മ്യാന്‍മര്‍: ഓങ്‌സാന്‍ സൂച്ചിക്ക് പ്രധാനമന്ത്രിക്കു സമാനമായ പദവി

നേയ്പിഡോ: മ്യാന്‍മറില്‍ ദേശീയ ഉപദേഷ്ടാവായി (സ്റ്റേറ്റ് അഡൈ്വസര്‍) ഓങ് സാന്‍ സൂച്ചി സ്ഥാനമേല്‍ക്കും. ദേശീയ ഉപദേഷ്ടാവ് എന്ന പുതിയ തസ്തിക നിര്‍മിക്കുന്നതിനുള്ള ശുപാര്‍ശയ്ക്ക് മ്യാന്‍മര്‍ പാര്‍ലമെന്റിലെ ഉപരിസഭ ഇന്നലെ അംഗീകാരം നല്‍കി.
പ്രധാനമന്ത്രിക്ക് തത്തുല്യമായ തസ്തികയാവും ദേശീയ ഉപദേഷ്ടാവിന്റേത്. സമാധാന നോബല്‍ പുരസ്‌കാര ജേത്രികൂടിയായ സൂച്ചിക്ക് മ്യാന്‍മര്‍ പ്രസിഡന്റ് ആവുന്നതിന് ഭരണഘടനാപരമായ വിലക്ക് നിലനില്‍ക്കുന്നുണ്ട്. അവരുടെ രണ്ടു മക്കള്‍ക്കും അന്തരിച്ച ഭര്‍ത്താവിനും ബ്രിട്ടീഷ് പൗരത്വമുള്ളതാണ് വിലക്കിന് കാരണം. അഞ്ചു പതിറ്റാണ്ടിലധികം നീണ്ട പട്ടാളഭരണത്തിനൊടുവില്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ ജനാധിപത്യ രീതിയില്‍ നടന്ന പൊതു തിരഞ്ഞെടുപ്പില്‍ സൂച്ചിയുടെ നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍എല്‍ഡി) പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്.
സൂച്ചിയുടെ വിശ്വസ്തനായ ഹിതിന്‍ ച്യോ മ്യാന്‍മര്‍ പ്രസിഡന്റ്ായി ബുധനാഴ്ച സ്ഥാനമേറ്റിരുന്നു. വിദ്യാഭ്യാസം, വിദേശകാര്യം, ഊര്‍ജം വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി സൂച്ചിയും ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തിരുന്നു. പുതിയ പദവിയില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതിനായി സൂച്ചി മന്ത്രിസ്ഥാനം രാജിവയ്ക്കുമെന്നും റിപോര്‍ട്ടുണ്ട്.
ദേശീയ ഉപദേഷ്ടാവിന് പ്രസിഡന്റിനെയും കാബിനറ്റ് മന്ത്രിമാരെയും നിയന്ത്രിക്കുന്നതിനുള്ള അധികാരമുണ്ടാവുമെന്ന് എന്‍എല്‍ഡി എംപി ഖിന്‍ മോങ് മിന്റ് അറിയിച്ചു. സര്‍ക്കാരിനു പുറമേ ജുഡീഷ്യറിയിലും സൂച്ചിക്ക് ഇടപെടാം. പാര്‍ലമെന്റിനും മുകളിലാവും സൂച്ചിയുടെ സ്ഥാനമെന്നും ഖിന്‍ മോങ് മിന്റ് പറഞ്ഞു. അതേസമയം, സൂച്ചിക്ക് ദേശീയ ഉപദേഷ്ടാവ് പദവി നല്‍കിയതില്‍ സൈന്യം എതിര്‍പ്പു പ്രകടിപ്പിച്ചു. ദേശീയ ഉപദേഷ്ടാവിന്റെ പദവി സൃഷ്ടിക്കുന്നതിനുള്ള ബില്ലിനെ പാര്‍ലമെന്റിലെ സൈന്യത്തിന്റെ പ്രതിനിധികള്‍ എതിര്‍ത്തിരുന്നു. പുതിയ പദവിയിലൂടെ ഒരു വ്യക്തിയുടെ കൈകളിലേക്ക് ധാരാളം അധികാരം എത്തിച്ചേരുകയാണെന്നാണ് അവര്‍ വിമര്‍ശനമുന്നയിച്ചത്.
ദേശീയ ഉപദേഷ്ടാവ് പദവി പ്രസിഡന്റ് പദവിക്കു തത്തുല്യമോ അതിന് മുകളിലോ ആണെന്നും അതിനാല്‍ ഇത് ഭരണഘടനാവിരുദ്ധമായ നീക്കമാണെന്നും ഉപരിസഭയിലെ സൈനിക പ്രതിനിധികളിലൊരാളായ കേണല്‍ മിന്റ് സ്വേ അഭിപ്രായപ്പെട്ടു.
Next Story

RELATED STORIES

Share it