World

മ്യാന്‍മറിനെതിരേ അന്താരാഷ്ട്ര പിന്തുണതേടി അറബ് സഖ്യം

ധക്ക: റോഹിന്‍ഗ്യര്‍ക്കെതിരേ വംശീയാക്രമണം നടത്തിയ മ്യാന്‍മര്‍ സര്‍ക്കാരിനെതിരേ അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ തേടി അറബ് സഖ്യം. ഇതിന്റെ ഭാഗമായി 53 അംഗ ഒര്‍ഗനൈഷേഷന്‍ ഓഫ് ഇസ്‌ലാമിക് കോണ്‍ഫറന്‍സ് സഖ്യത്തിലെ വിദേശകാര്യ മന്ത്രിമാരും നയതന്ത്ര പ്രതിനിധികളും ബംഗ്ലാദേശില്‍ യോഗം ചേര്‍ന്നു. മ്യാന്‍മറിനെതിരേ വിദേശരാജ്യങ്ങള്‍ക്കിടയില്‍ പ്രചാരണം നടത്തുകയാണ് സഖ്യത്തിന്റെ ലക്ഷ്യം.
രണ്ടു ദിവസമായി ധക്കയില്‍ നടന്ന ഉച്ചകോടിയില്‍ ഇതിനായി പ്രത്യേക കമ്മിറ്റി രൂപീകരിച്ചു. റോഹിന്‍ഗ്യര്‍ക്കെതിരേ നടന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ മ്യാന്‍മറിനെതിരേ നടപടി സ്വീകരിക്കാന്‍ അന്താരാഷ്്ട്ര തലത്തില്‍ രാഷ്ട്രീയ പിന്തുണ നേടിയെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇക്കാര്യത്തില്‍ അന്ത്രാരാഷ്ട്ര പിന്തുണ പ്രധാനമാണ്. റോഹിന്‍ഗ്യന്‍ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ഇത് അത്യാവശ്യമാണെന്നും ഭാരവാഹികള്‍ അറിയിച്ചു. ഇത് മതപരമായ വിഷയമല്ല, 50 വര്‍ഷത്തോളമായി റോഹിന്‍ഗ്യര്‍ അനുഭവിക്കുന്ന മനുഷ്യാവകാശ പ്രശ്‌നമാണെന്നും കമ്മിറ്റി പ്രതിനിധി അല്‍ ഉതയ്മീന്‍ പറഞ്ഞു. മ്യാന്‍മറിനെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ബംഗ്ലാദേശ് വിദേശ കാര്യമന്ത്രി മഹമൂദ് അലി ആവശ്യപ്പെട്ടു.
അഭയാര്‍ഥികളാണെന്നാരോപിച്ച് റോഹിന്‍ഗ്യര്‍ക്ക് പൗരാവകാശം പോലും നിഷേധിക്കുകയാണ് മ്യാന്‍മര്‍. കഴിഞ്ഞവര്‍ഷം ആഗസ്ത് മുതല്‍ മ്യാന്‍മര്‍ സൈന്യവും ബുദ്ധമതസ്ഥരും നടത്തിയ വംശീയ ആക്രമണങ്ങളെത്തുടര്‍ന്ന് ഏഴു ലക്ഷത്തിലധികം റോഹിന്‍ഗ്യരാണ് മ്യാന്‍മറില്‍ നിന്ന് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്്. റോഹിന്‍ഗ്യരെ തിരികെ സ്വീകരിക്കാന്‍ മ്യാന്‍മറും ബംഗ്ലാദേശും  ധാരണയിലെത്തിയിരുന്നു. റോഹിന്‍ഗ്യര്‍ക്ക് സുരക്ഷിതരായി മടങ്ങാനുള്ള സാഹചര്യം ഒരുക്കണമെന്നും അവര്‍ക്കെതിരായ വിവേചനം അവസാനിപ്പിക്കണമെന്നും കഴിഞ്ഞ ആഴ്ച റോഹിന്‍ഗ്യന്‍ അഭയാര്‍ഥി ക്യാംപുകള്‍ സന്ദര്‍ശിച്ച യുഎന്‍ രക്ഷാസമിതി അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it