മോഹന്‍ ഭാഗവതിന്റെ പ്രസ്താവന വിവാദമായി

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ സൈന്യം മാസങ്ങള്‍ കൊണ്ട് ചെയ്യുന്ന കാര്യങ്ങള്‍ക്ക് ആര്‍എസ്എസിനു മൂന്നു ദിവസം മതിയെന്ന ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി മോഹന്‍ ഭാഗവതിന്റെ വിവാദ പ്രസ്താവനയെ ചൊല്ലി വാക്‌പോര്. ഭാഗവത് രാജ്യത്തെ സൈനികരെയും ദേശീയ പതാകയെയും അപമാനിക്കുകയാണ് ചെയ്തതെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി അഭിപ്രായപ്പെട്ടു. മോഹന്‍ ഭാഗവതിന്റെ പ്രസംഗം ഓരോ ഇന്ത്യക്കാരനെയും അപമാനിക്കുന്നതാണ്. രാജ്യത്തിനു വേണ്ടി ജീവന്‍ വെടിഞ്ഞ സൈനികരോടുള്ള അനാദരവും ദേശീയപതാകയെ അപമാനിക്കലുമാണ്.  പതാകയെ സല്യൂട്ട് ചെയ്യുന്ന ഓരോ സൈനികനെയും അദ്ദേഹം അപമാനിച്ചു. നമ്മുടെ സൈന്യത്തെ നിന്ദിച്ച താങ്കളെ ഓര്‍ത്ത് ലജ്ജയുണ്ടെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. അതേസമയം, വിഷയം കോണ്‍ഗ്രസ് രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്നു കേന്ദ്രമന്ത്രി കിരണ്‍ റിജിജു അഭിപ്രായപ്പെട്ടു. എന്നാല്‍, ആര്‍എസ്എസ് മേധാവിയെ കേന്ദ്രമന്ത്രി ന്യായീകരിക്കുന്നതിനെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രെയ്ന്‍ വിമര്‍ശിച്ചു. റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചു സര്‍ക്കാരിനെ ആര്‍എസ്എസ് നിയന്ത്രിക്കുന്നു എന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു. സൈന്യത്തെ അപമാനിച്ച ഭാഗവത് രാജ്യത്തോട് മാപ്പു പറയണമെന്നു കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മയും ആവശ്യപ്പെട്ടു. ഭാഗവതിനെതിരേ പ്രതിഷേധം ഉയര്‍ന്നതോടെ പ്രതിരോധത്തിലായ ആര്‍എസ്എസ്  വിശദീകരണക്കുറിപ്പ് പുറത്തിറക്കി. മോഹന്‍ ഭാഗവത് നടത്തിയ പ്രസ്താവന വളച്ചൊടിക്കപ്പെട്ടതാണ് വിവാദങ്ങള്‍ക്ക് വഴിവച്ചതെന്നു കുറിപ്പില്‍ പറയുന്നു. സൈന്യത്തെയും ആര്‍എസ്എസിനെയും താരതമ്യം ചെയ്തല്ല അദ്ദേഹം സംസാരിച്ചതെന്ന് ആര്‍എസ്എസ് നേതാവ് മന്‍മോഹന്‍ വൈദ്യ പറഞ്ഞു. അടിയന്തര സാഹചര്യം വന്നാല്‍ ഭരണഘടന അനുവദിക്കുകയാണെങ്കില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ മൂന്നു ദിവസത്തെ പരിശീലനത്തിലൂടെ യുദ്ധത്തിനു പ്രാപ്തരാക്കാന്‍ കഴിയുമെന്നും സൈന്യത്തിന് അംഗങ്ങളെ യുദ്ധസജ്ജരാക്കാന്‍ ആറു മാസം വേണ്ടിവന്നേക്കുമെന്നാണ് അദ്ദേഹം ഉദ്ദേശിച്ചതെന്നും വൈദ്യ പറയുന്നു.കഴിഞ്ഞദിവസം ബിഹാര്‍ സന്ദര്‍ശനത്തിനിടെയായിരുന്നു ഭാഗവതിന്റെ വിവാദ പ്രസംഗം. “അതിര്‍ത്തിയില്‍ ആര്‍എസ്എസിനു സ്വന്തം പ്രവര്‍ത്തകരെ മൂന്നു ദിവസം കൊണ്ട് തയ്യാറെടുപ്പിക്കാനാവും. എന്നാല്‍, സൈന്യത്തിന് ആറുമുതല്‍ ഏഴു മാസം വരെ സമയമെടുക്കും. ഇതാണ് ഞങ്ങളുടെ കഴിവ്. ഭരണഘടന അനുവദിക്കുകയാണെങ്കില്‍ നിര്‍ണായക ഘട്ടത്തില്‍ മുന്‍നിരയില്‍ നിന്നു ശത്രുക്കള്‍ക്കെതിരേ പോരാടും’ എന്നായിരുന്നു മോഹന്‍ ഭാഗവതിന്റെ പരാമര്‍ശം.
Next Story

RELATED STORIES

Share it