World

മ്യാന്‍മര്‍ കാലതാമസം വരുത്തുന്നു: ശെയ്ഖ് ഹസീന

ന്യൂയോര്‍ക്ക് സിറ്റി: ബംഗ്ലാദേശില്‍ കഴിയുന്ന റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ തിരികെ കൊണ്ടുപോവുന്നതില്‍ മ്യാന്‍മര്‍ മനപ്പൂര്‍വം കാലതാമസം വരുത്തുന്നതായി ബംഗ്ലാദേശ് പ്രധാനമന്ത്രി ശെയ്ഖ് ഹസീന. യുഎന്‍ പൊതു സമ്മേളനത്തില്‍ പങ്കെടുക്കുന്ന ഹസീന റോയിറ്റേഴ്‌സുമായുള്ള അഭിമുഖത്തിലാണു നിലപാട് അറിയിച്ചത്.
ഏഴു ലക്ഷത്തോളം റോഹിന്‍ഗ്യരാണു കഴിഞ്ഞ വര്‍ഷം മ്യാന്‍മറില്‍ നിന്നു ബംഗ്ലാദേശിലെത്തിയത്. രാജ്യത്ത് 16 കോടി ജനങ്ങളാണുള്ളതെന്നും മറ്റു ഭാരം ചുമക്കാന്‍ രാജ്യത്തിനു സാധിക്കില്ലെന്നുമായിരുന്നു റോഹിന്‍ഗ്യര്‍ക്ക് സ്ഥിരമായി താമസിക്കാന്‍ നയത്തില്‍ മാറ്റംവരുത്തുമോ എന്ന ചോദ്യത്തിന് ഹസീനയുടെ മറുപടി.
ഡിസംബറില്‍ ദേശീയ തിരഞ്ഞെടുപ്പു നടക്കാനിരിക്കെ റോഹിന്‍ഗ്യന്‍ അഭയാര്‍ഥി വിഷയത്തില്‍ മ്യാന്‍മറിനോട് തര്‍ക്കത്തിനു ഹസീന ആഗ്രഹിക്കുന്നില്ലെന്നു വ്യക്തമാക്കുന്നതായിരുന്നു അഭിമുഖം. റോഹിന്‍ഗ്യരെ മടക്കിക്കൊണ്ടുവരാന്‍ മ്യാന്‍മറിന്‌മേല്‍ ലോകരാഷ്ട്രങ്ങള്‍ സമ്മര്‍ദം ചെലുത്തണമെന്നു ഹസീന ആവശ്യപ്പെട്ടു.
റഖൈനില്‍ സൈന്യം വംശീയ ആക്രമണം അഴിച്ചുവിട്ട—തിനെ തുടര്‍ന്നാണു റോഹിന്‍ഗ്യര്‍ ബംഗ്ലാദേശിലേക്കു പലായനം ചെയ്തത്.
ഇവരെ മടക്കിക്കൊണ്ടു പോവുന്നത് സംബന്ധിച്ച് മ്യാന്‍മറും ബംഗ്ലാദേശും തമ്മില്‍ കഴിഞ്ഞ നവംബറില്‍ കരാറിലേര്‍പ്പെട്ടിരുന്നു. രണ്ടു മാസത്തിനുള്ളില്‍ മടക്കിക്കൊണ്ടു പോവുമെന്നായിരുന്നു കരാര്‍. എന്നാല്‍ അതിനുള്ള നടപടി തുടങ്ങിയിട്ടില്ല.
റോഹിന്‍ഗ്യക്കെതിരായ കൂട്ടക്കൊലകളും കൂട്ടബലാല്‍സംഗങ്ങളും മറ്റ് അതിക്രമങ്ങളും സൈന്യം ആസൂത്രണം ചെയ്തു നടപ്പാക്കുകയായിരുന്നെന്നു യുഎസ് ഗവണ്‍മെന്റിന്റെ അന്വേഷണ റിപോര്‍ട്ട് കഴിഞ്ഞദിവസം മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.

Next Story

RELATED STORIES

Share it