World

മ്യാന്‍മര്‍: മാധ്യമപ്രവര്‍ത്തകരെ മോചിപ്പിക്കണമെന്നു യുഎസ് വൈസ് പ്രസിഡന്റ്‌

ന്യൂയോര്‍ക്ക്: മ്യാന്‍മര്‍ ഭരണകൂടം തടവിലാക്കിയ രണ്ട് റോയിട്ടേഴ്‌സ് മാധ്യമപ്രവര്‍ത്തകരെ മോചിപ്പിക്കണമെന്ന് യുഎസ് വൈസ് പ്രസിഡന്റ് മൈക് പെന്‍സ്. തടവിലാക്കപ്പെട്ട രണ്ടു മാധ്യമപ്രവര്‍ത്തകരും ആക്രമണങ്ങള്‍ക്കും കൂട്ടക്കൊലകള്‍ക്കുമെതിരേ തൊഴിലിലൂടെ പ്രവര്‍ത്തിച്ചവരാണ്. മതസ്വാതന്ത്ര്യവും പത്രസ്വാതന്ത്ര്യവും ശക്തമായ ജനാധിപത്യത്തിന് അത്യാവശ്യമാണ്. വിധിന്യായം പുനപ്പരിശോധിക്കാനും അവരെ ഉടന്‍ മോചിപ്പിക്കാനും മ്യാന്‍മര്‍ ഭരണകൂടത്തോട് ഞങ്ങള്‍ ആവശ്യപ്പെടുന്നു എന്നാണ് മൈക് പെന്‍സ് ട്വീറ്റ് ചെയ്തത്. സര്‍ക്കാര്‍ രേഖകള്‍ കൈവശംവച്ചതിന് റോയിട്ടേഴ്‌സ് മാധ്യമപ്രവര്‍ത്തകരായ വ ലോണ്‍ (32), കയ്വാവ് സോ (28) എന്നിവരെയാണ് മ്യാന്‍മറില്‍ ഏഴു വര്‍ഷത്തേക്ക് ജയിലിലടച്ചത്. ബ്രിട്ടീഷുകാര്‍ നടപ്പാക്കിയ ഒഫീഷ്യല്‍ സ്‌റ്റേറ്റ് സീക്രട്ട്‌സ് ആക്റ്റിന്റെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.റോഹിന്‍ഗ്യന്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായി മ്യാന്‍മര്‍ സൈന്യം നടത്തുന്ന അതിക്രമങ്ങളെ കുറിച്ച് ഇവര്‍ റിപോര്‍ട്ട് ചെയ്തിരുന്നു. റഖൈനിലെ ഇന്‍ദിന്‍ ഗ്രാമത്തില്‍ 10 റോഹിന്‍ഗ്യരെ സൈന്യം കൂട്ടക്കൊല ചെയ്ത സംഭവം അന്വേഷിക്കുന്നതിനിടെ കഴിഞ്ഞ ഡിസംബറിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. അറസ്റ്റിനെതിരേ മ്യാന്‍മറിലും മറ്റു രാജ്യങ്ങളിലും പ്രതിഷേധം ഉയരുന്നുണ്ട്.
Next Story

RELATED STORIES

Share it