മോഹന്‍ ഭാഗവതിന്റെ കണ്ണൂര്‍ സന്ദര്‍ശനം: വെള്ളാപ്പള്ളിക്കു വേണ്ടിയെന്ന് സിപിഎം; അന്വേഷിക്കണമെന്ന് ഡിവൈഎഫ്‌ഐ

കണ്ണൂര്‍: ആര്‍എസ്എസ് സര്‍സംഘ്ചാലക് മോഹന്‍ ഭാഗവതിന്റെ കണ്ണൂരിലെ രഹസ്യ സന്ദര്‍ശനത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ്. എന്നാല്‍, വെള്ളാപ്പള്ളി നടേശന്റെ സമത്വ മുന്നേറ്റ യാത്ര വിജയിപ്പിക്കാനും ജാതിസംഘടനകളില്‍ നുഴഞ്ഞുകയറിയുള്ള പദ്ധതി തയ്യാറാക്കാനുമാണ് മോഹന്‍ ഭാഗവത് എത്തിയതെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ ആരോപിച്ചു.
കഴിഞ്ഞ രണ്ടു ദിവസമായി ചിറക്കല്‍ കടലായി ശ്രീകൃഷ്ണ ഓഡിറ്റോറിയത്തില്‍ നടന്ന സമന്വയ ബൈഠക്കിനെതിരേയാണ് ഇരുവരും രംഗത്തെത്തിയത്. വെള്ളാപ്പള്ളിയുടെ സമത്വ നിലപാടിനോട് ആര്‍എസ്എസിന്റെ നിലപാട് വിരുദ്ധമാണ്. ഗോള്‍വാള്‍ക്കറുടെ ഗ്രന്ഥത്തില്‍ സമത്വമെന്നാല്‍ പ്രകൃതിക്ക് കടകവിരുദ്ധമാണെന്നാണു പറയുന്നത്. ശ്രീനാരായണഗുരുവിനെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്ത കച്ചവടക്കാരനാണ് വെള്ളാപ്പള്ളി. ബിജെപി ഭരിക്കുമ്പോഴെല്ലാം അദ്ദേഹത്തിന് ഉണര്‍വുണ്ടാവാറുണ്ട്. 2003ല്‍ മലബാര്‍ മഹാസംഗമം നടത്തി തിയ്യസമുദായക്കാരെ ആര്‍എസ്എസ് ക്യാംപിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇത്തവണയും വെള്ളാപ്പള്ളി പരാജയപ്പെടും. വെള്ളാപ്പള്ളിയുടെ യാത്രയെ ശ്രീനാരായണീയര്‍ എതിര്‍ക്കണമെന്നും പി ജയരാജന്‍ ആവശ്യപ്പെട്ടു.
ആര്‍എസ്എസിന്റെ ദേശീയ നേതാവ് എന്തിനാണു വന്നതെന്നോ എന്താണ് പരിപാടിയെന്നോ ആര്‍ക്കുമറിയില്ലെന്ന് സ്വരാജ് പറഞ്ഞു. മാധ്യമങ്ങളെപ്പോലും മുഖംകാണിച്ചിട്ടില്ല. ഉത്തരേന്ത്യന്‍ മോഡലില്‍ കേരളത്തില്‍ വര്‍ഗീയാതിക്രമങ്ങള്‍ ആസൂത്രണം ചെയ്യാനാണ് അദ്ദേഹം കണ്ണൂരിലെത്തിയത്. പദ്ധതിക്ക് അന്തിമ രൂപം നല്‍കാനുള്ള ഗൂഢാലോചനയാണ് കണ്ണൂരില്‍ നടന്നത്. നേരായ വഴിയില്‍ അധികാരത്തിലെത്താന്‍ കഴിയാത്തതിനാല്‍ ആര്‍എസ്എസ് വളഞ്ഞ വഴി ഉപയോഗിക്കുകയാണ്.
വെള്ളാപ്പള്ളി നടേശന്‍ നടത്തുന്ന സമത്വ മുന്നേറ്റ യാത്ര ആര്‍എസ്എസിന് ഉപഷാപ്പുകള്‍ തുറക്കാന്‍ വേണ്ടിയാണ്. വെള്ളാപ്പള്ളിക്ക് ആര്‍എസ്എസിലോ അല്‍ഖാഇദയിലോ ചേരാനുള്ള സ്വാതന്ത്ര്യമുണ്ട്. അത് ശ്രീനാരായണഗുരുവിന്റെ ചെലവിലാവരുതെന്നു മാത്രം. ഗുരു കേരളം കണ്ട നവോത്ഥാന നേതാക്കളില്‍ പ്രധാനിയാണ്.
ഗുരുവിന്റെ ആശയങ്ങളോട് വെള്ളാപ്പള്ളി വഞ്ചന കാട്ടുകയാണ്. എസ്എന്‍ഡിപിയുടെ നേതൃസ്ഥാനത്ത് തുടരാന്‍ അദ്ദേഹത്തിന് ധാര്‍മികമായി അര്‍ഹതയില്ല. എസ്എന്‍ഡിപിയുടെ ഭാരവാഹിസ്ഥാനം വെള്ളാപ്പള്ളി രാജിവയ്ക്കണമെന്നും സ്വരാജ് ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ പി എ മുഹമ്മദ് റിയാസ്, ബിജു കണ്ടക്കൈ, ബിനോയ് കുര്യന്‍, പി സന്തോഷ് പങ്കെടുത്തു.
Next Story

RELATED STORIES

Share it