മ്യാന്‍മര്‍: എന്‍എല്‍ഡിക്ക് വന്‍വിജയം

യംഗൂണ്‍: ഞായറാഴ്ച നടന്ന പൊതുതിരഞ്ഞെടുപ്പില്‍ മ്യാന്‍മറില്‍ പ്രതിപക്ഷമായ ഓങ്‌സാന്‍ സൂച്ചിയുടെ നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി വന്‍വിജയം നേടിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. 80 ശതമാനത്തിലധികം സീറ്റുകളിലേക്കുള്ള ഫലം പ്രഖ്യാപിച്ചപ്പോള്‍ ഭരിക്കാനാവശ്യമായ മൂന്നില്‍ രണ്ടു ഭൂരിപക്ഷം സൂച്ചിയുടെ പാര്‍ട്ടി നേടി.
എന്നാല്‍, പാര്‍ട്ടി അധികാരത്തിലേറിയാലും നിലവിലെ ഭരണഘടന പ്രകാരം സൂച്ചിക്ക് പ്രസിഡന്റാവാന്‍ കഴിയില്ല. ജൂണില്‍ പരിഷ്‌കരിച്ച ഭരണഘടന പ്രകാരം വിദേശ പൗരത്വമുള്ള ബന്ധുക്കളുണ്ടെങ്കില്‍ പ്രസിഡന്റാവാന്‍ സാധിക്കില്ല. സൂച്ചിയുടെ രണ്ടു മക്കള്‍ക്കും ഭര്‍ത്താവിനും ബ്രിട്ടിഷ് പൗരത്വമുള്ളതിനാല്‍ സൂച്ചി പ്രസിഡന്റാവുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് സൈനിക ഭരണകൂടം ഭരണഘടന പരിഷ്‌കരിച്ചത്. എന്നാല്‍, തന്റെ പാര്‍ട്ടി അധികാരത്തില്‍ വരുകയാണെങ്കില്‍ താന്‍ തന്നെ രാജ്യത്തെ നയിക്കുമെന്നു സൂച്ചി ആവര്‍ത്തിച്ചു വ്യക്തമാക്കിയിരുന്നു. 25 ശതമാനം സീറ്റുകളില്‍ സൈനിക സംവരണമുള്ളതിനാല്‍ ഭാവിയില്‍ പട്ടാളം ഭരണത്തില്‍ കൈകടത്തുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
എന്നിരുന്നാലും 25 വര്‍ഷത്തെ മ്യാന്‍മറിന്റെ ചരിത്രത്തിലെ സുതാര്യമായ തിരഞ്ഞെടുപ്പാണ് കഴിഞ്ഞ ഞായറാഴ്ച നടന്നത്. തിരഞ്ഞെടുപ്പ് നടന്ന് അഞ്ചു ദിവസം കഴിഞ്ഞാണ് സൂച്ചിയുടെ പാര്‍ട്ടി പാര്‍ലമെന്റില്‍ ഭൂരിപക്ഷം നേടിയതായി ഔദ്യോഗിക സ്ഥിരീകരണമുണ്ടാവുന്നത്. അന്തിമഫലത്തിനു ദിവസങ്ങള്‍ ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണു കരുതുന്നത്.
പാര്‍ലമെന്റ് വീണ്ടും സമ്മേളിക്കുന്ന ജനുവരിയില്‍ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്ന നടപടികള്‍ക്ക് തുടക്കമാവും. മ്യാന്‍മറിലെ തിരഞ്ഞെടുപ്പുഫലം അംഗീകരിക്കുന്നു എന്നും ഔദ്യോഗിക ഫലപ്രഖ്യാപനത്തിനുശേഷം അധികാരം കൈമാറാന്‍ ഒരുക്കമാണെന്നും സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. പുതിയ സര്‍ക്കാരുമായി എല്ലാതരത്തിലും സഹകരിക്കുമെന്നും അവര്‍ പറഞ്ഞു. അരനൂറ്റാണ്ട് കാലത്തെ സൈനിക ഭരണത്തിനു ശേഷമാണ് മ്യാന്‍മറില്‍ ജനാധിപത്യ രീതിയിലുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്.
Next Story

RELATED STORIES

Share it