Flash News

മോഹന്‍ ഭാഗവതിന്റെ പ്രസ്താവന ശരിയാണെന്ന് തെളിയിക്കാന്‍ ജനരക്ഷാ യാത്രയിലൂടെ സാധിക്കുമോ?:ബിജെപിയെ വെല്ലുവിളിച്ച് കോടിയേരി

മോഹന്‍ ഭാഗവതിന്റെ പ്രസ്താവന ശരിയാണെന്ന് തെളിയിക്കാന്‍ ജനരക്ഷാ യാത്രയിലൂടെ സാധിക്കുമോ?:ബിജെപിയെ വെല്ലുവിളിച്ച് കോടിയേരി
X


കണ്ണൂര്‍: ബിജെപിയെയും ആര്‍എസ്എസിനെയും വെല്ലുവിളിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളം രാഷ്ട്ര വിരുദ്ധ ശക്തികളുടെ നാടാണെന്ന ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതിന്റെ പ്രസ്താവന ശരിയാണെന്ന് തെളിയിക്കാന്‍ ജനരക്ഷാ യാത്രയിലൂടെ ബിജെപി-ആര്‍എസ്എസ് നേതാക്കള്‍ക്ക് സാധിക്കുമോയെന്ന് കോടിയേരി ചോദിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് കോടിയേരി വെല്ലുവിളി നടത്തിയത്. ഈ വെല്ലുവിളി ഏറ്റെടുക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി സംഘികള്‍ക്കുണ്ടോ എന്ന് കേരളം നിരന്തരം വീക്ഷിക്കുമെന്നും കോടിയേരി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.കേരളത്തില്‍ ജാഥ നടത്താനായി വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന ആര്‍ എസ് എസ് സംഘപരിവാര്‍ നേതാക്കള്‍ വെറുതെ ജാഥയില്‍ സഞ്ചരിച്ചാല്‍ മാത്രം പോര. കേരളത്തിന്റെ പ്രബുദ്ധതയും സാക്ഷരതയും ജീവിത നിലവാരവും ആരോഗ്യവും വികസനവും മതനിരപേക്ഷ ബോധവുമൊക്കെ മനസിലാക്കാനും ശ്രമിക്കണമെന്നും കോടിയേരി പറഞ്ഞു.യഥാര്‍ത്ഥത്തില്‍ ബി ജെ പിയുടെ ഈ ജാഥയ്ക്ക് ജനരക്ഷായാത്ര എന്നുള്ള പേരല്ല ചേരുക. ജനങ്ങളെ നിരന്തരം ദ്രോഹിക്കുന്ന ബി ജെ പി സര്‍ക്കാരിന്റെ വക്താക്കളുടെ ജാഥയായതുകൊണ്ട് ജനദ്രോഹജാഥ എന്ന് പേര് മാറ്റുന്നതാവും ഔചിത്യമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കേരളത്തില്‍ ജാഥ നടത്താനായി വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന ആര്‍ എസ് എസ് സംഘപരിവാര്‍ നേതാക്കള്‍ വെറുതെ ജാഥയില്‍ സഞ്ചരിച്ചാല്‍ മാത്രം പോര. കേരളത്തിന്റെ പ്രബുദ്ധതയും സാക്ഷരതയും ജീവിത നിലവാരവും ആരോഗ്യവും വികസനവും മതനിരപേക്ഷ ബോധവുമൊക്കെ മനസിലാക്കാനും ശ്രമിക്കണം. ഈ നാട്ടിലെ ദളിത്ആദിവാസി വിഭാഗങ്ങള്‍ മനുസ്മൃതിയെ ഭയക്കാതെ, സംഘിസേനകളുടെ ആക്രമണങ്ങളെ ഭയക്കാതെ നട്ടെല്ലുയര്‍ത്തി ജീവിക്കുന്നതും കാണാന്‍ സംഘിനേതാക്കള്‍ തയ്യാറാവണം. ചിലപ്പോള്‍ കേരളത്തിലെ ഈ ജാഥ, അമിത്ഷാ അടക്കമുള്ള സംഘിനേതാക്കള്‍ക്ക് മാനവീകതയെ പറ്റിയുള്ള അവബോധത്തിന് ഉപകരിച്ചേക്കും.


കേരളത്തില്‍ ജാഥ നടത്തുന്ന ആര്‍ എസ് എസ്  ബി ജെ പി നേതാക്കളെ ഈ അവസരത്തില്‍ വെല്ലുവിളിക്കുകയാണ്. ആര്‍ എസ് എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് പറഞ്ഞത് കേരളം രാഷ്ട്രവിരുദ്ധ ശക്തികളുടെയും ജിഹാദികളുടെയും സ്വാധീനമുള്ള സ്ഥലമാണെന്നാണല്ലൊ. ഈ യാത്ര കഴിയുമ്പോഴേക്ക് മോഹന്‍ ഭാഗവതിന്റെ പ്രസ്താവന ശരിയാണെന്ന് തെളിയിക്കാന്‍ ആര്‍ എസ് എസ്  ബി ജെ പി സംഘപരിവാരത്തിന് സാധിക്കുമോ? ഈ വെല്ലുവിളി ഏറ്റെടുക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി സംഘികള്‍ക്കുണ്ടോ എന്ന് പ്രബുദ്ധകേരളം നിരന്തരം വീക്ഷിക്കും.

കേരളം ഹിന്ദുക്കള്‍ക്ക് താമസിക്കാന്‍ പറ്റാത്ത നാടാണെന്നാണ് ആര്‍ എസ് എസ് ബി ജെ പി നേതാക്കളുടെ പ്രസ്താവനകളിലൂടെ സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്നത്. ആര്‍ എസ് എസ് ആചാര്യനായ പി പരമോശ്വരന്‍ നവതിയാഘോഷിച്ച് വിശ്രമജീവിതം നയിക്കുന്നത് ഈ കേരളത്തിലാണ്. അദ്ദേഹം ഇന്നുവരെ തനിക്ക് ജീവിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞിട്ടില്ല. ഇത്തരത്തിലുള്ള പ്രസ്താവനകള്‍ കേരളത്തിന് പുറത്തുള്ള സംഘികള്‍ നിരന്തരം പറയുന്നത് കേരളത്തില്‍ ന്യൂനപക്ഷ വിഭാഗങ്ങളെ സംരക്ഷിക്കുന്ന സിപിഐ എം എന്ന പാര്‍ട്ടിയെ കണ്ട് വിറളിപിടിച്ചാണ്. ന്യൂനപക്ഷങ്ങളെയും ദളിത്ആദിവാസി വിഭാഗങ്ങളെയും കൊന്നുതള്ളാനും അവരെ കലാപത്തിലേക്ക് വലിച്ചിഴയ്ക്കാനും സാധിക്കാത്തത് കേരളത്തില്‍ ഇടതുപക്ഷം ശക്തിയാര്‍ജ്ജിച്ചു നില്‍ക്കുന്നത് കൊണ്ടാണെന്ന്‌സംഘികള്‍ക്ക് നന്നായി അറിയാം.


പെട്രോള്‍ഡീസല്‍മണ്ണെണ്ണ വില വര്‍ധനവിനെ കുറിച്ച്, ജി എസ് ടിയെകുറിച്ച്, നോട്ട് നിരോധനത്തെ കുറിച്ച്, തൊഴിലിനെ കുറിച്ച്... ജാഥയില്‍ സംസാരിക്കാന്‍ സംഘിനേതാക്കള്‍ക്ക് ധൈര്യമുണ്ടോ എന്ന് ജനങ്ങള്‍ പരിശോധിക്കും. യഥാര്‍ത്ഥത്തില്‍ ബി ജെ പിയുടെ ഈ ജാഥയ്ക്ക് ജനരക്ഷായാത്ര എന്നുള്ള പേരല്ല ചേരുക. ജനങ്ങളെ നിരന്തരം ദ്രോഹിക്കുന്ന ബി ജെ പി സര്‍ക്കാരിന്റെ വക്താക്കളുടെ ജാഥയായതുകൊണ്ട് ജനദ്രോഹജാഥ എന്ന് പേര് മാറ്റുന്നതാവും ഔചിത്യം. ഗാര്‍ഹികോപയോഗത്തിനുള്ള പാചക വാതകത്തിന്റെ വിലയില്‍ 49 രൂപ വര്‍ധിപ്പിച്ചയുടന്‍ കേരളത്തില്‍ വന്ന് ജാഥയ്ക്കിറങ്ങുന്ന അമിത് ഷായെ കേരളത്തിലെ വീട്ടമ്മമാര്‍ ജനദ്രോഹി എന്നായിരിക്കും വിശേഷിപ്പിക്കുക.
Next Story

RELATED STORIES

Share it