മ്യാന്‍മര്‍ പ്രസിഡന്റായി ഹിതിന്‍ ച്യോ സ്ഥാനമേറ്റു

നേയ്പിഡോ: അഞ്ചു പതിറ്റാണ്ടിലധികം നീണ്ട പട്ടാളഭരണം അവസാനിച്ച മ്യാന്‍മറില്‍ പുതിയ പ്രസിഡന്റായി ഹിതിന്‍ ച്യോ സ്ഥാനമേറ്റു. ഭരണകക്ഷി നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസിയുടെ (എന്‍എല്‍ഡി) നേതാവും സമാധാന നൊബേല്‍ പുരസ്‌കാര ജേതാവുമായ ഓങ് സാന്‍ സൂച്ചിയുടെ വിശ്വസ്തനായാണ് ഹിതിന്‍ ച്യോ അറിയപ്പെടുന്നത്. ഇന്നലെ പാര്‍ലമെന്റില്‍ നടന്ന ചടങ്ങില്‍ 2011 മുതല്‍ ഭരണം നടത്തുന്ന തെയിന്‍ സെയിനില്‍ നിന്ന് ച്യോ അധികാരമേറ്റെടുത്തു. സ്ഥാനമേറ്റെടുക്കുന്ന മന്ത്രിസഭയില്‍ വിദേശകാര്യം, വിദ്യാഭ്യാസം, ഊര്‍ജം എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി ഓങ് സാന്‍ സൂച്ചി സത്യപ്രതിജ്ഞ ചെയ്തു. പ്രസിഡന്റിന്റെ ഓഫിസിന്റെ ചുമതലയും സൂചിയുടെ വകുപ്പുകളില്‍ ഉള്‍പ്പെടുന്നു. 1962 മുതല്‍ തുടരുന്ന പട്ടാളഭരണത്തിനൊടുവില്‍  കഴിഞ്ഞ നവംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ എന്‍എല്‍ഡി വിജയിച്ചിരുന്നു. ഭരണഘടനാപരമായ വിലക്ക് നിലനില്‍ക്കുന്നതിനാലാണു സൂച്ചിക്ക് പ്രസിഡന്റാവാന്‍ കഴിയാതിരുന്നത്. രണ്ട് വൈസ് പ്രസിഡന്റുമാരും ഇന്നലെ സത്യപ്രതിജ്ഞചെയ്തു സ്ഥാനമേറ്റു. സൈന്യം നാമനിര്‍ദേശം ചെയ്ത ഒരാളും ഇതിലുള്‍പ്പെടുന്നു. അതേസമയം രാജ്യത്തു പട്ടാളം പ്രധാന രാഷ്ട്രീയശക്തിയായി നിലനില്‍ക്കേണ്ടത് അനിവാര്യമാണെന്ന് സൈനികമേധാവി മിന്‍ അനുങ് ഹ്‌ലൈങ് പ്രതികരിച്ചു. നേയ്പിഡോവില്‍ നടന്ന സായുധസേനാദിനാചരണത്തിലാണ് അനുങ് ഹ്‌ലൈങ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രശസ്ത എഴുത്തുകാരനായിരുന്ന മിന്‍ തു വാന്‍ന്റെ മകനായി 1946ല്‍ ജനിച്ച ഹിതിന്‍ ച്യോ പതിറ്റാണ്ടുകളായി ഓങ്‌സാന്‍ സൂച്ചിയുമായി അടുത്ത ബന്ധം പുലര്‍ത്തിവരുന്ന നേതാവാണ്. യംഗൂണില്‍ ഹൈസ്‌കൂള്‍ പഠനകാലത്ത് സൂച്ചിയുടെ സഹപാഠിയായിരുന്നു. ഓങ്‌സാന്‍ സൂച്ചിയെ വീട്ടുതടങ്കലില്‍ വച്ച നടപടിയെ പരസ്യമായി ചോദ്യംചെയ്തതിനെത്തുടര്‍ന്ന് 2000ല്‍ പട്ടാളഭരണകൂടം ഇദ്ദേഹത്തെ തടവിലയച്ചിരുന്നു.
Next Story

RELATED STORIES

Share it