World

മ്യാന്‍മര്‍: വംശീയ ആക്രമണങ്ങള്‍ രൂക്ഷമാവുന്നതായി യുഎന്‍

ജനീവ/ധക്ക: മ്യാന്‍മറില്‍ വംശീയ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ രൂക്ഷമാവുന്നതായി യുഎന്‍ മുന്നറിയിപ്പ്. കരേന്‍ വിഭാഗക്കാര്‍ അടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരായ വംശീയ ആക്രമണങ്ങള്‍ മ്യാന്‍മറില്‍ വര്‍ധിക്കുന്നതായി യുഎന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫിസ് (ഒഎച്ച്‌സി—എച്ച്ആര്‍) വ്യക്തമാക്കി.
വടക്കന്‍ മ്യാന്‍മറിലെ കച്ചിന്‍, ഷാന്‍ സംസ്ഥാനങ്ങളിലാണ് ആക്രമണങ്ങള്‍ തുടരുന്നത്. സായുധസംഘങ്ങളുടെ ആക്രമണത്തില്‍ മേഖലയില്‍ 14 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്ടുണ്ട്. മേഖലയില്‍ സൈന്യം ആയുധങ്ങള്‍ പ്രയോഗിച്ചതായും വ്യോമാക്രമണം നടത്തിയതായും റിപോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.കച്ചിനില്‍ കഴിഞ്ഞമാസം തുടക്കംമുതല്‍ 7,400 പേര്‍ പലായനം ചെയ്തു. നേരത്തേ മേഖലയില്‍ നിന്ന് ഒരുലക്ഷത്തോളം പേര്‍ പലായനം ചെയ്തിരുന്നു. സംഘര്‍ഷത്തെത്തുടര്‍ന്ന് മേഖലയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച 2000ഓളം സാധാരണക്കാര്‍ വനപ്രദേശങ്ങളില്‍ അകപ്പെട്ടതായും യുഎന്‍ അറിയിച്ചു.
അതേസമയം റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരായ ആക്രമണങ്ങള്‍ മ്യാന്‍മര്‍ അവസാനിപ്പിക്കണമെന്ന് യുഎസ് സര്‍ക്കാരിന്റെ സന്നദ്ധ സേവന വിഭാഗമായ യുഎസ് എയ്ഡ് (ഏജന്‍സി ഫോര്‍ ഇന്റര്‍നാഷനല്‍ ഡെവലപ്‌മെന്റ്) ആവശ്യപ്പെട്ടു. യുഎസ് എയ്ഡ് മേധാവി മാര്‍ക് ഗ്രീനിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞദിവസം ബംഗ്ലാദേശ്- മ്യാന്‍മര്‍ അതിര്‍ത്തിയിലെ റോഹിന്‍ഗ്യന്‍ അഭയാര്‍ഥി ക്യാംപുകള്‍ സന്ദര്‍ശിച്ചിരുന്നു.
Next Story

RELATED STORIES

Share it