Flash News

മോഹന്‍ലാലിനെതിരേ ത്വരിതാന്വേഷണം വേണ്ടെന്ന് ഹൈക്കോടതി



കൊച്ചി: ആനക്കൊമ്പ് കൈവശം വച്ച കേസില്‍ ചലച്ചിത്ര നടന്‍ മോഹന്‍ലാലിനെതിരേ ത്വരിതാന്വേഷണം നടത്തണമെന്ന വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടില്ലാത്തതിനാല്‍ ഇത്തരത്തില്‍ വിജിലന്‍സ് കോടതിക്ക് ഉത്തരവിടാന്‍ അധികാരമില്ലെന്നും കോടതി ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് മോഹന്‍ലാല്‍ നല്‍കിയ ഹരജിയാണ് കോടതി അനുവദിച്ചത്.മോഹന്‍ലാലിനെ കൂടാതെ മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉള്‍പ്പെടെ പത്തു പേരെ എതിര്‍കക്ഷികളാക്കിയാണ് ഉദ്യോഗമണ്ഡല്‍ സ്വദേശി പൗലോസ് വിജിലന്‍സ് കോടതിയില്‍ പരാതി നല്‍കിയിരുന്നത്. എന്നാല്‍, എതിര്‍കക്ഷികളില്‍ നിന്ന് ചിലരെ ഒഴിവാക്കി തിരുവഞ്ചൂര്‍ രാധാകൃഷ്ണും മോഹന്‍ലാലിനുമെതിരേ ത്വരിതാന്വേഷണം നടത്താനാണ് വിജിലന്‍സ് കോടതി ഉത്തരവിട്ടത്. ഈ നടപടിയാണ് മോഹന്‍ലാല്‍ ചോദ്യം ചെയ്തത്. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ലൈസന്‍സുള്ളതിനാലാണ് ആനക്കൊമ്പ് കൈവശം സൂക്ഷിച്ചിട്ടുള്ളതെന്നും മോഹന്‍ലാല്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കൊച്ചിയിലെ വസതിയില്‍ നിന്നു കണ്ടെടുത്ത ആനക്കൊമ്പുകളുടെ കാര്യത്തില്‍ നിയമപരിരക്ഷ ഉറപ്പാക്കി ഉത്തരവ് പുറപ്പെടുവിച്ച സാഹചര്യം ചൂണ്ടിക്കാട്ടി മോഹന്‍ലാലിനെതിരേ നേരത്തേ കോടതിയില്‍ നിലനിന്നിരുന്ന ഹരജി തീര്‍പ്പാക്കിയിരുന്നു. അനധികൃതമായി ആനക്കൊമ്പുകള്‍ കൈവശം സൂക്ഷിച്ചതിന് 2012ലാണ് വനം വകുപ്പ് മോഹന്‍ലാലിനെതിരേ കേസെടുത്തത്. കേസെടുത്തതിനു ശേഷം മോഹന്‍ലാലിന് ആനക്കൊമ്പുകള്‍ വിട്ടുനല്‍കിയ മജിസ്‌ട്രേറ്റിന്റെ ഉത്തരവ് ചോദ്യം ചെയ്തായിരുന്നു നേരത്തേയുണ്ടായിരുന്ന ഹരജി.
Next Story

RELATED STORIES

Share it