സാന്‍ സൂച്ചിയും പ്രസിഡന്റ് തെയ്ന്‍ സെയ്‌നുമായി കൂടിക്കാഴ്ച നടത്തി. പതിറ്റാണ്ടുകള്‍ നീണ്ട പട്ടാളഭരണത്തിന് അന്ത്യംകുറിച്ച് ഓങ്‌സാന്‍ സൂച്ചിയുടെ നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി കഴിഞ്ഞ മാസം നടന്ന തിരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടിയിരുന്നു. തിരഞ്ഞെടുപ്പിനു ശേഷം ഇതാദ്യമായാണ് പ്രസിഡന്റും സൂച്ചിയും ചര്‍ച്ച നടത്തുന്നത്. തലസ്ഥാനത്തു നടന്ന ചര്‍ച്ചയില്‍ പട്ടാളമേധാവി മിന്‍ ഓങ് ഹ്ലെയിങും പങ്കെടുത്തു. അടുത്ത വര്‍ഷം ആദ്യത്തോടെ അധികാരക്കൈമാറ്റമുണ്ടാവുമെന്നാണു കരുതുന്നത്. സുഗമമായ ഭരണത്തിന് പരസ്പരം പിന്തുണച്ചു മുമ്പോട്ടു പോവുമെന്ന് ഇരുവിഭാഗങ്ങളും ഉറപ്പ് നല്‍കി. പാര്‍ലമെന്റിലെ അധോസഭയിലെയും ഉപരിസഭയിലെയും 25 ശതമാനം സീറ്റുകള്‍ പട്ടാളത്തിനു സംവരണം ചെയ്യപ്പെട്ടിരിക്കുകയാണ്.
മ്യാന്‍മര്‍ ഭരണഘടനപ്രകാരം വിദേശ പൗരത്വമുള്ളവരുടെ ബന്ധുക്കള്‍ക്ക് പ്രസിഡന്റാവുന്നതിനു വിലക്കുള്ളതിനാല്‍ സൂച്ചിക്ക് പ്രസിഡന്റാവാന്‍ സാധിക്കില്ല. അതേസമയം, ഭരണത്തില്‍ പരമാധികാരം തനിക്കായിരിക്കുമെന്ന് സൂച്ചി വ്യക്തമാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it