മ്യാന്‍മര്‍: ഖനിയില്‍ ഉരുള്‍പൊട്ടി 90 മരണം

യംഗൂണ്‍: വടക്കന്‍ മ്യാന്‍മറില്‍ അക്കിക്കല്ല് ഖനിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ 90ഓളം പേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. മ്യാന്‍മറിലെ കാച്ചിന്‍ സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ഉച്ചയോടെയാണു സംഭവം. നിരവധി വന്‍കിട ഖനികള്‍ പ്രവര്‍ത്തിക്കുന്ന മേഖലയില്‍ ഖനിമാലിന്യങ്ങള്‍ മൂലം ഉരുള്‍പൊട്ടല്‍ പതിവാണ്. ഇത്തവണയും ഖനിമാലിന്യങ്ങള്‍ തകര്‍ന്നുവീണാണ് അപകടം. ദുരന്തത്തിലേക്കു നയിച്ച കാരണം വ്യക്തമല്ല.
അവശിഷ്ടങ്ങള്‍ക്കടിയില്‍ പെട്ടവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഖനി മാലിന്യങ്ങള്‍ക്കിടയിലുള്ള നിരവധി കുടിലുകള്‍ മണ്ണിനടിയിലായിട്ടുണ്ട്. നൂറോളം പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. ദുര്‍ഘട പ്രദേശമായ ഇവിടെ വാര്‍ത്താവിനിമയ സംവിധാനം അത്ര പുരോഗമിച്ചിട്ടില്ല. ലോകത്ത് തന്നെ ആഭരണത്തിന് ഉപയോഗിക്കുന്ന ഏറ്റവും നല്ല അക്കിക്കല്ലുകള്‍ ഈ മേഖലയില്‍ നിന്നാണ് ഉല്‍പാദിപ്പിക്കുന്നത്. പ്രതിവര്‍ഷം കോടിക്കണക്കിനു ഡോളറാണ് ഖനന ലോബിക്ക് ഈ മേഖലയില്‍നിന്നു ലഭിക്കുന്നത്. മ്യാന്‍മറിലെ മുന്‍ പട്ടാളഭരണാധികാരികളുടെ അടുത്ത ബന്ധുക്കളുടെ ഉടമസ്ഥതയിലുള്ളതാണ് പല ഖനികളും. ഖനന മാഫിയയുടെ ചൂഷണം കാരണം ഇവിടെ അപകടം പതിവാണ്.
Next Story

RELATED STORIES

Share it